[]കോഴിക്കോട്: കോഴിക്കോട് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകത്തിലുള്‍പ്പെട്ട ഒരു കവിതയുടെ പേരില്‍ മാധ്യമങ്ങള്‍ ഒരാളെ കൂടി തീവ്രവാദിയാക്കിയെന്ന് പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ ടി.ടി ശ്രീകുമാര്‍.
“കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍” എന്ന ഇംഗ്ലീഷ് പുസ്തകത്തിലെ ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ “ഓഡ് ടു ദ സീ” എന്ന കവിതയാണ് മാധ്യമങ്ങള്‍ അല്‍ ഖായിദ തീവ്രവാദിയുടെ കവിത എന്ന പേരില്‍ അവതരിപ്പിച്ചത്.[]
നെരൂദ, കമലാദാസ്, മായ ആംഗ്ലോ, ഇംതിയാസ് ധാര്‍ക്കര്‍, സില്‍വിയ പ്ലാത്ത് തുടങ്ങിയവരുടെ കവിതകളുടെ കൂടെയാണ് റുബായിഷിന്റെ കവിതയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തേ ഗ്വാണ്ടനാമോ തടവറയില്‍ കഴിയേണ്ടി വന്നു എന്നതാണ് റുബായിഷിനെ തീവ്രവാദിയാക്കാന്‍ മലയാള മാധ്യമങ്ങളെ പ്രേരിപ്പിച്ചത്. റുബായിഷിനെതിരായ കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അമേരിക്ക അദ്ദേഹത്തെ ഒടുവില്‍ വിട്ടയക്കുകയായിരുന്നു.
അദ്ദേഹത്തെയാണ് മാധ്യമങ്ങള്‍ ചേര്‍ന്ന് തീവ്രവാദിയാക്കിയത്. സൗദി പൗരനായ റുബായിഷ് സൗദി അറേബ്യയിലെ ഇമാം മുഹമ്മദ് ബിന്‍ സൗദ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ട്.
ഇദ്ദേഹം അഫ്ഗാനിസ്ഥാനിലുള്ള സമയത്താണ് അമേരിക്ക പിടികൂടുന്നത്. പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷം വിട്ടയക്കുകയായിരുന്നു. ഗ്വാണ്ടനാമോ തടവറയിലെ ചുമരുകളിലും പാത്രങ്ങളിലും റുബായിഷ് എഴുതിയ കവിത അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശേഖരിച്ച് പുസ്തക രൂപത്തിലാക്കുകയായിരുന്നു.
22 കവിതകളോട് കൂടി “പോയംസ് ഫ്രം ഗ്വാണ്ടനാമോ” എന്ന് പേരിലുള്ള പുസ്തകത്തില്‍ റുബായിഷിന്റേതടക്കമുളള കവിതകളുള്ളത്. ഇതെല്ലാം പാഠപുസ്തകത്തില്‍ പറയുന്നുണ്ട്.
കവിയെ പറ്റി ഇത്രയും വിവരങ്ങള്‍ ശേഖരിച്ചവര്‍ എന്തുകൊണ്ട് അദ്ദേഹത്തിന്റെ തീവ്രവാദ ബന്ധങ്ങള്‍ മറച്ചുവെച്ചു എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നും മാധ്യമങ്ങള്‍ പറഞ്ഞു.
അല്‍ ഖായിദ തീവ്രവാദിയുടെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് ഗുരുതരമായ കുറ്റമാണെന്നും പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്നും വിദ്യാഭ്യാസ സംരക്ഷണ സമിതി പത്രക്കുറിപ്പിറക്കുകയും ചെയ്തു.
“ദി ഡിറ്റെയ്‌നീസ് സ്പീക്ക്” എന്ന റുബായിഷിന്റെ കവിതാ സമാഹരത്തില്‍ പുസ്തകത്തിന്റെ എഡിറ്റര്‍ മാര്‍ക്ക് ഫാല്‍ക്ക് പറയുന്നത്, പാക്കിസ്ഥാനില്‍ അധ്യാപകനായി ജോലി ചെയ്യവേയാണ് അമേരിക്കയുടെ കൂലിപ്പട്ടാളം റുബായിഷിനെ പിടികൂടുന്നത് എന്നാണ്. യുദ്ധങ്ങളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച വ്യക്തിയായിരുന്നു റുബായിഷ്.
റുബായിഷിനെതിരായ കുറ്റം തെളിയിക്കാന്‍ സാധിക്കാതെ അമേരിക്ക അദ്ദേഹത്തെ വിട്ടയക്കുകായിരുന്നെന്ന് ടി.ടി ശ്രീകുമാര്‍ പറയുന്നു.
