ശോഭന-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ സിനിമയാണ് തുടരും. ഈയിടെ ഇറങ്ങിയ മറ്റൊരു സിനിമയ്ക്കും കിട്ടാത്തത്ര ജനപ്രീതി തുടരും എന്ന സിനിമയ്ക്ക് കിട്ടിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയത് കെ. ആർ. സുനിലും തരുൺ മൂർത്തിയും ചേർന്നാണ്. ചിത്രം തിയേറ്ററിലെത്തിയത് മുതല്‍ മികച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
മോഹൻലാലിൻ്റെ തിരിച്ചുവരവാണ് തുടരും സിനിമയെന്നാണ് പ്രേക്ഷകരെല്ലാവരും പറയുന്നത്. ഇപ്പോഴിതാ ആഗോളതലത്തില്‍ ആകെ 100 കോടിയിലധികം ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. വിദേശ ബോക്സ് ഓഫീസില്‍ നിന്നും 54 കോടിയാണ് ഒരാഴ്ച കൊണ്ട് സിനിമ സ്വന്തമാക്കിയത്. റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം.
വേഗത്തിൽ കേരള ബോക്സ് ഓഫീസിൽ നിന്നും 50 കോടി നേടുന്ന സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് തുടരും സിനിമ. ലിസ്റ്റിൽ ഒന്നാമത് മോഹൻലാലിൻ്റെ തന്നെ എമ്പുരാനാണ്. അഞ്ച് ദിവസം കൊണ്ടാണ് എമ്പുരാന്‍ കേരളത്തില്‍ നിന്ന് 50 കോടി നേടിയത്.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകരെല്ലാവരും ഒരുപോലെ കാത്തിരുന്ന സിനിമയായിരുന്നു തുടരും. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിക്കുകയും പിന്നീട് ബുക്കിങ്ങില്‍ വലിയ കുതിപ്പുണ്ടാക്കുകയും ചെയ്തിരുന്നു.
പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ഇർഷാദ് അലി, തോമസ് മാത്യു, കൃഷ്ണ പ്രഭ എന്നിവരാണ് ചിത്രത്തിൽ ശോഭന, മോഹൻലാൽ എന്നിവരെകൂടാതെയുള്ള താരനിര.
ഷണ്‍മുഖൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ലളിത എന്ന തമിഴ് പശ്ചാത്തലമുള്ള കഥാപാത്രമായി ശോഭനയും വേഷമിട്ടു.
ജേക്സ് ബിജോയ് ആണ് ചിത്രത്തിൻ്റ സംഗീതം, പശ്ചാത്തലസംഗീതം എന്നിവ നിർവഹിച്ചിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ചിത്രം നിർമിച്ചത്. ഷാജി കുമാർ ചിത്രത്തിൻ്റെ ഛായാഗ്രഹണവും അന്തരിച്ച നിഷാദ് യൂസഫ്, ഷഫീഖ് വി.ബി എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഏപ്രിൽ 25നാണ് ചിത്രം റിലീസ് ചെയ്തത്.
Content Highlight: Thudarum Movie Crossed 100 Crores