ന്യൂദല്ഹി: അഭിജിത് ദീപ്കെയുടെ അറസ്റ്റില് കോടതി വാദം കേള്പ്പിക്കുന്നത് മനപ്പൂര്വം വൈകിപ്പിക്കുന്നതായി സി.ജെ.പി ലീഗല് ഹെഡ് രത്ന സിങ്. ഇന്ന് (ഒക്ടോബര് 17, ശനി) ഉച്ചയ്ക്കായിരുന്നു കേസില് വാദം കേള്ക്കേണ്ടിയിരുന്നതെന്നും എന്നാല് ഈ സമയം കഴിഞ്ഞ് മൂന്നര മണിക്കൂറിന് ശേഷവും വാദം കേള്ക്കല് ആരംഭിക്കുന്നതിന്റെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും രത്ന എക്സ് പോസ്റ്റില് പറഞ്ഞു.
‘ഉച്ചയ്ക്ക് 12 മണിക്കാണ് വാദം കേള്ക്കല് നടക്കേണ്ടിയിരുന്നത്. ഇപ്പോള് സമയം 3:38 ആയിട്ടും അതിന്റെ യാതൊരു സൂചനയുമില്ല. ഇത് മനപൂര്വ്വമല്ലെങ്കില് പിന്നെ എന്താണ്?,’ രത്ന ചോദിച്ചു. സി.ജെ.പി കണ്വീനറായ ദീപ്കെയെയും സഹ കണ്വീനര്മാരായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെയും വിട്ടയക്കണമെന്നും രത്ന ചോദിച്ചു.
‘സൗരവ്, അശുതോഷ്, അഭിജീത് എന്നിവരെയും മറ്റ് തടവിലാക്കപ്പെട്ടവരെയും വിട്ടയക്കുക. നടപടിക്രമങ്ങള് മനപൂര്വ്വം വൈകിപ്പിച്ചുകൊണ്ട് ആളുകളുടെ സ്വാതന്ത്ര്യം കവര്ന്നെടുക്കാന് നിങ്ങള്ക്ക് കഴിയില്ല,’ രത്ന എക്സില് കുറിച്ചു.
ജന്തര് മന്തറില് കടന്ന് ദേശീയ പതാക ഉയര്ത്തിയതിന് സി.ജെ.പി സഹ കണ്വീനര്മാരായ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും അറസ്റ്റ് ചെയ്ത് റിമാന്ഡില് വിട്ടതിനെതിരെ ഇന്നലെ (ഒക്ടോബര് 16, വെള്ളി) നടത്തിയ തിരംഗ റാലിക്കിടെയാണ് ദല്ഹി പൊലീസ് അഭിജിതിനെ കസ്റ്റഡിയിലെടുത്തത്.
ദീപ്കെയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് രത്ന നേരത്തെ എക്സ് പോസ്റ്റില് പറഞ്ഞിരുന്നു. ഇതിനാല് വാദം കേള്ക്കുന്ന സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്.ഇ.എം) കോടതി ദീപ്കെയെ വിട്ടയക്കണമെന്നും അവര് ആവശ്യപ്പെട്ടു.
‘അഭിജീത് ദിപ്കെയുടെ അറസ്റ്റ് നിയമവിരുദ്ധമായതിനാല് എസ്.ഇ.എം കോടതി അദ്ദേഹത്തെ വിട്ടയയ്ക്കണം. ത്രിവര്ണ്ണ പതാക ഉയര്ത്താന് ആളുകളോട് ആവശ്യപ്പെട്ടു എന്നത് എങ്ങനെ ഒരു കുറ്റകൃത്യമാകും?,’ സി.ജെ.പി ലീഗല് ഹെഡ് ചോദിച്ചു.
ദീപ്കെയെ വീടിനു മുന്നില് നിന്ന് പിടിച്ചുകൊണ്ടുപോയ രീതിയും, അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതും, അദ്ദേഹത്തിന്റെ അഭിഭാഷകര്ക്ക് പോലും അദ്ദേഹത്തെ കാണാന് കഴിയാത്തതും, നിയമനടപടികളെക്കുറിച്ചും മൗലികാവകാശങ്ങളെക്കുറിച്ചും ഗുരുതരമായ ആശങ്കകളാണ് ഉയര്ത്തുന്നതെന്നും രത്ന പറഞ്ഞു.
നിയമവാഴ്ച നിലനില്ക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥയില്, അധികാരത്തിന്റെ ഇത്രയും പ്രകടമായ ദുരുപയോഗത്തെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും അവര് പറഞ്ഞു. കരുതല് തടങ്കല് എന്ന മറവില് നിയമവിരുദ്ധമായ കാര്യങ്ങള് ചെയ്യാന് ദല്ഹി പൊലീസിന് അവകാശമില്ലെന്നും അവര് കൂട്ടിച്ചേര്ത്തു.
ഇന്നലെ വൈകിട്ട് കസ്റ്റഡിയിലായ ദീപ്കെയെക്കുറിച്ച് മണിക്കൂറുകള് പിന്നിട്ടിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് സി.ജെ.പി നേതാവ് അജിങ്ക്യ ഷിന്ഡെയും പറഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത് പത്ത് മണിക്കൂറായിട്ടും അദ്ദേഹം എവിടെയാണ് എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കുടംബത്തിനോ അഭിഭാഷകര്ക്കോ പാര്ട്ടിക്കൊ ദല്ഹി പൊലീസ് ഒരു വിവരവും നല്കിയിട്ടില്ലെന്ന് ഇന്ന് പുലര്ച്ചെ സി.ജെ.പിയുടെ എക്സ് പേജില് പങ്കുവെച്ച വീഡിയോയില് ഷിന്ഡെ പറഞ്ഞു.
ദീപ്കെയെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി എന്നും അഭിഭാഷകരുമായി സംസാരിക്കാന് അനുവദിച്ചില്ലെന്നും സി.ജെ.പി നേരത്തെ പറഞ്ഞിരുന്നു. 1947ന് ശേഷം ദേശീയ പതാക ഉയര്ത്തിയതിന്റെ പേരില് ജയിലിലടയ്ക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരായി അഭിജിത്, അശുതോഷ്, സൗരവ് എന്നിവര് ചരിത്രത്തില് ഇടംപിടിക്കുമന്നും സി.ജെ.പി ഒരു എക്സ് പോസ്റ്റില് പറഞ്ഞു.
Content Highlight: The hearing of Abhijeet Dipke supposed to happen at 12PM, It’s 3:38PM and no sign of it- CJP Legal Head Ratna Singh
