ഇളയരാജയുടെ പാട്ട് മൂളിക്കോട്ടെ എന്ന് ലാലേട്ടന്‍ ചോദിച്ചു, കോപ്പിറൈറ്റടിച്ച് പണി വാങ്ങണ്ട എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: തരുണ്‍ മൂര്‍ത്തി
Entertainment
ഇളയരാജയുടെ പാട്ട് മൂളിക്കോട്ടെ എന്ന് ലാലേട്ടന്‍ ചോദിച്ചു, കോപ്പിറൈറ്റടിച്ച് പണി വാങ്ങണ്ട എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th May 2025, 9:20 pm

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായി തുടരും മാറി. ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കി.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് തരുണ്‍ മൂര്‍ത്തി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കമ്പത്തേക്ക് പോകുന്ന സീന്‍ എടുത്ത സമയത്ത് രസകരമായിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. ആ സന്ദര്‍ഭത്തില്‍ ഷണ്മുഖന്‍ എന്ന കഥാപാത്രത്തിന്റെ കിളി പോയി ഇരിക്കുന്ന അവസ്ഥയാണെന്നും ആ സമയത്ത് പാസ്റ്റില്‍ ചെയ്തതുപോലെ ഇളയരാജയുടെ പാട്ട് മൂളിക്കോട്ടെയെന്ന് മോഹന്‍ലാല്‍ ചോദിച്ചെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.

അത് വേണ്ടെന്നും ഇളയരാജ ചിലപ്പോള്‍ കോപ്പിറൈറ്റിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ മോഹന്‍ലാലിനോട് പറഞ്ഞെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. ആകെ കുറച്ച് പാട്ടിന് മാത്രമേ കോപ്പിറൈറ്റ് വാങ്ങിയിട്ടുള്ളൂവെന്നും കൂടുതല്‍ പാട്ട് ചേര്‍ത്താല്‍ വീണ്ടും പ്രശ്‌നമാകാന്‍ സാധ്യതയുണ്ടെന്ന് മോഹന്‍ലാലിനെ പറഞ്ഞ് മനസിലാക്കിയെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ഏതൊക്കെ പാട്ടാണെന്ന് ചോദിച്ച് മനസിലാക്കിയിട്ട് ആ പാട്ട് മൂളിക്കോട്ടെയെന്ന് മോഹന്‍ലാല്‍ ചോദിച്ചെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. ഇനിയും പാട്ടുകള്‍ ചേര്‍ത്താല്‍ നിര്‍മാതാവിന് പ്രശ്‌നമാകുമെന്ന് മോഹന്‍ലാലിനോട് പറഞ്ഞെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ മൂര്‍ത്തി ഇക്കാര്യം പറഞ്ഞത്.

‘ഈ പടത്തില്‍ കമ്പത്ത് വെച്ച് ഷൂട്ട് ചെയ്ത സീക്വന്‍സുകളുണ്ടല്ലോ. ആ സമയത്ത് ആ കഥാപാത്രം ഒരുമാതിരി കിളി പോയ അവസ്ഥയിലാണല്ലോ. അപ്പോള്‍ പാസ്റ്റിലെ കാര്യവുമായി കണക്ട് ചെയ്യാന്‍ ഇളയരാജയുടെ പാട്ട് മൂളിക്കോട്ടെ എന്ന് ലാലേട്ടന്‍ എന്നോട് ചോദിച്ചു. ‘ആകെ കുറച്ച് പാട്ടിന്റെ കോപ്പിറൈറ്റ് മാത്രമേ നമ്മുട കൈയിലുള്ളൂ. ഇളയരാജയാണ്, കോപ്പിറൈറ്റടിച്ച് പണി വാങ്ങണ്ട’ എന്ന് ഞാന്‍ ലാലേട്ടനോട് പറഞ്ഞു.

‘ഏതൊക്കെ പാട്ടിന്റെ കോപ്പിറൈറ്റാ ഉള്ളത്, അതിലൊരു പാട്ട് ഞാന്‍ മൂളാം’ എന്ന് ലാലേട്ടന്‍ പറഞ്ഞു. പക്ഷേ, എങ്ങാനും അത് പ്രശ്‌നമായാല്‍ പ്രൊഡ്യൂസര്‍ക്ക് പണികിട്ടുമെന്നൊക്കെ പറഞ്ഞ് ഞാന്‍ ലാലേട്ടനെ കണ്‍വിന്‍സാക്കി. ‘അപ്പോള്‍ ഞാന്‍ മൂളിപ്പാട്ട് പോലും പാടണ്ടല്ലേ, ശരി’ എന്നായിരുന്നു ലാലേട്ടന്റെ മറുപടി,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun Moorthy about the retro songs used in Thudarum movie and Mohanlal