ന്യൂദല്‍ഹി: എസ്.ഐ.ആര്‍ നടപടികള്‍ പിന്‍വലിക്കാനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ട് സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ (എസ്.കെ.എം) നേതൃത്വത്തില്‍ ഈ മാസം 23ന് കര്‍ഷക സംഘടനകള്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ പങ്കാളികളാവുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്) അടക്കമുള്ള കര്‍ഷക സംഘടനകള്‍ അറിയിച്ചു.

ദല്‍ഹി മാര്‍ച്ചിന് പിന്തുണയുമായി എല്ലാ ജില്ലാ, ബ്ലോക്ക് ആസ്ഥാനത്തേക്കും മാര്‍ച്ച് നടത്തുമെന്ന് എസ്.കെ.എം നേതാവും എ.ഐ.കെ.എസ് പ്രസിഡന്റുമായ അശോക് ധാവലെ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. ജന്തര്‍ മന്തറിന് സമീപം പ്രതിഷേധങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കൂടുതല്‍ വിപുലമായ പോരാട്ടങ്ങള്‍ക്ക് കര്‍ഷകര്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്.ഐ.ആറിനെതിരായ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായിരിക്കും ഇതെന്നും കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ധാവലെ പറഞ്ഞു. കര്‍ഷകര്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ എന്നിവരും ഈ പ്രതിഷേധങ്ങളില്‍ പങ്കുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരികള്‍ എന്ത് വേണമെങ്കിലും ചെയ്‌തോട്ടെ. അടിച്ചമര്‍ത്തലുകളെ കര്‍ഷകര്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഖിലേന്ത്യാ കിസാന്‍ സഭയുടെ 36-ാമത് അഖിലേന്ത്യാ സമ്മേളനത്തെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ധാവലെ ഈ കാര്യങ്ങള്‍ പറഞ്ഞത്. നവംബര്‍ 15 മുതല്‍ 18 വരെ തെലങ്കാനയിലെ നല്‍ക്കൊണ്ടയിലാണ് സമ്മേളനം. സമ്മേളനത്തിന്റെ ലോഗോയും വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.

ഗ്യാനേഷിന്റെ രാജിക്കും എസ്.ഐ.ആര്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘടന തിങ്കളാഴ്ച അറിയിച്ചിരുന്നു.

കര്‍ണാലില്‍ ചേര്‍ന്ന കര്‍ഷക സംഘടനയുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കളും മറ്റ് സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.

സമരങ്ങളെ എപ്പോഴും പിന്തുണച്ചിട്ടുള്ള സംയുക്ത കിസാന്‍ മോര്‍ച്ച. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കൊപ്പം തുടര്‍ന്നും നിലയുറപ്പിക്കും. നവംബര്‍ 26-ന് ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ എസ്.കെ.എം പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി എന്‍.സി.ആര്‍ മേഖലയില്‍ നിന്നുള്ള കര്‍ഷകര്‍ ദല്‍ഹിയില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Anti-CEC protest- Farmers to march to Delhi on October 23