പതിനയ്യായിരത്തോളം ആളുകളെ കൊല്ലുകയായിരുന്നു ലക്ഷ്യം; മുംബൈയില്‍ മുഹറം ഘോഷയാത്രക്കിടെ എലി വിഷം നിറച്ച ഗുളികകള്‍ വിതരണം ചെയ്തയാള്‍ അറസ്റ്റില്‍
India
പതിനയ്യായിരത്തോളം ആളുകളെ കൊല്ലുകയായിരുന്നു ലക്ഷ്യം; മുംബൈയില്‍ മുഹറം ഘോഷയാത്രക്കിടെ എലി വിഷം നിറച്ച ഗുളികകള്‍ വിതരണം ചെയ്തയാള്‍ അറസ്റ്റില്‍
നിഷാന. വി.വി
Sunday, 28th June 2026, 2:07 pm

മുംബൈ: മുംബൈയിലെ മുഹറം ഘോഷയാത്രയില്‍ എലി വിഷം നിറച്ച ക്യാപ്‌സ്യൂളുകള്‍ വിതരണം ചെയ്തയാള്‍ അറസ്റ്റില്‍. വേദനസംഹാരി വിതരണം ചെയ്യാനെത്തിയതെന്ന വ്യാജേനെയാണ് പ്രതി എത്തിയത്. എലികളെ കൊല്ലാന്‍ പ്രത്യേകം തയ്യാറാക്കിയ ഒരു കീടനാശിനിയായ സിങ്ക് ഫോസ്‌ഫൈഡ് അടങ്ങിയ ക്യാപ്‌സ്യൂളുകളാണ് ഇയാള്‍ വിതരണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ഇയാളുടെ അറസ്‌റ്റോടെ വലിയൊരു ദുരന്തം ഒഴിവായതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഫയാസ് പ്രേംജി എന്ന 39 വയസുകാരനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളില്‍ നിന്ന് പതിനായിരത്തോളം വിഷ ഗുളികളും പിടിച്ചെടുത്തിട്ടുണ്ട്.

ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് വേദനസംഹാരിയാണെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നാണെന്നും പറഞ്ഞാണ് ഇയാള്‍ ഗുളികകള്‍ വിതരണംചെയ്തിരുന്നത്.

എന്നാല്‍, പ്രതിയുടെ പെരുമാറ്റത്തിലും ഗുളികവിതരണത്തിലും സംശയം തോന്നിയ മൂന്ന് വനിതാ വളന്റിയര്‍മാര്‍ ഇയാളെക്കുറിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഫയാസ് പ്രേംജിയെ കസ്റ്റഡിയിലെടുത്തതോടെയാണ് വിതരണംചെയ്തത് വിഷഗുളികകളാണെന്ന് കണ്ടെത്തിയത്.

പതിനായിരത്തോളം പേരെ കൊല്ലാനായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി മൊഴി നല്‍കിയതായും പൊലീസ് അറിയിച്ചു. ഗുളിക കഴിച്ച 11 പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവര്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

പ്രതിക്ക് ഭീകരവാദികളുമയി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇയാള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 123 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Content Highlight: The target was to kill around 15,000 people; Man arrested for distributing pills filled with rat poison during Muharram procession in Mumbai

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.