ആ ഷോട്ടിന് മുമ്പ് ലാലേട്ടന്‍ കണ്ണടച്ച് കൃഷ്ണമണി മാത്രം റൊട്ടേറ്റ് ചെയ്യുന്നത് കണ്ടു, അത് എന്തിനായിരുന്നെന്ന് പിന്നീട് മനസിലായി: തരുണ്‍ മൂര്‍ത്തി
Entertainment
ആ ഷോട്ടിന് മുമ്പ് ലാലേട്ടന്‍ കണ്ണടച്ച് കൃഷ്ണമണി മാത്രം റൊട്ടേറ്റ് ചെയ്യുന്നത് കണ്ടു, അത് എന്തിനായിരുന്നെന്ന് പിന്നീട് മനസിലായി: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th June 2025, 11:23 am

മലയാളത്തിലെ ചരിത്രവിജയമായി മാറിയ ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രമായി തുടരും മാറി. മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയാണ് തുടരും. കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ചിത്രത്തില്‍ ഏറ്റവുമധികം കൈയടി ലഭിച്ച സീനുകളിലൊന്നായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച ഷണ്മുഖം കോടതിയുടെ മുന്നില്‍ വെച്ച് വില്ലനെ നോക്കുന്നത്. മോഹന്‍ലാല്‍ എന്ന നടന്‍ ഈയടുത്ത് ചെയ്ത ഏറ്റവും മികച്ച മാസ് സീനായാണ് പലരും ആ നോട്ടത്തെ വിലയിരുത്തിയത്. ആ സീനിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

സ്‌ക്രിപ്റ്റില്‍ ആദ്യം വില്ലന്റെ ഡയലോഗിന് മറുപടിയായി മോഹന്‍ലാലിന്റെ കഥാപാത്രവും കൗണ്ടര്‍ ഡയലോഗ് ഉണ്ടായിരുന്നെന്നും എന്നാല്‍ മോഹന്‍ലാലാണ് അത് തിരുത്തിയതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. ഡയലോഗിന് പകരം താന്‍ ഒരു നോട്ടം നോക്കാമെന്നും വില്ലനുള്ള മറുപടി അതിലുണ്ടാകുമെന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.

വില്ലനുള്ള വാണിങ് ആകണം ആ നോട്ടമെന്ന് താന്‍ ആവശ്യപ്പെട്ടെന്നും ശ്രമിക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും അദ്ദേഹം പറയുന്നു. ഷോട്ടെടുക്കുന്നതിന് മുമ്പ് മോഹന്‍ലാല്‍ കണ്ണുകളടച്ച് കൃഷ്ണമണി മാത്രം റൊട്ടേറ്റ് ചെയ്യുന്നത് കണ്ടെന്നും അതിന്റെ റിസല്‍ട്ട് ഷോട്ടില്‍ തനിക്ക് ലഭിച്ചെന്നും തരുണ്‍ പറഞ്ഞു. കാര്‍ത്തിക് സൂര്യയോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘കോടതിയുടെ മുന്നില്‍ വെച്ചുള്ള സീനില്‍ ലാലേട്ടന് ഡയലോഗുണ്ടായിരുന്നു. പക്ഷേ, അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം എന്നെ കണ്‍വിന്‍സ് ചെയ്തു. ‘എങ്ങനെയുള്ള നോട്ടമാണ് മോനേ വേണ്ടത്’ എന്ന് ചോദിച്ചു. ഇങ്ങനെ ഒരു അഭിമുഖത്തില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല, എന്നാലും പറയാം. ‘ജോര്‍ജിന്റെ അണ്ണാക്കില്‍ അടിച്ചുകൊടുക്കുന്നത് പോലെയുള്ള നോട്ടമാണ് വേണ്ടത്’ എന്ന് പറഞ്ഞു. ‘അതെങ്ങനെയാണെന്ന് അറിയില്ല മോനേ, എന്നാലും നോക്കാം’ എന്ന് ലാലേട്ടന്‍ പറഞ്ഞു.

പുള്ളി എന്താണ് ചെയ്യാന്‍ പോകുന്നതെന്നറിയാന്‍ വേണ്ടി ഞാന്‍ നിരീക്ഷിച്ചു. ഷോട്ടിന് മുമ്പ് ലാലേട്ടന്‍ കണ്ണുകളടച്ച് കൃഷ്ണമണി മാത്രം റൊട്ടേറ്റ് ചെയ്യുന്നത് കണ്ടു. കണ്ണിലെ ഞരമ്പുകളെല്ലാം വലിഞ്ഞ് നില്‍ക്കാന്‍ വേണ്ടിയായിരുന്നു അത്. കഥകളിക്കാരൊക്കെ കണ്ണിലെ ഞരമ്പ് വലിഞ്ഞ് നില്‍ക്കാന്‍ വേണ്ടി ചുണ്ടപ്പൂവ് കണ്ണില്‍ തേക്കാറുണ്ട്. ലാലേട്ടന്‍ അങ്ങനെ ചെയ്തതിന്റെ റിസല്‍ട്ട് ആ സീനില്‍ കിട്ടി,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun Moorthy about Mohanlal’s preparation for court scene in Thudarum movie