ലാലേട്ടനെ വെച്ച് അങ്ങനെയൊരു ആക്ഷന്‍ സീക്വന്‍സ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു, എന്നെ ട്രോള്‍ മെറ്റീരിയലാക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി; തരുണ്‍ മൂര്‍ത്തി
മലയാളക്കര കണ്ട ഗംഭീര വിജയമായി മാറിയിരിക്കുകയാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കിയ ആദ്യ ചിത്രമായി തുടരും മാറി. ഒ.ടി.ടി റിലീസിന് ശേഷവും ചിത്രത്തിന് പ്രശംസകള്‍ കൂടുകയാണ്.
എങ്ങനെയാണ് അത് ചെയ്യുകയെന്നും തന്നെ ട്രോള്‍ മെറ്റീരിയലാക്കിയേ അടങ്ങുള്ളോ എന്നും മോഹന്‍ലാല്‍ ചോദിച്ചെന്നും അദ്ദേഹം പറയുന്നു. പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോള്‍ എങ്ങനെയെങ്കിലും അത് ചെയ്യിക്കണമെന്ന് തനിക്ക് വാശിയായിരുന്നെന്നും മോഹന്‍ലാല്‍ ഒടുവില്‍ അത് ചെയ്‌തെന്നും തരുണ്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘ഫാനെടുത്ത് തലക്കടിക്കുന്ന ഫൈറ്റ് ലാലേട്ടനെക്കൊണ്ട് ചെയ്യിക്കണമെന്ന് എനിക്ക് ചെറിയൊരു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഈ കാര്യം പുള്ളിയോട് പറഞ്ഞപ്പോള്‍ ‘എങ്ങനെയാ മോനേ ഞാന്‍ അത് ചെയ്യുക, അത് പോസിബിളാണോ’ എന്നായിരുന്നു ചോദിച്ചത്. പറ്റുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘എന്നെ ട്രോള്‍ മെറ്റീരിയിലാക്കിയേ അടങ്ങുള്ളൂ അല്ലേ’ എന്നും ചോദിച്ചു.
പക്ഷേ, എനിക്ക് അത് വിട്ടുകളയാന്‍ തോന്നിയില്ല. പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ സില്‍വയോട് ഇക്കാര്യം പറഞ്ഞു. പുള്ളി ലാലേട്ടനോട് സംസാരിച്ച് ഓക്കെയാക്കി. അങ്ങനെ ആ ഫൈറ്റില്‍ ജോയ്‌സിന്റെ തലയിലേക്ക് ഈ ഫാനെടുത്ത് അടിക്കുന്നത് ലാലേട്ടന്‍ ചെയ്തു. എനിക്ക് സമാധാനമായി.
പിന്നീട് ആ ഷോട്ട് ലാലേട്ടന് കാണണമെന്ന് പറഞ്ഞു. ഞാന്‍ മോണിറ്ററിന്റെ മുന്നില്‍ ഇരിക്കുന്നു, ലാലേട്ടന്‍ എന്റെ ചെയറില്‍ ചാരി നില്‍ക്കുകയാണ്. പുള്ളിക്ക് ഷോട്ട് ഇഷ്ടമായാല്‍ നമ്മുടെ തോളില്‍ നൈസായിട്ട് അമര്‍ത്തും. ആ ഷോട്ട് കണ്ടിട്ട് അമര്‍ത്തി. എന്നിട്ട് ‘നിങ്ങള്‍ക്ക് വേണ്ടിയാണ് കേട്ടോ ഞാന്‍ ഇതൊക്കെ ചെയ്യുന്നത്’ എന്ന് പറഞ്ഞു. എനിക്ക് അത് കേട്ട് സന്തോഷമായി,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content Highlight: Tharun Moorthy about Mohanlal and Police station fight scene in Thudarum movie