തിരുവനന്തപുരം: ഒരു അഭിഷേകിനെയും ഒരു നേഹയെയും അറസ്റ്റ് ചെയ്താല് ആയിരക്കണക്കിന് അഭിജീതുമാരും നേഹമാരും സമരത്തിലുണ്ടെന്ന് നടനും സാമൂഹ്യപ്രവര്ത്തകനുമായ പ്രകാശ് രാജ്. സി.ജെ.പിയുടെ തിരംഗ റാലിക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് മാനവീയം വീഥിയില് സംഘടിപ്പിച്ച പ്രതിഷേധത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങളാണ് ഹര് ഘര് തിരംഗ എന്ന് പറഞ്ഞത്. എന്നിട്ട് യുവാക്കള് തിരംഗയുമായി വന്നാല് നിങ്ങള് തുറുങ്കിലക്കുമോ. നിങ്ങള് പേടിച്ചിരിക്കുകയാണെന്നതിന്റെ തെളിവാണ്’, പ്രകാശ് രാജ് ചോദിച്ചു.
ഒന്നിനും ഈ പ്രസ്ഥാനത്തെ തടയാനാവില്ല, കാരണം ഇതിനെ നയിക്കുന്നത് നേതാക്കളല്ല, ഈ രാജ്യത്തെ ജനങ്ങളാണെന്നും മോദിയുടെ ഈഗോയ്ക്ക് പരിക്കേറ്റിരിക്കുകയാണും അദ്ദേഹം പറഞ്ഞു.
ചെറുപ്പത്തില് മുതലയെ പിടിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രിയ്ക്ക് ഇപ്പോള് പാറ്റകളെ പേടിയാണ്.
‘നിങ്ങള്ക്ക് പേടിയാണെന്ന് ഞങ്ങള്ക്കറിയാം. കാരണം ഗ്യാനു നിങ്ങള്ക്കുവേണ്ടി ഒരുപാട് ചെയ്തിട്ടുണ്ട്’, പ്രകാശ് രാജ് പറഞ്ഞു.
നേഹയെയും അഭിജീതിനെയും റങ്കയെയും മാത്രമല്ല തടവില് വെച്ചിരിക്കുന്നത്, ഗ്യാനേഷ് കുമാറിനെയും തടവില് വെച്ചിരിക്കുകയാണ്. ധൈര്യമുണ്ടെങ്കില് ജനങ്ങളുടെ ചോദ്യങ്ങള്ക്ക് ഉത്തരം നല്കാന് പുറത്തേക്ക് വിടൂ.
2023 ന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കുന്ന കമ്മിറ്റിയില് ഉണ്ടായിരുന്ന ചീഫ് ജസ്റ്റിസിനെ മാറ്റി എന്തുകൊണ്ടാണ് ഒരു കാബിനറ്റ് മിനിസ്റ്ററെ, ഈ സാഹചര്യത്തിന് ആഭ്യന്തരമന്ത്രിയെ, ചേര്ത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്ക്ക് ജുഡീഷ്യല് ഇമ്മ്യൂണിറ്റി നല്കിയതെന്നും പ്രകാശ് രാജ് ചോദിച്ചു. അവര് മോഷ്ടിക്കാന് പോവുകയാണെന്ന് അറിയാമായിരുന്നുവെന്നും അത് കൊണ്ടാണ് പ്രധാനമന്ത്രിയ്ക്കും പ്രസിഡന്റിനും ഇല്ലാത്ത ജുഡീഷ്യല് ഇമ്മ്യൂണിറ്റി നല്കിയതെന്ന് പ്രകാശ് രാജ് കൂട്ടിച്ചേര്ത്തു.
വിദേശത്ത് നിന്ന് ഒരുപാട് നുഴഞ്ഞുകയറ്റക്കാര് എത്തി എന്നു പറഞ്ഞാണ് അമിത് ഷാ എസ്.ഐ.ആര് കൊണ്ടുവന്നതെന്നും രാജ്യത്ത് നുഴഞ്ഞ് കയറ്റക്കാര് ഉണ്ടെങ്കില് അത് ആഭ്യന്തരമന്ത്രി കാരണമല്ലേ എന്ന് പ്രകാശ് രാജ് ചോദിച്ചു.
‘രാജ്യം അതിര്ത്തി പങ്കിടുന്നത് ചൈനയും നേപ്പാളും പാകിസ്താനുമൊക്കെ ആയാണ്. അല്ലാതെ ദല്ഹിയുമായല്ല. പിന്നെ എന്തിനാണ് ദല്ഹിയില് അതിര്ത്തി പണിതിട്ടിരിക്കുന്നത്?’, ആദ്ദേഹം ചോദിച്ചു.
ഇത് ഈ രാജ്യത്തെ ജനങ്ങള് ജനാധിപത്യത്തെ രക്ഷിക്കാനും അവരുടെ വോട്ടവകാശം തിരിച്ചുപിടിക്കാനും ചെയ്യുന്ന പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കള് ജന്തര് മന്തറില് പ്രതിഷേധിക്കുമ്പോള് പാര്ലമെന്റില് വരാന് ധൈര്യമില്ലാതെ ഭരണാധികാരികള് ഭയന്ന് വിറയ്ക്കുകയായിരുന്നുവെന്ന് പ്രകാശ് രാജ് പറയുന്നു. പത്ത് ദിവസത്തിന് ശേഷം വന്ദേമാതരം ആലപിക്കുന്ന രണ്ട് മിനിറ്റ് ചടങ്ങിലേക്ക് മാത്രമാണ് അവര് വന്നതെന്നും, വന്ദേമാതരം ശരിയായി ഉച്ചരിക്കാന് പോലും അറിയാത്തവരാണ് അതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സ്വാതന്ത്ര്യസമരത്തില് പങ്കെടുത്ത ഒരു ആര്.എസ്.എസ് അല്ലെങ്കില് ബി.ജെ.പി നേതാവുമില്ല. എന്നിട്ടാണ് അവര് വന്ദേമാതരത്തെപ്പറ്റി പറയുന്നത്. സ്വന്തമായി നേതാക്കളില്ലാത്തതുകൊണ്ടാണ് അവര് ഭഗത് സിംഗ്, വല്ലഭഭായ് പട്ടേല്, സ്വാമി വിവേകാനന്ദന് എന്നിവരുടെ ചിത്രങ്ങള്ക്കൊപ്പം സെല്ഫിയെടുക്കുന്നത്’, അദ്ദേഹം പരിഹസിച്ചു.
പ്രതിഷേധങ്ങള് ഇപ്പോള് ദല്ഹി കേന്ദ്രീകൃതമല്ലെന്നും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കര്ണാടക, തമിഴ്നാട് തുടങ്ങി ദക്ഷിണേന്ത്യയിലാകെ ശബ്ദം ഉയര്ന്നുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 40 വര്ഷം ഈ രാജ്യത്തെ യുവാക്കളുടേതാണ്. സാമ്പത്തികമായും പരിസ്ഥിതിപരമായും തകര്ന്ന, മോശം വിദ്യാഭ്യാസ സമ്പ്രദായമുള്ള ഒരു ലോകമാണ് മുന്തലമുറ യുവാക്കള്ക്ക് കൈമാറിയത്. അതിനാല് യുവാക്കള് ജനാധിപത്യം പുനര്നിര്മ്മിക്കട്ടെ എന്നും, മുതിര്ന്നവര് പിന്തുണയുമായി അവരുടെ പിന്നില് നില്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു
‘എനിക്ക് നേതാവാകേണ്ടതില്ല. യുവാക്കള്ക്ക് ഉയര്ന്നുനില്ക്കാനുള്ള വേദിയാകാനാണ് ഞാന് ആഗ്രഹിക്കുന്നത്. യുവാക്കളുടെ ഈ രോഷവും ഉത്തരവാദിത്തവും ഭരണമാറ്റത്തിന് വഴിവെക്കും’, അദ്ദേഹം പറഞ്ഞു.
മോദിയെയും അമിത് ഷായെയും എന്തിനാണ് രംഗബില്ല എന്ന് ആളുകള് തന്നോട് ചോദിച്ചെന്നും അവര്ക്ക് തന്നെ ദിമാഗി നക്സല് എന്ന് വിളിക്കാമെങ്കില് തനിക്കവരെ രംഗബില്ല എന്ന് വിളിക്കാമെന്നും പ്രകാശ് രാജ് പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിക്കുന്നവരാണ് ഈ രാജ്യത്തെ യുവജനങ്ങളെന്നും ഗാന്ധിയുടെയും അംബേദ്കറുടെയും ആശയങ്ങളില് വിശ്വസിച്ച് അക്രമത്തിലേക്ക് വീഴാതെ സമാധാനപരമായി പോരാടണമെന്നും അവരെന്നും അദ്ദേഹം പറഞ്ഞു.
ജന്തര് മന്തറിലെ സമരത്തിനിടയില് രാത്രിയില് ആംബുലന്സുകളും സുരക്ഷാ സേനയെയും ഉപയോഗിച്ച് പരിഭ്രാന്തി സൃഷ്ടിക്കാന് ശ്രമം നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങള്ക്കിടയില് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന് ബി.ജെ.പി ഗുണ്ടകള് വരും. പരിഭ്രാന്തരാകരുത്. നിങ്ങളെ ആക്രമണത്തിന്റെ പാതയിലേക്ക് തിരിയ്ക്കാനാണ് അവര് ശ്രമിക്കുന്നത്. അതില് വീഴരുത്. ഗാന്ധിയും അംബേദ്കറും ഞങ്ങളുടെ ഹൃദയത്തിലുള്ളിടത്തോളം കാലം സമാധാനപരമായി തന്നെ പ്രതിഷേധിച്ച് അവകാശങ്ങള് നേടിയെടുക്കും എന്ന് അവരോട് പറയുക’, അദ്ദേഹം പറഞ്ഞു.
അഭിനയത്തേക്കാള് ഉപരി തന്റെ നിലപാടിനാണ് കേരളം സ്നേഹം നല്കിയതെന്നും, അടുത്ത 6 മാസത്തേക്ക് അഭിനയം നിര്ത്തിവെച്ച് വിവിധ സമരങ്ങളില് പങ്കുചേരുകയാണെന്നും അദ്ദേഹം പറയുന്നു.
സോഷ്യല് മീഡിയയെ ഭരണാധികാരികള് ഭയപ്പെടുന്നുണ്ടെന്നും, ചിരിയും ട്രോളുകളും മീമുകളും സമരത്തിന്റെ ശക്തമായ പ്രതിരോധ മാര്ഗ്ഗങ്ങളാണെന്നും അദ്ദേഹം ഓര്മ്മിപ്പിക്കുന്നു. രാജ്യത്തിനും ഭരണഘടനയ്ക്കും വേണ്ടി ജയിലില് പോകാന് യുവാക്കള് ഭയപ്പെടുന്നില്ലെന്നും അഖിലേന്ത്യാ തലത്തില് വിദ്യാര്ത്ഥി പ്രസ്ഥാനങ്ങള് ഒന്നടങ്കം സമരരംഗത്തേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.
പോരാട്ടം ആനന്ദം തരുന്നതാണെന്നും ലാത്തികളെയും ജയിലുകളെയും പേടിക്കരുതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
Content Highlight: Thousands of Nehas and Abhijeets are at the protest if they arrest one Neha and Abhijeet: Prakash Raj
