പ്രഭാസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രോജക്ട് കെ. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണാണ് നായികയാവുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇന്നാണ് പുറത്ത് വന്നത്. 2024 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ്. ഭീമാകാരനായ കൈക്ക് നേരെ തോക്ക് ചൂണ്ടി നില്‍ക്കുന്ന മൂന്ന് പേരെയാണ് റിലീസ് ഡേറ്റിനൊപ്പം കൊടുത്ത പോസ്റ്ററില്‍ കാണുന്നത്.

പ്രോജക്ട് കെയുടെ റിലീസ് ഡേറ്റ് പുറത്ത് വന്നതിനൊപ്പം മറ്റൊരു ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിക്കുകയാണ്. ചിത്രത്തില്‍ പ്രഭാസിനൊപ്പം ദുല്‍ഖര്‍ സല്‍മാനും എത്തുന്നുണ്ടോ എന്ന ചര്‍ച്ചയാണ് സജീവമാകുന്നത്. തോക്ക് ചൂണ്ടി നില്‍ക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ക്ക് ദുല്‍ഖറിന്റെ ഛായ ഉള്ളതാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്.

ചിത്രം നിര്‍മിക്കുന്നത് വൈജയന്തി മൂവീസ് ആണെന്നുള്ളതാണ് മറ്റൊരു കാരണം. നിര്‍മാണ കമ്പനിയുടെ മഹാനടിയിലെ പ്രധാനകഥാപാത്രങ്ങളിലൊന്ന് ദുല്‍ഖറായിരുന്നു. സീതാ രാമം നിര്‍മിച്ചതും വൈജയന്തി തന്നെ. അതിനാല്‍ തന്നെ വൈജയന്തി നിര്‍മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറെത്താന്‍ 50 ശതമാനമെങ്കിലും സാധ്യയുണ്ടെന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പറയുന്നു.

ദുല്‍ഖര്‍ പ്രോജക്ട് കെയിലുണ്ടാകുമെന്ന തരത്തില്‍ മുമ്പ് ദേശീയ, തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പ്രോജക്ട് കെയുടെ സെറ്റില്‍ ദുല്‍ഖര്‍ എത്തിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്തായാലും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

അഭിലാഷ് ജോഷി ചിത്രം കിങ് ഓഫ് കൊത്തയുടെ അണിയറയിലാണ് നിലവില്‍ ദുല്‍ഖര്‍. ഈ വര്‍ഷം ഓണം റിലീസായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

പ്രോജക്ട് കെയ്ക്ക് പുറമേ പ്രശാന്ത് നീലിന്റെ സലാര്‍, ഓം റൗട്ടിന്റെ ആദിപുരുഷ് എന്നിവയാണ് പ്രഭാസിന്റെ പുതിയ ലൈനപ്പുകള്‍. പൃഥ്വിരാജ് സുകുമാരനും സലാറില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: There is a discussion whether Dulquer Salmaan is coming along with Prabhas in project k