തിരുവനന്തപുരം: ഇതിനു മുമ്പും എസ്.ഐ.ആര്‍ നടത്തിയിട്ടുണ്ടെന്ന ബി.ജെ.പിയുടെ വാദത്തിന് മറുപടിയുമായി സി.പി.ഐ.എം നേതാവ് തോമസ് ഐസക്ക്. പേര് ഒന്നാണെങ്കിലും ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇതുവരെ നടക്കാത്ത കാര്യങ്ങളാണെന്നും രാജ്യത്ത് ഇപ്പോഴത്തെ എസ്.ഐ.ആര്‍ നടപടിയെക്കുറിച്ച് ഐസക്ക് പറഞ്ഞു.
മുന്‍കാലങ്ങളില്‍ ഒരു വോട്ടറെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെങ്കില്‍ വ്യക്തമായ തെളിവു വേണമായിരുന്നു. അതല്ലെങ്കില്‍ ഇതു സംബന്ധിച്ച് എഴുതിയുള്ള ആക്ഷേപം വേണം. ആക്ഷേപം നല്‍കുന്ന ആളിന്റെ ചുമതലയാണ് അത് തെളിയിക്കുക എന്നുള്ളത്. എന്നാല്‍ ഗ്യാനേഷ് കുമാര്‍ ഇതാകെ മാറ്റി. യാഥാര്‍ത്ഥ്യം തെളിയിക്കാനുള്ള ചുമതല വോട്ടറുടേതാക്കി മാറ്റിയെന്ന് ഐസക്ക് ചൂണ്ടിക്കാട്ടി.
എന്തെങ്കിലും തൊടുന്യായം പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്ന് ആളെ മാറ്റും, പിന്നെ വസ്തുത തെളിയിക്കല്‍ വോട്ടര്‍മാരുടെ പാടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരും ആക്ഷേപം നല്‍കിയില്ലെങ്കിലും 2002-2004-ലെ പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലെങ്കില്‍ നീക്കം ചെയ്യും. സ്വന്തം പേരിലോ അച്ഛന്റെ പേരിലോ എന്തെങ്കിലും സ്‌പെല്ലിംഗ് മിസ്റ്റേക്ക് മതി നീക്കം ചെയ്യാന്‍. അതിനൊരു സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതുപോലെ ആറ്, ഏഴ് കാരണങ്ങള്‍വച്ച് 13 കോടി ആളുകളെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ഒരുകാലത്തും ഇങ്ങനെ നടന്നിട്ടില്ലെന്നും സി.പി.ഐ.എം നേതാവ് പറഞ്ഞു.
‘നീക്കം ചെയ്തവര്‍ പിന്നെ തെളിവുകള്‍ ഹാജരാക്കണം. തെളിവുകളാകട്ടെ പൗരത്വം തെളിയിക്കാന്‍ രേഖകളാണുതാനും. സാധാരണ പൗരര്‍ക്ക് ഇതിന്റെ രേഖകളെല്ലാം ഹാജരാക്കുക വളരെ പ്രയാസമാണ്. ഒരുകാലത്തും പൗരത്വവും വോട്ടര്‍ പട്ടികയും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ല. ഇനിയിപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലെങ്കില്‍ റേഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ലായെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതോടെ പ്രശ്‌നംകൂടുതല്‍ സങ്കീര്‍ണ്ണമായി.
മുന്‍കാലങ്ങളില്‍ 6-8 മാസംകൊണ്ടാണ് വോട്ടര്‍ പട്ടികയില്‍ തീവ്രപരിഷ്‌കരണം നടത്തിയിരുന്നത്. ഇപ്പോള്‍ ഏറിയാല്‍ മൂന്ന് മാസം. സുപ്രിം കോടതി കനിയണം ഇത് നീട്ടിക്കിട്ടണമെങ്കില്‍. തീര്‍ന്നില്ല, മുമ്പ് ഒരുകാലത്തും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത് നടത്താറില്ല.
ഇപ്പോള്‍ തീവ്രപരിഷ്‌കരണം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. വോട്ടര്‍മാരെ കൂട്ടത്തോടെ നീക്കം ചെയ്യുന്നു. തെരഞ്ഞെടുപ്പിന് മുമ്പും നീക്കം ചെയ്തവരില്‍ ചെറിയൊരു ശതമാനത്തിനു മാത്രമേ വീണ്ടും പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിയൂ. അങ്ങനെ ഇഷ്ടമില്ലാത്തവര്‍ക്ക് വോട്ട് നിഷേധിക്കുന്ന പരിപാടിയായി ഇതുമാറി,’ ഐസക്ക് കുറിച്ചു.
ബി.എല്‍.ഒമാര്‍ക്കും ഇ.ആര്‍.ഒമാര്‍ക്കും രേഖകള്‍ ഹാജരാക്കുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവകാശമില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.എല്‍.ഒമാര്‍ക്കും ഇ.ആര്‍.ഒമാര്‍ക്കും സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടുത്തേണ്ടവരുടെ ലിസ്റ്റ് അയക്കാം. ഉള്‍പ്പെടുത്തണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത് ദല്‍ഹിയില്‍ ഇരിക്കുന്ന സീമ ഖന്ന എന്ന ഉദ്യോഗസ്ഥയാണ്. അവരുടെ നേതൃത്വത്തിലാണ് അതൊക്കെ തീരുമാനിക്കുന്നതെന്ന് ഗോവയിലെ വോട്ടര്‍ പരിഷ്‌കരണത്തിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ഐസക്ക് ചൂണ്ടിക്കാട്ടി.
18 വയസ് പൂര്‍ത്തിയായ യുവജനങ്ങള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസം മുമ്പ് വര്‍ഷത്തില്‍ നാല് തവണയുണ്ടായിരുന്നു. ഇപ്പോള്‍ കുറച്ചുനാളായി അതൊന്നും നടക്കുന്നില്ല. ജെന്‍സീ അപകടകാരികളാണെന്നാണ് ബി.ജെ.പിയുടെ വാദം. അതുകൊണ്ട് പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോറം ആറ് അനധികൃതമായി ഭേദഗതി ചെയ്‌തെന്നും ഐസക്ക് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് അംഗങ്ങളെ മറികടന്ന് ഗ്യാനേഷ് കുമാറാണ് ഈ തീരുമാനങ്ങളെടുത്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ‘ആരാണ് ഗ്യാനേഷ് കുമാറിന് ഇതിനുള്ള ധൈര്യം നല്‍കിയത്? അവിടെയാണ് അമിത് ഷായും മോദിയും വരുന്നത്,’ ഐസക്ക് പറഞ്ഞു.
‘ജനാധിപത്യത്തെ പരിപൂര്‍ണ്ണമായും തകര്‍ക്കുന്നതിനു മുമ്പ് ആദ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണെ ഇറക്കിവിടണം. പിന്നാലെ 2029-ലെ ബിജെപിയേയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് അട്ടിമറിയെ കുറിച്ചുള്ള തന്റെ നേരത്തെയുള്ള ഫേസ്ബുക്ക് പോസ്റ്റ് മെറ്റ നീക്കം ചെയ്‌തെന്നും ഐസക്ക് പറഞ്ഞു.
‘ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തില്‍ എങ്ങനെയാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുന്നത് എന്നതിനെക്കുറിച്ചുള്ള രാവിലത്തെ പോസ്റ്റ് മെറ്റ നീക്കം ചെയ്തിരുന്നു.
ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് സംവിധാനത്തെയും അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെ ഇനിയും പ്രതികരിക്കും,’ ഐസക്ക് കുറിച്ചു.
Content Highlight: Thomas Issac Critisizing Gyanesh Kumar on SIR
