മലയാളത്തിൽ ഒരുപിടി സിനിമകൾ സംവിധാനം ചെയ്തയാളാണ് എം.എ. നിഷാദ്. സംവിധാനത്തിന് പുറമെ നിർമാണത്തിലും അഭിനയത്തിലും തന്റെ സാന്നിധ്യമറിയിക്കാൻ നിഷാദിന് സാധിച്ചു. 1982ൽ പുറത്തിറങ്ങിയ കമൽ ഹാസനെ നായകനാക്കി കൊണ്ട് രാധാകൃഷ്ണൻ സംവിധാനം ചെയ്ത അന്തിവെയിലിലെ പൊന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് എം.എ. നിഷാദ് സിനിമയിലേക്കെത്തുന്നത്.

പകൽ എന്ന ചിത്രത്തിലൂടെയാണ് നിഷാദ് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് നിരവധി സിനിമകൾ സംവിധാനം ചെയ്തു കൊണ്ടും നിർമിച്ചു കൊണ്ടും ഇപ്പോഴും സിനിമയിൽ സജീവമാണ്.

എം.എ. നിഷാദ്.Photo. Screen Grab/ Youtube

ഇപ്പോഴിതാ മമ്മൂട്ടി നായകനായെത്തിയ ‘കളിക്കളം’ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ എം.എ. നിഷാദ്. സിനിമയുടെ രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടെന്ന് തോന്നിയതിനെത്തുടർന്ന് മമ്മൂട്ടിയെ സമീപിച്ചിരുന്നുവെന്നും എന്നാൽ ‘അതൊക്കെ കഴിഞ്ഞില്ലേടാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും നിഷാദ് പറഞ്ഞു.

എൻജിനീയറിങ് പഠനം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ബിൽഡിങ് പ്രമോഷൻ രംഗത്ത് പ്രവർത്തിച്ചിരുന്ന കാലത്താണ് ഈ ആശയം മനസിൽ വന്നതെന്നും റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

‘എൻജിനീയറിങ് കഴിഞ്ഞപ്പോൾ ഞാൻ മലബാർ ബിൽഡേഴ്‌സ് എന്ന പേരിൽ ഒരു അപ്പാർട്ട്‌മെന്റ് പ്രമോട്ട് ചെയ്തിരുന്നു. ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്നാണ് അത് ചെയ്തത്. അതിൽനിന്ന് എനിക്ക് കുറച്ച് പണം കിട്ടി. അങ്ങനെയാണ് സിനിമാ നിർമാണത്തിലേക്ക് ഞാനെത്തുന്നത്. എൻജിനീയറിങ് ഒരിക്കലും എന്റെ പാഷനായിരുന്നില്ല. അതിൽ ഞാൻ അത്ര മികവ് പുലർത്തിയിരുന്നില്ല.

എന്റെ മനസിൽ എപ്പോഴും സിനിമയായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോകണമെന്നൊക്കെയായിരുന്നു ആഗ്രഹം. വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് എൻജിനീയറിങ്ങിന് പോയത്. എന്തിനാണ് അത് പഠിച്ചതെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല. ഞാനൊരു നല്ല എൻജിനീയറല്ല,’ നിഷാദ് പറഞ്ഞു.

പിന്നീട് സുഹൃത്ത് രതീഷ് നൽകിയ കെവിൻ കോസ്റ്റ്നർ ചിത്രം ‘എ പെർഫെക്റ്റ് വേൾഡ്’ കണ്ടതോടെയാണ് ‘കളിക്കളം’ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചതെന്ന് നിഷാദ് പറയുന്നു. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിന് തുടർച്ച ഒരുക്കാൻ കഴിയുമെന്നായിരുന്നു തന്റെ വിശ്വാസമെന്നും നിഷാദ് വ്യക്തമാക്കി.

‘സുഹൃത്തായ രതീഷാണ് കെവിൻ കോസ്റ്റ്നറുടെ ‘എ പെർഫെക്റ്റ് വേൾഡ്’ എന്ന സിനിമയുടെ കാസറ്റ് തരുന്നത്. ആ സിനിമ കണ്ടപ്പോൾ ‘കളിക്കള’ത്തിന് രണ്ടാം ഭാഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. എന്റെ കയ്യിൽ കുറച്ച് പണം കിട്ടിയ സമയമായിരുന്നു അത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂക്ക നന്നായി അഭിനയിച്ച സിനിമയാണത്. അന്ന് സത്യൻ അന്തിക്കാടുമായി എനിക്ക് നല്ല ബന്ധവുമുണ്ടായിരുന്നു,’ നിഷാദ് പറഞ്ഞു.

ഈ ആശയം ആദ്യം സത്യൻ അന്തിക്കാടിനോടാണ് പറഞ്ഞതെന്നും പിന്നീട് മമ്മൂട്ടിയുമായി സംസാരിച്ചപ്പോഴാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ച മുന്നോട്ടുപോയതെന്നും നിഷാദ് വ്യക്തമാക്കി.

എം.എ. നിഷാദ്.Photo. Screen Grab/ Youtube

 

‘കളിക്കളത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞാൻ ആദ്യം സത്യൻ അന്തിക്കാടിനോടാണ് സംസാരിച്ചത്. അദ്ദേഹം ആലോചിച്ചിട്ട് നോക്കാമെന്ന് പറഞ്ഞു. പിന്നീട് ലൊക്കേഷനിൽവെച്ച് മമ്മൂക്കയെയും ലാലു അലക്സിനെയും കണ്ടപ്പോഴും ഇക്കാര്യം സംസാരിച്ചു. അന്ന് ഞാൻ മമ്മൂക്കയോട് രണ്ടാം ഭാഗം ചെയ്യണമെന്ന ആഗ്രഹം പറഞ്ഞു. അപ്പോൾ മമ്മൂക്ക പറഞ്ഞത്, ‘അതൊക്കെ കഴിഞ്ഞില്ലേടാ’ എന്നാണ്. പക്ഷേ, ‘കളിക്കള’ത്തിന് രണ്ടാം ഭാഗം ചെയ്യാൻ ഇപ്പോഴും സാധ്യതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,’ നിഷാദ് പറഞ്ഞു.

Content Highlight: Director M.A. Nishad reveals that he had a desire to create a sequel to the film ‘Kalikkalam’, which starred Mammootty