പ്രഖ്യാപനം മുതല്‍ വലിയ ശ്രദ്ധ നേടിയ സിനിമയാണ് തുടരും. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിനൊപ്പം ചെയ്യുന്ന സിനിമയാണ് തുടരും. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന സിനിമകൂടിയാണ് തുടരും.
കഥ കേട്ടപാടെ ലാലേട്ടനോടൊപ്പം ശോഭന വന്നാല്‍ നന്നായിരിക്കും എന്ന് തോന്നിയിരുന്നു. ശോഭന മാമിനോട് പറഞ്ഞപ്പോള്‍ തന്നെ ‘ലാലിനൊപ്പം അല്ലെ വരാം’ എന്ന് സമ്മതിക്കുകയായിരുന്നു – സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
തുടരും എന്ന ചിത്രത്തെ കുറിച്ചും ശോഭന- മോഹന്‍ലാല്‍ ജോഡിയെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. മോഹന്‍ലാലിനെ പോലെയൊരു നടനെ വെച്ച് തനിക്ക് സിനിമ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താനൊരു മോഹന്‍ലാല്‍ ആരാധകനാണെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു.
തുടരും എന്ന ചിത്രത്തിന്റെ കഥ കേട്ട ഉടനെ മോഹന്‍ലാലിന്റെ കൂടെ ശോഭന വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നിയെന്നും സിനിമ കണ്ട് വളര്‍ന്ന അന്ന് തൊട്ട് ആരാധനയും കൊതിയും തോന്നിയിട്ടുള്ള ജോഡിയാണ് ശോഭനയും മോഹന്‍ലാലുമെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. നാനാ സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ അടുത്ത സിനിമ തുടരും ആണ്. രജപുത്രാ പ്രൊഡക്ഷന്‍സില്‍ നിന്ന് ലാലേട്ടന് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ് ഒരു കഥയാണ് അവര്‍ പറഞ്ഞത്. എന്നിലെ പ്രേക്ഷകനെ ആ കഥ പ്രീതിപ്പെടുത്തി. അങ്ങനെയാണ് ഞാന്‍ അത് ചെയ്യാന്‍ തുനിഞ്ഞത്. ഒരിക്കലും മോഹന്‍ലാല്‍ എന്ന് പറയുന്ന പ്രതിഭയെവെച്ച് എനിക്ക് സംവിധാനം ചെയ്യേണ്ടി വരുമെന്ന് കരുതിയതല്ല.
കഥ കേട്ടപാടെ ലാലേട്ടനോടൊപ്പം ശോഭന വന്നാല്‍ നന്നായിരിക്കും എന്ന് തോന്നിയിരുന്നു. ശോഭന മാമിനോട് പറഞ്ഞപ്പോള്‍ തന്നെ ‘ലാലിനൊപ്പം അല്ലെ വരാം’ എന്ന് സമ്മതിക്കുകയായിരുന്നു. സിനിമ കണ്ട് വളര്‍ന്ന അന്ന് തൊട്ട് ആരാധനയും കൊതിയും തോന്നിയിട്ടുള്ള പെയര്‍ ആണല്ലോ ഇരുവരും.
സിനിമാ സെറ്റില്‍ സംവിധാനം ചെയ്യുമ്പോള്‍ പലപ്പോഴും അതിശയത്തോടെ ഞാന്‍ ഇരുവരെയും നോക്കാറുണ്ട്. എന്ത് വലിയ അവസരത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത് എന്ന്.
കുഞ്ഞുനാള്‍ തൊട്ട് മോഹന്‍ലാല്‍ ആരാധകനായ ഞാന്‍ അദ്ദേഹത്തെ എങ്ങനെ കാണാന്‍ ആഗ്രഹിച്ചുവോ അതാണ് സിനിമയിലെ കഥാപാത്രം. നല്ലൊരു അനുഭവവും പാഠവും ആണ് എനിക്ക് തുടരും. വലിയ പ്രതീക്ഷകളാണ് സിനിമയെക്കുറിച്ച് എനിക്ക്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.