കലിനിംഗ്‌റാഡ്: ആദ്യമത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച സ്വിറ്റ്‌സര്‍ലന്റിന് രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം. അവസാന നിമിഷം വരെ ആവേശം മുറ്റി നിന്ന മത്സരത്തില്‍ സെര്‍ബിയയെ ഒന്നിനെതിരെ രണ്ടുഗോളിനാണ് സ്വിറ്റ്‌സര്‍ലന്റ് പരാജയപ്പെടുത്തിയത്.

ഒരു ഗോളിന് പിന്നിട്ടനിന്ന ശേഷമായിരുന്നു സ്വിറ്റ്‌സര്‍ലന്റിന്റെ വിജയം.

ആദ്യമത്സരത്തില്‍ കോസ്റ്ററിക്കയെ ഒരു ഗോളിന് പരാജയപ്പെടുത്തിയ സെര്‍ബിയ സ്വിറ്റ്‌സര്‍ലന്റിനെതിരെ കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ലീഡ് നേടി. അലക്‌സാണ്ടര്‍ മിട്രോവിച്ചിന്റെ മനോഹരമായ ഗോളിലൂടെയാണ് സെര്‍ബിയ സ്വിസ് പടയെ വിറപ്പിച്ചത്.

എന്നാല്‍ പിന്നീട് ഗോള്‍ശ്രമങ്ങളുമായി ഇരുടീമുകളും ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റില്‍ തന്നെ സ്വിറ്റ്‌സര്‍ലണ്ട് തിരിച്ചടിച്ചു.

ഷാക്കിരിയുടെ ഷോട്ട് കോളറോവ് തടഞ്ഞിട്ടെങ്കിലും ഓടി വന്ന ഷാക്കയുടെ ലോംഗ്‌റേഞ്ചര്‍ സെര്‍ബിയന്‍ ഗോളിയെ കാഴ്ചക്കാരനാക്കി കടന്നുപോയി. രണ്ടാം പകുതിയില്‍ കരുത്തോടെ തിരിച്ചെത്തിയ സ്വിറ്റ്‌സര്‍ലണ്ട് സെര്‍ബിയന്‍ ഗോള്‍ മുഖത്ത് നിരന്തരം ഭീതി സൃഷ്ടിച്ചു.

കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഷാക്കിരി സ്വിറ്റ്‌സര്‍ലണ്ടിന്റെ ഗോള്‍പട്ടിക തികച്ചു.