മോനേ, ഞാന്‍ ഈ ഡയലോഗ് പറഞ്ഞാല്‍ ആളുകള്‍ ഒരു ഫൈറ്റ് പ്രതീക്ഷിക്കില്ലേ എന്ന് ലാലേട്ടന്‍ ചോദിച്ചു, അതോടെ ഞാന്‍ കണ്‍വിന്‍സായി: തരുണ്‍ മൂര്‍ത്തി
Entertainment
മോനേ, ഞാന്‍ ഈ ഡയലോഗ് പറഞ്ഞാല്‍ ആളുകള്‍ ഒരു ഫൈറ്റ് പ്രതീക്ഷിക്കില്ലേ എന്ന് ലാലേട്ടന്‍ ചോദിച്ചു, അതോടെ ഞാന്‍ കണ്‍വിന്‍സായി: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th May 2025, 3:41 pm

മലയാളത്തിലെ ചരിത്രവിജയമായി മാറിയ ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രമായി തുടരും മാറി. മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയാണ് തുടരും.

ചിത്രത്തില്‍ ഒരുപാട് പ്രതീക്ഷയോടെ എഴുതിയ ഒരു ഡയലോഗ് മാറ്റാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നെന്ന് തരുണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനെപ്പറ്റി സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. കോടതിയില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ ജോര്‍ജ് മാത്തന്‍ എന്ന കഥാപാത്രം മോഹന്‍ലാലിനെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതിന് മറുപടിയായി ഷണ്മുഖന്‍ ഒരു ഡയലോഗ് പറയുന്നതായുമാണ് താന്‍ സ്‌ക്രിപ്റ്റില്‍ എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആ ഡയലോഗ് വേണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ അഭിപ്രായമെന്ന് തരുണ്‍ പറയുന്നു. ഇത്തരം ഡയലോഗ് പറയാന്‍ ഇത് ഷാജി കൈലാസിന്റെയോ രണ്‍ജി പണിക്കറിന്റയോ സിനിമയല്ലല്ലോ എന്ന് മോഹന്‍ലാല്‍ ചോദിച്ചെന്നും അതില്‍ തനിക്ക് തൃപ്തിയായില്ലെന്നും തരുണ്‍ പറയുന്നു.തിയേറ്ററില്‍ കൈയടി വീഴുമെന്ന് ഉറപ്പുള്ള ഡയലോഗായിരുന്നു അതെന്നും താന്‍ അത് മോഹന്‍ലാലിനെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ താന്‍ ആ ഡയലോഗ് പറഞ്ഞാല്‍ പിന്നീട് പ്രേക്ഷകര്‍ ഒരു ഫൈറ്റ് പ്രതീക്ഷിക്കുമെന്നും അത് ആസ്വാദനത്തെ ബാധിക്കുമെന്നും മോഹന്‍ലാല്‍ തന്നോട് പറഞ്ഞെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. ആ മറുപടിയില്‍ താന്‍ കണ്‍വിന്‍സായെന്നും ഡയലോഗിന് പകരം മോഹന്‍ലാല്‍ പ്രകാശ് വര്‍മയെ നോക്കുന്ന സീന്‍ ആളുകള്‍ ആഘോഷിച്ചെന്നും അദ്ദേഹം പറയുന്നു. കാര്‍ത്തിക് സൂര്യയോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘ആ സീനില്‍ ജോര്‍ജ് മാത്തന്‍ അത്രയും വലിയ ഡയലോഗ് പറയുമ്പോള്‍ തിരിച്ച് ഷണ്മുഖന്‍ ഒരൊറ്റ ഡയലോഗില്‍ അയാളെ നിശബ്ദനാക്കുന്നുണ്ട്. സ്‌ക്രിപ്റ്റ് വായിച്ചിട്ട് ലാലേട്ടന്‍ ‘ഇങ്ങനത്തെ ഡയലോഗ് പറയാന്‍ ഇത് ഷാജി കൈലാസിന്റെയോ രണ്‍ജി പണിക്കറുടെയോ സിനിമയല്ലല്ലോ’ എന്ന് ചോദിച്ചു. എനിക്ക് അത് കേട്ടിട്ടും തൃപ്തിയായില്ല. തിയേറ്ററില്‍ കൈയടി വീഴുമെന്ന് ഉറപ്പുള്ള ഡയലോഗാണെന്ന് ഞാന്‍ പുള്ളിയോട് പറഞ്ഞു.

അപ്പോള്‍ പുള്ളി ട്രാക്ക് മാറ്റി. ‘മോനേ, ഈ ഡയലോഗ് ഞാന്‍ പറഞ്ഞാല്‍ അടുത്തത് ഒരു ഫൈറ്റാകുമെന്ന് ആളുകള്‍ കരുതില്ലേ. അത് പിന്നെ നമ്മുടെ സസ്‌പെന്‍സ് കളയില്ലേ’ എന്ന് ചോദിച്ചു. അതോടെ ഞാന്‍ കണ്‍വിന്‍സായി. ‘എങ്ങനെയാണ് നോക്കേണ്ടത് മോനേ’ എന്ന് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ ‘ജോര്‍ജിന്റെ അണ്ണാക്കില്‍ അടിച്ച് കൊടുക്കുന്ന രീതിയില്‍ നോക്കണം’ എന്നായിരുന്നു മറുപടി. ആ ഐറ്റം കറക്ടായി എനിക്ക് ക്യാമറയില്‍ കിട്ടി,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Tharun Moorthy about Mohanlal’s preparation for police jeep scene in Thudarum movie