അനാവശ്യമായ കാമിയോ, ഒട്ടും ലോജിക്കില്ല; ചര്‍ച്ചയായി വിത്ത് ലവിലെ ടൂറിസ്റ്റ് ഫാമിലിയുടെ എന്‍ട്രി
Indian Cinema
അനാവശ്യമായ കാമിയോ, ഒട്ടും ലോജിക്കില്ല; ചര്‍ച്ചയായി വിത്ത് ലവിലെ ടൂറിസ്റ്റ് ഫാമിലിയുടെ എന്‍ട്രി
ഐറിന്‍ മരിയ ആന്റണി
Wednesday, 11th March 2026, 2:05 pm

ഒ.ടി.ടി റിലീസിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി മാറുകയാണ് നവാഗതനായ മദന്‍ രചനയും സംവിധാനവും നിര്‍വഹിച്ച വിത്ത് ലവ്. ടൂറിസ്റ്റ് ഫാമിലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ അബിഷന്‍ ജീവിന്തും മലയാളി താരം അനശ്വര രാജനും ഒന്നിക്കുന്നുവെന്നത് തന്നെയായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണം.

സ്‌കൂള്‍ കാലഘട്ടത്തില്‍ പറയാനാകാതെ പോയ പ്രണയം വീണ്ടും പറയാന്‍ ശ്രമിക്കുന്ന നായകന്റെയും നായികയുടെയും കഥയാണ് വിത്ത് ലവ് പറയുന്നത്. സിനിമയില്‍ സത്യ എന്ന കഥാപാത്രത്തെയാണ് അബിഷന്‍ അവതരിപ്പിക്കുന്നത്, മോനിഷയായാണ് അനശ്വരയെത്തുന്നത്.

സ്‌കൂള്‍കാലഘട്ടത്തിലെ ആദ്യ പ്രണയത്തിന്റെ ഓര്‍മകളും മറ്റുമായി നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്ന് ഒ.ടി.ടി റിലീസ് ശേഷവും അഭിപ്രായങ്ങള്‍ നിറയുന്നുണ്ട്. സിനിമയിലെ അഭിനേതാക്കളുടെ പെര്‍ഫോമന്‍സിന് മികച്ച പ്രതിരണങ്ങളുണ്ടായിരുന്നു.

എന്നാല്‍ ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച ഒന്നായിരുന്നു ശശികുമാറിന്റെയും കമലേഷിന്റയെും എന്‍ട്രി. ടൂറിസ്റ്റ് ഫാമിലിയിലെ ദര്‍മദാസും മുരളിയും അപ്രതീക്ഷിതമായി സ്‌ക്രീനില്‍ വന്നതില്‍ പ്രേക്ഷകരും സര്‍പ്രൈസ്ഡായിരുന്നു. തിയേറ്ററില്‍ മികച്ച കയ്യടികള്‍ ഏറ്റ് വാങ്ങിയ സീന്‍ ഒ.ടി.ടിയിലും ചര്‍ച്ചയായി മാറുകയാണ്.

രണ്ട് മണിക്കൂറില്‍ അധികം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏകദേശം ഒരു മിനിറ്റില്‍ താഴെ മാത്രമാണ് ഈ കാമിയോ എത്തുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത എന്‍ട്രി ആയത് കൊണ്ട് തിയേറ്ററില്‍ ഈ സീനിന് മികച്ച ഇംപാക്ട് ഉണ്ടായിരുന്നു. എന്നാല്‍ സിനിമയിലെ കാമിയോ അനാവിശ്യമായിരുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെയൊരു സീനിന്റെ ആവശ്യമില്ലായിരുന്നുവെന്നും എങ്കിലും ഒരു സര്‍പ്രൈസ് ഈ സീനില്‍ കിട്ടിയെന്നും അഭിപ്രായം ഉണ്ട്.

ടൂറിസ്റ്റ് ഫാമിലി ഒരു ഐക്കോണിക് സിനിമ തന്നെയാണെന്ന ഫീല്‍ ഈ ഷോട്ട് കാണിച്ചപ്പോഴുണ്ടായെന്നും എന്നാലും ക്രോസ് ഓവര്‍ കൊണ്ടുവരുമ്പോള്‍ ഈ സിനിമയില്‍ അബിഷന്‍ അഭിനയിച്ചിട്ടുണ്ടെന്ന ലോജിക് വിടാന്‍ പാടില്ലായിരുന്നുവെന്നും അഭിപ്രായങ്ങള്‍ നിറയുന്നു. എന്നാല്‍ ഇത് വെറുമൊരു സ്പിന്‍ ഓഫ് ആയി കണ്ടാല്‍ മതിയെന്നും ഈ ലോജിക് നോക്കിയാല്‍ മധുരാജയില്‍ രാഷ്ട്രീയകാരനായി വരുന്ന ഷാജോണ്‍ പോക്കിരിരാജയില്‍ പൊലീസായാണ് വരുന്നതെന്നും എന്നിങ്ങനെ രസകരമായ കമന്റുകള്‍ കാണാം.

ഡബിള്‍ റോളില്‍ വരുന്നത് പോലെ അങ്ങ് എടുത്താല്‍ മതിയെന്നും ഇതില്‍ വലിയ ലോജിക്കൊന്നും നോക്കാന്‍ ഇല്ല, എല്ലാവരെയും സര്‍പ്രൈസാക്കുക എന്ന് തന്നെയാണ് ഈ കാമിയോ കൊണ്ട് അവരും ഉദേശിച്ചിട്ടുള്ളൂ എന്നീ കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുന്നുണ്ട്. എന്നാല്‍ സിനിമയില്‍ ആ ഭാഗം മാത്രം ഇഷ്ടപ്പെട്ടില്ലെന്നും ടൂറിസ്റ്റ് ഫാമിലിയിലെ കഥാപാത്രങ്ങള്‍ അവിടെ വരണ്ടായിരുന്നുവെന്ന് തോന്നിയെന്നും പലരും അഭിപ്രായപ്പെടുന്നു.

അബിഷന്‍ ആദ്യമായി സംവിധാനം ചെയ്ത ടൂറിസ്റ്റ് ഫാമിലി കേരളത്തിന് പുറത്തും വലിയ പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു. ചെറിയ ബജറ്റില്‍ എത്തിയ സിനിമ ബോകസ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഒരു ശ്രീലങ്കന്‍ തമിഴ് കുടുംബത്തിന്റെ കഥ പറഞ്ഞ ടൂറിസ്റ്റ് ഫാമിലിയില്‍ അബിഷനും ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.

അതേസമയം സൗന്ദര്യ രജിനികാന്ത് നിര്‍മിച്ച വിത്ത് ലവ് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടുകയും ബോക്‌സ് ഓഫീസില്‍ 35 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തു. ചിത്രത്തില്‍ അബിഷനും അനശ്വരക്കും പുറമെ ഹരീഷ് കുമാര്‍, കാവ്യ അനില്‍, സച്ചിന്‍,  തേനി മുരുഗന്‍, ശരവണന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

സീന്‍ റോള്‍ഡന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ്. സുരേഷ് കുമാര്‍ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

Content Highlight: The tourist family’s cameo in the movie With Love is a topic of discussion on social media 

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.