ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ഒരിക്കല്‍കൂടി മുത്തുവേല്‍ പാണ്ഡ്യനായി എത്തിയപ്പോള്‍ തിയേറ്ററുകള്‍ പൂരപ്പറമ്പായി മാറി. 75ാം വയസിലും രജിനി എന്ന താരം സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയില്‍ ആറാടി.

ആദ്യഭാഗത്തില്‍ രോമാഞ്ചം സമ്മാനിച്ച കാമിയോകള്‍ രണ്ടാം ഭാഗത്തിലുമുണ്ടെങ്കിലും പഴയ ഇംപാക്ട് കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. റിലീസിന് മുമ്പ് പലരും കാത്തിരുന്ന മോഹന്‍ലാലിന്റെ കാമിയോ പോലും പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കിയില്ല. ദൈര്‍ഘ്യം കൂടിയതുകൊണ്ട് ട്രെയ്‌ലറില്‍ കണ്ട ഷോട്ടടക്കം പല പോര്‍ഷനും ഒഴിവാക്കേണ്ടി വന്നു.

മോഹന്‍ലാലിന്റെ ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിന് ഇത് വഴിവെച്ചു. നെല്‍സണെതിരെയും രജിനികാന്തിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. മലയാളത്തിലെ സൂപ്പര്‍സ്റ്റാറിനെ വെറും സെക്കന്‍ഡുകള്‍ മാത്രമുള്ള റോള്‍ നല്‍കി പറ്റിച്ചെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ജയിലര്‍ 2ല്‍ അധികം പ്രാധാന്യമില്ലാതെ പോയ മറ്റൊരു കാമിയോയെക്കുറിച്ചുള്ള പോസ്റ്റുകള്‍ വൈറലായിരിക്കുകയാണ്.

ആദ്യഭാഗത്തില്‍ ഏറ്റവുമധികം സീനുകള്‍ ലഭിച്ച ജാക്കി ഷ്‌റോഫിന് ജയിലര്‍ 2ലേക്ക് എത്തിയപ്പോള്‍ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായി. ശരിക്ക് ശ്രദ്ധിച്ച് ഇരുന്നില്ലെങ്കില്‍ താരത്തിന്റെ ആകെയുള്ള ഡയലോഗ് പോലും കേള്‍ക്കാനാകില്ലെന്ന അവസ്ഥയാണുള്ളത്. ആദ്യഭാഗത്തില്‍ ചെയ്ത ബോംബുണ്ടാക്കല്‍ തന്നെയാണ് ഇത്തവണയും കാംദേവിന്റെ പണി.

ട്രെയ്‌ലറില്‍ കാണിച്ച ഐക്കോണിക് ഷോട്ട് എഡിറ്റിങ്ങില്‍ പോവുകയും ചെയ്തതോടെ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായി മാറി. ക്ലൈമാക്‌സിലെ മാസ് സീനില്‍ മുണ്ടും വലിയ ഷാളുമായി പ്രത്യക്ഷപ്പെട്ടതിനെയും ചിലര്‍ പരിഹസിക്കുന്നുണ്ട്. ഒരു ഷര്‍ട്ടെങ്കിലും ഈ കഥാപാത്രത്തിന് കൊടുക്കാമായിരുന്നെന്നാണ് പ്രധാന കമന്റുകള്‍.

10 ദിവസത്തിനടുത്ത് ഡേറ്റ് നല്‍കിയ സന്താനത്തിന്റെ രംഗങ്ങളും ജയിലര്‍ 2ല്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. നായകനായി മാത്രം അഭിനയിച്ചുകൊണ്ടിരുന്ന സന്താനത്തെ വിളിച്ചുവരുത്തി നല്‍കിയ സീനുകള്‍ ഒഴിവാക്കിയതും വലിയ ചര്‍ച്ചയാണ്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

10 മിനിറ്റിനടുത്ത് വരുന്ന കഥാപാത്രമായിരുന്നു വിജയ് സേതുപതിയുടേത്. എന്നാല്‍ ഫൈനല്‍ കട്ടിന് ശേഷം ഈ കഥാപാത്രം വെറും ഒരു മിനിറ്റിന് താഴെ ഒതുങ്ങിപ്പോയി. ഒ.ടി.ടിയിലെങ്കിലും അണ്‍കട്ട് വേര്‍ഷന്‍ പുറത്തിറക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

Content Highlight: Jackie Shroff’s cameo in Jailer 2 shorter than Mohanlal