ലാലേട്ടനോട് 'മുഖത്ത് നോക്കി കഥ പറയാനുള്ള ധൈര്യമില്ല' എന്നാണ് ആ ഹിറ്റ് സംവിധായകന്‍ പറഞ്ഞത്: രഞ്ജിത്ത്
Entertainment
ലാലേട്ടനോട് 'മുഖത്ത് നോക്കി കഥ പറയാനുള്ള ധൈര്യമില്ല' എന്നാണ് ആ ഹിറ്റ് സംവിധായകന്‍ പറഞ്ഞത്: രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th May 2025, 1:14 pm

സംവിധായകൻ തരുണിനെക്കുറിച്ച് സംസാരിക്കുകയാണ് തുടരും സിനിമയുടെ നിർമാതാവ് രഞ്ജിത്ത്. താന്‍ ഒരു ദിവസം ഫ്ലാറ്റിൽ ചെന്നപ്പോള്‍ മോഹന്‍ലാല്‍ ഒറ്റക്കാണെന്നും പിന്നെ എല്ലാവരും വന്നെന്നും രഞ്ജിത്ത് പറയുന്നു.

താന്‍ നോക്കിയപ്പോള്‍ തരുണ്‍ ബാഗ് നിറച്ച് സാധനങ്ങളുമൊക്കെ ആയിട്ടാണ് വന്നിരിക്കുന്നതെന്നും അതില്‍ ലാപ്‌ടോപ്, സ്പീക്കര്‍ തുടങ്ങിയവ ആയിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു.

അത് കഥ കേള്‍പ്പിക്കാന്‍ വേണ്ടിയായിരുന്നെന്നും എന്നാല്‍ മോഹന്‍ലാല്‍ ഇതൊന്നും ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. പിന്നീട് കഥ കേള്‍ക്കാമെന്ന് പറഞ്ഞപ്പോഴാണ് മോഹന്‍ലാല്‍ ഇതൊക്കെ കണ്ടതെന്നും അപ്പോള്‍ മോഹന്‍ലാല്‍ ഇതെന്തായെന്ന് ചോദിച്ചുവെന്നും രഞ്ജിത്ത് വ്യക്തമാക്കി.

‘സാര്‍ എനിക്ക് സാറിന്റെ മുഖത്ത് നോക്കി കഥ പറയാനുള്ള ധൈര്യമില്ല’ എന്നാണ് തരുണ്‍ പറഞ്ഞതെന്നും ഇന്ന് സൂപ്പര്‍ഹിറ്റ് ചെയ്ത സംവിധായകനെക്കുറിച്ചാണ് താന്‍ പറയുന്നതെന്നും രഞ്ജിത്ത് പറയുന്നു.

‘ചിലപ്പോള്‍ ഞാന്‍ പതറിപ്പോകും. അതുകൊണ്ട് എനിക്ക് പറയാനുള്ളത് മൊത്തം ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരിക്കുകയാണ്’ എന്ന് പറഞ്ഞ് തരുണ്‍ മോഹന്‍ലാലിനെ കഥ കേള്‍പ്പിച്ചുവെന്നും കഥ കേള്‍പ്പിച്ചപ്പോള്‍ ഇഷ്ടമായെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

‘ഒരു ദിവസം ഫ്ലാറ്റിൽ ചെല്ലുമ്പോള്‍ ലാലേട്ടന്‍ ഒറ്റക്കാണ്. പിന്നെ ആന്റണി വന്നു, എല്ലാവരും വന്നു. ഞാന്‍ നോക്കുമ്പോള്‍ തരുണ്‍ ഒരു ബാഗ് നിറച്ച് സാധനങ്ങളുമൊക്കെ ആയിട്ടാണ് വന്നിരിക്കുന്നത്. എന്തൊക്കെയാണന്നറിയാമോ? ലാപ്‌ടോപ്, സ്പീക്കര്‍ ഒക്കെയാണ്. കഥ കേള്‍പ്പിക്കണമല്ലോ? ചേട്ടന്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല.

ചേട്ടന്‍ കഥ പറയാന്‍ വന്ന ഒരാളെപ്പോലെ നമ്മളുമായിട്ടൊക്കെ സംസാരിച്ച് എന്നാല്‍ നമുക്ക് കഥ കേള്‍ക്കാം എന്നുപറയുമ്പോള്‍ തരുണ്‍ ഉടനെ സ്പീക്കര്‍ ഒക്കെ എടുത്ത് വെച്ചു, ലാപ്‌ടോപ് എടുത്തുവെച്ചു. അപ്പോള്‍ ലാലേട്ടന്‍ ചോദിച്ചു ഇതെന്തായെന്ന്?

‘സാര്‍ എനിക്ക് സാറിന്റെ മുഖത്ത് നോക്കി കഥ പറയാനുള്ള ധൈര്യമില്ല’ എന്നാണ് തരുണ്‍ പറഞ്ഞത്. ഇന്ന് സൂപ്പര്‍ഹിറ്റ് ചെയ്ത സംവിധായകനെക്കുറിച്ചാണ് പറയുന്നത്. തരുണ്‍ ഉള്ള കാര്യം പറയുന്ന ആളാണ്.

‘ചിലപ്പോള്‍ ഞാന്‍ പതറിപ്പോകും. അതുകൊണ്ട് എനിക്ക് പറയാനുള്ളത് മൊത്തം ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരിക്കുകയാണ്’ എന്ന് പറഞ്ഞു. അങ്ങനെയാണ് കഥ കേള്‍പ്പിക്കുന്നത്. കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമായി. സിനിമ കാണുന്നത് പോലെയാണ് കഥ കേള്‍ക്കുന്നത്.’ രഞ്ജിത്ത് പറയുന്നു.

Content Highlight: The hit director told to mohanlal that he didn’t have the courage to tell the story looking him in the face says Ranjith