ഇന്ദ്രജിത്തിനെ എങ്ങനെ ഉപയോഗിക്കണമെന്ന് ബോളിവുഡ് കാണിച്ചുതരും, അനുരാഗ് കശ്യപ് ചിത്രത്തിന്റെ ടീസറിന് പിന്നാലെ സോഷ്യല്‍ മീഡിയ
Indian Cinema
ഇന്ദ്രജിത്തിനെ എങ്ങനെ ഉപയോഗിക്കണമെന്ന് ബോളിവുഡ് കാണിച്ചുതരും, അനുരാഗ് കശ്യപ് ചിത്രത്തിന്റെ ടീസറിന് പിന്നാലെ സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Friday, 8th May 2026, 8:02 am

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഇന്ദ്രജിത് സുകുമാരന്‍. ബാലതാരമായാണ് താരം സിനിമാലോകത്തേക്ക് കടന്നുവന്നത്. മുതിര്‍ന്നതിന് ശേഷം വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടിയത്. നായകനായും സഹനടനുമായെല്ലാം പലതവണ തന്റെ റേഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ഇന്ദ്രജിത് തന്റെ സാന്നിധ്യമറിയിച്ചു.

എന്നാല്‍ മലയാളം സിനിമാപേജുകളില്‍ ഇന്ദ്രജിത് പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. താരത്തിന്റെ പൊട്ടന്‍ഷ്യലിനനുസരിച്ചുള്ള വേഷങ്ങള്‍ മലയാളത്തില്‍ ലഭിക്കുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇന്ദ്രജിത്തിനെ മലയാളസിനിമ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല എന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.

ബന്ദര്‍ Photo: Theatrical poster

ഇന്ദ്രജിത് ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബന്ദര്‍. ബോളിവുഡിലെ മുന്‍നിര സംവിധായകനായ അനുരാഗ് കശ്യപ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ബോബി ഡിയോള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ശക്തമായ വേഷമാണ് ഇന്ദ്രജിത് കൈകാര്യം ചെയ്യുന്നത്.

ടീസറില്‍ വെറും ഒറ്റഷോട്ടില്‍ വന്നുപോകുന്ന ഇന്ദ്രജിത്താണ് സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ഇന്ദ്രജിത്തിനെ ബോളിവുഡ് വേണ്ടരീതിയില്‍ ഉപയോഗിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അനുരാഗ് കശ്യപിന്റെ റോ- വയലന്റ് ഫ്രെയിമില്‍ ഇന്ദ്രജിത്തിനെ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

ബന്ദര്‍ Photo: Screen grab/ Zee Studios

സമീര്‍ മെഹ്‌റ എന്ന ഗായകന്റെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും പിന്നീട് അയാള്‍ നടത്തുന്ന പോരാട്ടവും തിരിച്ചുവരവുമാണ് ബന്ദറിന്റെ കഥ. ടിപ്പിക്കല്‍ അനുരാഗ് കശ്യപ് സ്റ്റൈലിലുള്ള ചിത്രം തന്നെയാകും ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു. കഴിഞ്ഞവര്‍ഷം ഷൂട്ട് പൂര്‍ത്തിയായ ചിത്രം ഈ വര്‍ഷമാണ് പുറത്തിറങ്ങുന്നത്.

ബോബി ഡിയോളിനും ഇന്ദ്രജിത്തിനുമൊപ്പം കന്നഡ താരം രാജ് ബി. ഷെട്ടിയും ബന്ദറില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമയിലെ മൂന്ന് മികച്ച താരങ്ങള്‍ അണിനിരക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. സാന്യ മല്‍ഹോത്ര, ജിതേന്ദ്ര ജോഷി, സപ്‌ന പബ്ബി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജൂണ്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Teaser of Anurag Kashayp’s new movie starring Indrajith and Bobby Deol out now

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം