ചെന്നൈ: എസ്.ഐ.ആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെയുള്ള പോരാട്ടത്തില്‍ സി.ജെ.പിയ്ക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഷ്ട്രീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസില്‍ നിന്ന് അകലം പാലിക്കുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി പ്രസിഡന്റായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിലാണ് സ്റ്റാലിന്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നും എസ്.ഐ.ആര്‍ നീക്കം ചെയ്യണമെന്നും ബാലറ്റ് പേപ്പറുകള്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രപതിക്ക് പരാതി നല്‍കുമെന്നും യോഗം തീരുമാനമെടുത്തു.

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കോണ്‍ഗ്രസും ഭരണകക്ഷിയായ ടി.വി.കെയും സ്വീകരിച്ച ഇരട്ടത്താപ്പിനെ യോഗം അപലപിച്ചു. സി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുമോ എന്ന ചോദ്യത്തിന് അവര്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറിയിട്ടില്ലെന്ന് എ.രാജ എം.പി പറഞ്ഞു.

സി.ജെ.പിയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പരിണമിക്കാനും സ്വാധീനം ചെലുത്താനുമുള്ള കഴിവുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ അതേ കാഴ്ചപ്പാടാണ് തനിക്കെന്നും രാജ പറഞ്ഞു. വിദ്യാര്‍ഥി-യുവജന കൂട്ടായ്മയിലൂടെ ശക്തി പ്രാപിച്ച ഒരു പ്രസ്ഥാനത്തെ കോണ്‍ഗ്രസ് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും ഡി.എം.കെ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധക്കാര്‍ക്കെതിരായ നടപടികളെക്കുറിച്ച് സ്റ്റാലിന്‍ ശക്തമായി പ്രതികരിച്ചിരുന്നു. സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനുള്ള ഓരോ ശ്രമവും അതിനെ ശക്തമാക്കുകയേ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: MK Stalin Backs CJP Protest, Rules Out Working With ‘Backstabber’ Congress