ഷൂട്ട് കഴിഞ്ഞ് പോയ ലാലേട്ടനെ തിരിച്ചുവിളിച്ചു, അഭിമാനപ്രശ്‌നമാണെന്ന് പറഞ്ഞ് ആ സീന്‍ ഷൂട്ട് ചെയ്യിച്ചു: തരുണ്‍ മൂര്‍ത്തി
Entertainment
ഷൂട്ട് കഴിഞ്ഞ് പോയ ലാലേട്ടനെ തിരിച്ചുവിളിച്ചു, അഭിമാനപ്രശ്‌നമാണെന്ന് പറഞ്ഞ് ആ സീന്‍ ഷൂട്ട് ചെയ്യിച്ചു: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th May 2025, 10:12 am

തുടരും എന്ന ചിത്രത്തെ കുറിച്ചും ആ സിനിമയിലേക്ക് ആളുകളെ ഇന്‍ ആക്കാനായി താന്‍ പ്ലാന്‍ ചെയ്ത നാല് ഏരിയകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

അതിനൊപ്പം കണ്‍മണിപ്പൂവേ എന്ന പാട്ടിനായി 25 ഓളം സീക്വന്‍സുകള്‍ ഷൂട്ട് ചെയ്തതിനെ കുറിച്ചും ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് തിരിച്ചുപോയ ലാലേട്ടനെ തിരിച്ച് വിളിച്ച് എടുത്ത ഒരു രംഗത്തെ കുറിച്ചുമൊക്കെ തരുണ്‍ സംസാരിക്കുന്നുണ്ട്. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍.

‘ സിനിമയിലെ എന്റെ ഒരു ഹൂക്കിങ് പോയിന്റ് കണ്‍മണിപ്പൂവേ എന്ന പാട്ടായിരുന്നു. 70 ശതമാനം ഓഡിയന്‍സിനേയും കണ്‍മണിപ്പൂവേയില്‍ ഇന്‍ ആക്കണമെന്നുള്ളതുകൊണ്ട് ഇത് എടുത്തിട്ടും എടുത്തിട്ടും കൊതി തീരുന്നില്ല.

27 സീക്വന്‍സുകള്‍ ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ആറ് മിനുട്ട് ഉണ്ട് ആ പാട്ട്. ഞാന്‍ ഏതാണ്ട് 22 ഓളം സീക്വന്‍സ് സ്‌ക്രിപ്റ്റില്‍ തന്നെ എഴുതിയിട്ടുണ്ട്.

രാവിലെ ചെല്ലുമ്പോള്‍ തന്നെ നമുക്കിന്ന് സോങ് എടുത്താലോ എന്ന് ചോദിക്കും. വീടിന്റെ ഈ സ്‌പേസ് യൂസ് ചെയ്യാം എന്ന രീതിയില്‍ വീട് 360 ഡിഗ്രിയില്‍ യൂസ്‌ചെയ്തു.

ഒരു ദിവസം ലാലേട്ടന്‍ രാവിലെ വരുമ്പോള്‍ സോങ് ആണ് സാര്‍ എടുക്കുന്നത് എന്ന് പറയും. മോണിങ് ലൈറ്റില്‍ അത് ഷൂട്ട് ചെയ്യും. കുറേ ദിവസം ആയപ്പോള്‍ ഇത് തീരുന്നില്ലേ എന്ന് ലാല്‍ സാര്‍ ചോദിച്ചു.

സാര്‍ സാധാരണ പ്രിയന്‍ സാറിന്റെ സോങ്ങുകളില്‍ 25ഓളം സീക്വന്‍സുകള്‍ ഉണ്ടാകും. അത് നമ്മള്‍ അറിയാറില്ല. ഇതില്‍ നമുക്ക് ഏതാണ്ട് 25ഓളം സീക്വന്‍സ് പോകണം. മാക്‌സിമം എടുക്കുകയാണ് എന്ന് പറഞ്ഞു.

അങ്ങനെ സോങ് എടുത്തു. എല്ലാം തൃപ്തിയായി ഇരിക്കുകയാണ്. ഒരു ദിവസം ശോഭന മാം എന്റെ അടുത്ത് വന്നിട്ട് തരുണേ, നമുക്ക് പുറത്തേക്കൊന്നും ഇറങ്ങണ്ടേ, ഞാന്‍ ഈ വീടിന്റെ അകത്തിരുന്ന് മടുത്തു. നിങ്ങള്‍ എന്നെ ഒന്ന് പുറത്ത് കൊണ്ടുപോ എന്ന് പറഞ്ഞു.

എന്നാല്‍ നമുക്ക് ഒരു ടെക്‌സറ്റൈല്‍സില്‍ പോകാം. ഒരു ഇടുങ്ങിയ ടെക്‌സ്‌റ്റൈല്‍സില്‍ പോകാമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ സീനൊക്കെ ഷൂട്ട് ചെയ്യുന്നത്.

അതിന് ശേഷം നമ്മള്‍ പടത്തിന്റെ പ്രധാനപ്പെട്ട സീക്വന്‍സൊക്കെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഷാജി ചേട്ടന്‍ വലിയൊരു പ്ലാവും നോക്കി റോഡ് സൈഡില്‍ ഇങ്ങനെ നില്‍ക്കുന്നു. ചക്ക ഇങ്ങനെ നിറയെ ഉണ്ടായി നില്‍ക്കുകയാണ്.

എടാ ഈ പ്ലാവ് നമുക്ക് എവിടെയെങ്കിലും യൂസ് ചെയ്യേണ്ടേ എന്ന് ചോദിച്ചു. അപ്പോഴേക്കും ലാല്‍സാര്‍ ഷൂട്ട് കഴിഞ്ഞ് കാരവനിലേക്ക് പോയി. ബിനുവിനെ വിട്ട് വിളിപ്പിച്ചു.

ഇനിയെന്താ എടുക്കാനുള്ളത് എന്ന് ചോദിച്ച് സാര്‍ വന്നു. സാര്‍ ഇവിടെ ഒരു പ്ലാവ് നില്‍ക്കുന്നു. ഇത്രയും ചക്കയുള്ള ഒരു പ്ലാവ് ഒരു ലാലേട്ടന്‍ സിനിമയില്‍ കാണിച്ചില്ലെങ്കില്‍ അഭിമാനപ്രശ്‌നമാണെന്ന് ഷാജി ചേട്ടന്‍ പറഞ്ഞു.

നിങ്ങളിനിയും സോങ് എടുക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചു. സര്‍ വണ്ടി പോകുമ്പോള്‍ പ്ലാവിലേക്ക് നോക്കി ലാലേട്ടന്‍ നില്‍ക്കുന്ന ഒരു ഷോട്ട് എടുക്കാമെന്ന് പറഞ്ഞു.

നമുക്ക് എന്തൊക്കെ കണക്ട് ചെയ്യിക്കാന്‍ പറ്റുമോ അതെല്ലാം ചെയ്യിക്കാനുള്ള കൊതി ഉണ്ടായിരുന്നു. ആദ്യത്തെ അര മണിക്കൂറില്‍ ന്യൂ ഏജിനേയും കുറച്ചുകൂടി ഓള്‍ഡ് ജനറേഷനേയും സിനിമയില്‍ ഇന്‍ ആക്കണമായിരുന്നു,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content highlight: Tharun Moorthy about a Song Sequence in Thudarum and Mohanlal Response