സ്‌ക്രിപ്റ്റ് വിവരിച്ചപ്പോള്‍ മുതല്‍ ആ സീന്‍ എടുക്കാന്‍ ലാലേട്ടന് തിടുക്കമായിരുന്നു, എനിക്ക് അത് കളയാന്‍ തോന്നിയില്ല: തരുണ്‍ മൂര്‍ത്തി
Entertainment
സ്‌ക്രിപ്റ്റ് വിവരിച്ചപ്പോള്‍ മുതല്‍ ആ സീന്‍ എടുക്കാന്‍ ലാലേട്ടന് തിടുക്കമായിരുന്നു, എനിക്ക് അത് കളയാന്‍ തോന്നിയില്ല: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th May 2025, 9:44 pm

മലയാളത്തിലെ ചരിത്രവിജയമായി മാറിയ ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രമായി തുടരും മാറി. മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയാണ് തുടരും. കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചിത്രത്തില്‍ മോഹന്‍ലാല്‍ ശോഭനയോട് പുറത്തുപോയി കഴിക്കാമെന്ന് പറയുന്ന സീന്‍ ഇന്‍സ്റ്റഗ്രാം റീലുകളില്‍ കണ്ടതായിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. സ്‌ക്രിപ്റ്റ് കേള്‍പ്പിച്ച സമയത്ത് മോഹന്‍ലാല്‍ ആ ഡയലോഗ് കേട്ട് ഒരുപാട് ചിരിച്ചെന്നും അദ്ദേഹത്തിന് അത് വര്‍ക്കായെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ആ സീന്‍ ചെയ്യാന്‍ മോഹന്‍ലാലിന് തിടുക്കമായിരുന്നെന്നും പലപ്പോഴും തന്നോട് ആ സീനിനെക്കുറിച്ച് ചോദിക്കുമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യുന്നവര്‍ക്ക് ആ ഡയലോഗ് ക്ലീഷേയായും ക്രിഞ്ചായും തോന്നാമെന്നും എന്നാല്‍ മോഹന്‍ലാല്‍ ആ ഡയലോഗ് അവതരിപ്പിച്ച രീതി എല്ലാവര്‍ക്കും സ്വീകാര്യമായെന്നും തരുണ്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘ലാലേട്ടന്‍ ശോഭന മാമിനോട് ‘നമുക്കിന്ന് പുറത്തുപോയി കഴിക്കാം’ എന്ന് പറയുന്ന ഡയലോഗ് എനിക്ക് ഇന്‍സ്റ്റഗ്രാം റീലില്‍ നിന്ന് കിട്ടിയതാണ്. പലര്‍ക്കും അത് അറിയുകയും ചെയ്യാം. പക്ഷേ, ലാലേട്ടന് അത് ഫ്രഷ് ഐറ്റമായിരുന്നു. സ്‌ക്രിപ്റ്റ് റെക്കോഡ് ചെയ്ത് കേള്‍പ്പിച്ച സമയത്ത് ഈ ഡയലോഗ് കേട്ട് ലാലേട്ടന്‍ കുറേ ചിരിച്ചു. പുള്ളിക്ക് അത് വര്‍ക്കായെന്ന് മനസിലായി.

ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഈയൊരു സീന്‍ എപ്പോഴാണ് ഷൂട്ട് ചെയ്യുന്നതെന്ന് എന്നോട് ചോദിക്കാന്‍ തുടങ്ങി. പുള്ളിക്ക് തിടുക്കമായിരുന്നു. ആ സീന്‍ എടുത്ത സമയത്ത് അത് ക്രിഞ്ചാവുമോ, ആരെങ്കിലും ക്ലീഷേ എന്ന് പറയുമോ എന്ന് ചെറിയൊരു സംശയം തോന്നി. അങ്ങനെയാണ് ‘കണ്‍കണ്ടത് നിജം’ എന്നും കൂടി ലാലേട്ടനെക്കൊണ്ട് പറയിപ്പിച്ചത്.

അത് കേട്ടപ്പോള്‍ ‘എന്തിനാ മോനേ അങ്ങനെ പറയുന്നത്’ എന്ന് ലാലേട്ടന്‍ ചോദിച്ചു. അപ്പോള്‍ ആ സീനിന് കുറച്ചുകൂടി ഹ്യൂമര്‍ ചേര്‍ക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞു. അതോടെ ലാലേട്ടന്‍ ആ സീനിന് ഓക്കെയായി. പിന്നീട് ആ ഡയലോഗും അത് കഴിഞ്ഞുള്ള സീനും എല്ലാ ഓഡിയന്‍സിനും കറക്ടായി വര്‍ക്ക് ചെയ്തു,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun Moorthy about Mohanlal’s scene with Shobana in Thudarum movie