'ഞാന്‍ കണ്ടെടാ എന്റെ ലാലേട്ടനെ' എന്നുകേൾക്കുന്നതാണ് ഏറ്റവും വലിയ അഭിനന്ദനം; അദ്ദേഹം എവിടെയും പോയിട്ടില്ല: ബിനു പപ്പു
Entertainment
'ഞാന്‍ കണ്ടെടാ എന്റെ ലാലേട്ടനെ' എന്നുകേൾക്കുന്നതാണ് ഏറ്റവും വലിയ അഭിനന്ദനം; അദ്ദേഹം എവിടെയും പോയിട്ടില്ല: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st May 2025, 1:07 pm

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയാണ് തുടരും. ചിത്രം ബോക്‌സ് ഓഫീസിൽ വിജയക്കൊടി പാറിച്ച് ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 25നാണ് ചിത്രം തിയേറ്ററിലെത്തിയത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന്റെ ഒരുപടം ഇത്ര വിജയം സ്വന്തമാക്കുന്നത്.

ചിത്രത്തില്‍ ബിനു പപ്പുവാണ് പ്രധാനകഥാപാത്രങ്ങളിലൊരാള്‍. സിനിമയുടെ സഹസംവിധായകരിലൊരാള്‍ കൂടിയാണ് ബിനു പപ്പു. ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച് പറയുകയാണ് ബിനു പപ്പു.

മോഹന്‍ലാലിന്റെ പടം കണ്ടിട്ട് ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ ‘ഞാന്‍ കണ്ടെടാ എന്റെ ലാലേട്ടനെ’ എന്ന് കേള്‍ക്കുന്നതാണ് തങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അഭിനന്ദനമെന്ന് ബിനു പപ്പു പറയുന്നു.

മോഹന്‍ലാലിനെ കുട്ടിക്കാലം മുതല്‍ കാണുന്നതാണെന്നും അതിനും അപ്പുറം ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിന്റെ അടി, ഡാന്‍സ്, പാട്ട്, കോമഡി, സങ്കടം എല്ലാം തങ്ങള്‍ കണ്ടിട്ടുണ്ടെന്നും ഒരുപാട് സിനിമകളില്‍ മോഹന്‍ലാല്‍ നമ്മെ കരയിപ്പിച്ചിട്ടുണ്ടെന്നും ബിനു പപ്പു പറഞ്ഞു.

മോഹന്‍ലാലിനെ തിരിച്ചുകൊണ്ടുവരികയല്ല ചെയ്തതെന്നും തിരിച്ചുവരാന്‍ മോഹന്‍ലാല്‍ എവിടെയും പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയാണ് അദ്ദേഹം.

‘ഞാന്‍ പറയുന്നത് കോടികളുടെ കണക്ക് അല്ല. അതിലും ഉപരി മോഹന്‍ലാല്‍ എന്നുപറഞ്ഞ നടന്റെ നല്ല സിനിമ കണ്ടിട്ട് ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ ‘ഞാന്‍ കണ്ടെടാ എന്റെ ലാലേട്ടനെ’ എന്നുപറയുന്ന ആ വാക്കാണ് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അപ്രിസിയേഷന്‍. അതിന്റെ അപ്പുറത്തേക്ക് ഒന്നുമില്ല. കാരണം നമ്മള്‍ ആ മനുഷ്യനെ കുട്ടിക്കാലം മുതലേ കാണുന്നതാണ്.

ലാലേട്ടന്റെ അടി, ഡാന്‍സ്, പാട്ട് അല്ലെങ്കില്‍ ഹ്യൂമറുകള്‍, കോമഡി, സങ്കടം തുടങ്ങി എല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. പുള്ളി നമ്മളെ കരയിപ്പിച്ച ഒരുപാട് സങ്കടങ്ങളുണ്ട്. അങ്ങനെയുള്ള ഒരാളെ നമ്മള്‍ തിരിച്ചുകൊണ്ടുവരികയല്ല ചെയ്തത്. എല്ലാവരും പറഞ്ഞു ലാലേട്ടന്‍ തിരിച്ചുവന്നുവെന്ന്. ലാലേട്ടന്‍ തിരിച്ചു വരാന്‍ എവിടെയും പോയിട്ടില്ല,’ ബിനു പപ്പു പറയുന്നു.

 

Content Highlight: The greatest compliment is to hear ‘I have found my Lalettan says Binu Pappu