മലയാളത്തിലെ ഏറ്റവും വലിയ താരത്തിന്റെ മുഖത്ത് നോക്കി ഒരു വില്ലനും അങ്ങനെ പറഞ്ഞിട്ടില്ല; തിയേറ്റര്‍ ആടിയുലഞ്ഞ സീന്‍: തരുണ്‍ മൂര്‍ത്തി
Entertainment
മലയാളത്തിലെ ഏറ്റവും വലിയ താരത്തിന്റെ മുഖത്ത് നോക്കി ഒരു വില്ലനും അങ്ങനെ പറഞ്ഞിട്ടില്ല; തിയേറ്റര്‍ ആടിയുലഞ്ഞ സീന്‍: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th May 2025, 12:48 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ പിറന്ന തുടരും. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം തിയേറ്റര്‍ ഇളക്കിമറിച്ച് മുന്നേറുകയാണ്.

ഇപ്പോള്‍ ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൊലീസ് വണ്ടിയിലെ ആ സീന്‍ ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതിനകത്ത് ഒരു ഡയലോഗ് ഉണ്ടായിരുന്നു. സാധാരണ ഒരു സിനിമയും വില്ലന്‍ വന്നിട്ടിട്ട് ‘ഇത് എന്റെ സിനിമയാണ്, ഈ കഥയിലെ നായകന്‍ ഞാനാണ്’ എന്ന് പറയില്ലല്ലോ. അതും മലയാളത്തിലെ ഏറ്റവും വലിയ താരത്തിന്റെ അടുത്ത്.

അപ്പോള്‍ ഞാന്‍ സ്‌ക്രിപ്റ്റില്‍ അതിന് കൗണ്ടര്‍ ആയിട്ട് ‘ഈ കഥ ഞാന്‍ തിരുത്തും സാറേ’ എന്ന് എഴുതിവെച്ചിട്ടുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് കൊടുക്കാനായിട്ട് ബിനു (ബിനു പപ്പു) ആണ് ലാല്‍ സാറിന്റെ അടുത്തിത്തേക്ക്‌ പോകാറുള്ളത്. അദ്ദേഹം സ്‌ക്രിപ്‌റ്റെല്ലാം വായിച്ച് നോക്കിയിട്ട്, ‘നമ്മുടെ ആളൊരു സാധു മനുഷ്യനല്ലേ, അപ്പോള്‍ ഞാന്‍ ചുമ്മാ ഒന്ന് നോക്കിയാല്‍ പോരെയെന്ന് ഡയറക്ടര്‍ സാറിനോട് ചോദിക്കാമോ’ എന്ന് ബിനുവിനോട് പറഞ്ഞു.

അദ്ദേഹം ഓടിവന്നിട്ട് ലാലേട്ടന്‍ ഇങ്ങനെ പറയുന്നുണ്ട്, എന്താ ചെയ്യേണ്ടതെന്ന് ചോദിച്ചു. ‘തിയേറ്റര്‍ ആടി ഉലയാന്‍ പോകുന്ന സീനാണ്. അത് ലാലേട്ടന്‍ തന്നെ പറയണം. അദ്ദേഹത്തെ കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം’ എന്ന് ഞാനും ബിനുവിനോട് പറഞ്ഞു. അങ്ങനെ ബിനു കുറച്ച് വട്ടം ഞങ്ങളുടെ രണ്ടുപേരുടെയും ഇടയില്‍ കിടന്ന് ചുറ്റി.

അങ്ങനെ ഇരിക്കുമ്പോഴാണ് അര്‍ജുന്‍ ദാസ് എനിക്ക് മെസേജ് അയക്കുന്നത്. അവന് ലാലേട്ടന്റെ ഏതെങ്കിലും സീന്‍ ഷൂട്ട് ചെയ്യുന്നത് കാണണമെന്ന്. അങ്ങനെ ഞാന്‍ ഈ സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് അവനെ വിളിച്ച് ഇങ്ങനെ ഒരു ഉഗ്രന്‍ രംഗം എടുക്കുന്നുണ്ട്, അത് തിയേറ്റര്‍ കുലുക്കി മറിക്കാന്‍ ചാന്‍സുണ്ട്, വരുന്നോ എന്ന് ചോദിച്ചു. അവന്‍ ഉടനെത്തന്നെ അത് കാണാന്‍ വേണ്ടി വന്നു,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun Moorthy Talks About Thudarum Movie  And Mohanlal