തിരുവനന്തപുരം: കേന്ദ്ര ഭരണത്തെയും വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്.

നിങ്ങളുടെ വികസന മാതൃകകള്‍ക്ക് എതിരാണെന്ന് കരുതി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം തരില്ല എന്നൊന്നും പറഞ്ഞേക്കരുത് അത് നിങ്ങളുടെ ഔദാര്യമല്ലെന്നും സംസ്ഥാനങ്ങളുടെ നികുതിപ്പണത്തിന്റെ വിഹിതമാണെന്നും തോമസ് ഐസക്ക് ഓര്‍മ്മപ്പെടുത്തി.

നികുതിപ്പണത്തിന്റെ വിഹിതം തരാതിരിക്കണമെങ്കില്‍ ഭരണടന തിരുത്തി എഴുതണം നിങ്ങളുടെ ലക്ഷ്യം അതാണെന്ന് അറിയാമെങ്കിലും നടക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.


Also Read ‘ഹാര്‍ദ്ദികിനും ജിഗ്നേഷിനും നിശബ്ദരാകാന്‍ കഴിയില്ല; ലോകത്തിലെ മൊത്തം സമ്പത്തിനു പോലും ഗുജറാത്തിന്റെ ശബ്ദത്തെ വാങ്ങാന്‍ സാധിക്കില്ല’; രാഹുല്‍ ഗാന്ധി


ഏതാണ് നിങ്ങളുടെ വികസനമാതൃക? സാമ്പത്തികവളര്‍ച്ചയും ക്ഷേമപദ്ധതികളുമില്ലാത്ത മധ്യപ്രദേശും രാജസ്ഥാനുമൊക്കെയാണോ? അതോ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടും തരിമ്പും ജനക്ഷേമ നടപടികളില്ലാത്ത ഗുജറാത്തോ? ഞങ്ങള്‍ക്കിതു രണ്ടും സ്വീകാര്യമല്ല.അദ്ദേഹം വ്യക്തമാക്കി.

നിങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് സ്വപ്നത്തില്‍പോലും ചിന്തിക്കാന്‍ പറ്റാത്ത വിദ്യാഭ്യാസ ആരോഗ്യാദി ക്ഷേമസൌകര്യങ്ങള്‍ കേരളത്തിലുണ്ട്. അതുകൊണ്ട് നിങ്ങളാണ് ഞങ്ങളെ മാതൃകയാക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ജനക്ഷേമപദ്ധതികള്‍ വേണ്ടുവോളമുണ്ടായിരുന്നെങ്കിലും സാമ്പത്തികവളര്‍ച്ചയില്ല എന്നൊരു ആക്ഷേപം നേരത്തെ കേരളത്തിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ആ വിമര്‍ശനത്തിനും ഇന്നു സാംഗത്യമില്ല. മൂന്നു പതിറ്റാണ്ടോളമായി കേരളം ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ്. ഈ വളര്‍ച്ച ഗുജറാത്തിനെക്കാള്‍ മെച്ചപ്പെടുത്താന്‍ കഴിയുമോ എന്നാണ് ഇന്നു ഞങ്ങള്‍ നോക്കുന്നത്.ഐസക്ക് പറഞ്ഞു.


Also Read പലിശക്കാരുടെ പീഡനത്തില്‍ നിന്നും സംരക്ഷണം നല്‍കിയില്ല; തിരുനെല്‍വേലി കലക്ടറേറ്റിന് മുന്നില്‍ നാലംഗ കുടുംബം തീകൊളുത്തി


പക്ഷേ ജനങ്ങളുടെ ക്ഷേമം മറന്നുകൊണ്ടുള്ള ഗുജറാത്ത് മോഡല്‍ ഞങ്ങള്‍ക്കു വേണ്ടേ എന്നും ഐസക്ക് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര നയങ്ങളെ വിമര്‍ശിക്കരുതെന്ന മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാന്യനായ മോദിജീ,
സംശയമൊന്നും വേണ്ട. നിങ്ങളുടെ വികസന മാതൃകയ്ക്ക് ഞങ്ങള്‍ എതിരാണ്. എന്നുവെച്ച് ഞങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം തരില്ല എന്നൊന്നും പറഞ്ഞേക്കരുത്. അതൊന്നും നിങ്ങളുടെ ഔദാര്യമല്ല. ഞങ്ങളുടെ അവകാശമാണ്. ഞങ്ങളും കൂടിയൊടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതമാണ്. അതു തരാതിരിക്കണമെങ്കില്‍ ഭരണഘടന തിരുത്തിയെഴുതണം. അതാണ് നിങ്ങളുടെ ലക്ഷ്യമെന്നറിയാം. പക്ഷേ നടക്കില്ല.
ഏതാണ് നിങ്ങളുടെ വികസനമാതൃക? സാമ്പത്തികവളര്‍ച്ചയും ക്ഷേമപദ്ധതികളുമില്ലാത്ത മധ്യപ്രദേശും രാജസ്ഥാനുമൊക്കെയാണോ? അതോ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടും തരിമ്പും ജനക്ഷേമ നടപടികളില്ലാത്ത ഗുജറാത്തോ? ഞങ്ങള്‍ക്കിതു രണ്ടും സ്വീകാര്യമല്ല.
നിങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് സ്വപ്നത്തില്‍പോലും ചിന്തിക്കാന്‍ പറ്റാത്ത വിദ്യാഭ്യാസ ആരോഗ്യാദി ക്ഷേമസൌകര്യങ്ങള്‍ കേരളത്തിലുണ്ട്. അതുകൊണ്ട് നിങ്ങളാണ് ഞങ്ങളെ മാതൃകയാക്കേണ്ടത്.
ജനക്ഷേമപദ്ധതികള്‍ വേണ്ടുവോളമുണ്ടായിരുന്നെങ്കിലും സാമ്പത്തികവളര്‍ച്ചയില്ല എന്നൊരു ആക്ഷേപം നേരത്തെ കേരളത്തിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ആ വിമര്‍ശനത്തിനും ഇന്നു സാംഗത്യമില്ല. മൂന്നു പതിറ്റാണ്ടോളമായി കേരളം ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ്. ഈ വളര്‍ച്ച ഗുജറാത്തിനെക്കാള്‍ മെച്ചപ്പെടുത്താന്‍ കഴിയുമോ എന്നാണ് ഇന്നു ഞങ്ങള്‍ നോക്കുന്നത്.
പക്ഷേ, പ്രിയപ്പെട്ട പ്രധാനമന്ത്രീ….
ജനങ്ങളുടെ ക്ഷേമം മറന്നുകൊണ്ടുള്ള ഗുജറാത്ത് മോഡല്‍ ഞങ്ങള്‍ക്കു വേണ്ടേ വേണ്ട.