സർപ്രൈസ് കാമിയോ തിയേറ്റർ കുലുങ്ങി; പ്രീമിയർ ഷോയ്ക്ക് പിന്നാലെ ‘അതിരടി’ക്ക് ഗംഭീര പ്രതികരണം
Malayalam Cinema
സർപ്രൈസ് കാമിയോ തിയേറ്റർ കുലുങ്ങി; പ്രീമിയർ ഷോയ്ക്ക് പിന്നാലെ ‘അതിരടി’ക്ക് ഗംഭീര പ്രതികരണം
നന്ദന എം.സി
Thursday, 14th May 2026, 7:22 am

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിരടി പ്രീമിയർ ഷോകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിലും തിയേറ്ററുകളിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

ബേസിൽ ജോസഫ് നായകനായി എത്തുന്ന ചിത്രത്തിന് ആദ്യ പ്രദർശനങ്ങൾക്ക് ശേഷം ലഭിക്കുന്ന പ്രതികരണങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്.

പ്രേക്ഷകർ സിനിമയെ ഒരു പൂർണ എന്റർടെയ്‌നർ എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്. ആക്ഷൻ, കോമഡി, ക്യാമ്പസ് വൈബ്, മാസ് മൊമന്റുകൾ എന്നിവയെല്ലാം ചേർന്ന ചിത്രം തിയേറ്ററിൽ വൻ ഓളമാണ് സൃഷ്ടിക്കുന്നത്.

അതിരടി, Photo: YouTube/ Screengrab

ചിത്രത്തിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, റിയാ ഷിബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രത്യേകിച്ച് ടൊവിനോ തോമസിന്റെ കഥാപാത്രത്തിനാണ് പ്രേക്ഷകർക്കിടയിൽ വൻ കൈയടി ലഭിക്കുന്നത്.

‘ശ്രീക്കുട്ടൻ’ എന്ന കഥാപാത്രമായി താരം നടത്തിയ എൻട്രിയും ഇൻ്റർവെൽ ബ്ലോക്കും സിനിമയുടെ ഹൈലൈറ്റുകളിലൊന്നായി മാറിയെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ടൊവിനോയുടെ മാസ് പ്രകടനം തീയേറ്ററുകളിൽ വലിയ ആഘോഷമുണ്ടാക്കിയതായും ആരാധകർ പറയുന്നു.

അതേസമയം സിനിമയിലെ സർപ്രൈസ് കാമിയോയും വലിയ ചർച്ചയാകുകയാണ്. ആ കഥാപാത്രത്തിന്റെ അപ്രതീക്ഷിത എൻട്രി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയെന്നാണ് റിപ്പോർട്ടുകൾ.

കാമിയോ രംഗം വന്നപ്പോഴുണ്ടായ ആർപ്പുവിളിയും കൈയടിയും സോഷ്യൽ മീഡിയയിലൂടെയും വൈറലാകുന്നുണ്ട്. സിനിമയുടെ പ്രധാന ട്വിസ്റ്റുകളിലൊന്നായി ആ രംഗം മാറിയതായും ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ബേസിൽ ജോസഫ് പുതിയ ലുക്കിലാണ് എത്തുന്നത്. കോളേജ് വിദ്യാർത്ഥിയുടെ ഗെറ്റപ്പിൽ താരം നിറഞ്ഞുനിൽക്കുന്നതായാണ് വിലയിരുത്തൽ.

ഹാസ്യവും ആക്ഷനും ഒരുപോലെ കൈകാര്യം ചെയ്യുന്ന ബേസിലിന്റെ പ്രകടനം കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ ഫൈറ്റ് സീനുകൾക്കും പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അതിരടി, Photo: YouTube/ Screengrab

നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്കാ ഫെസ്റ്റിവൽ മൂവിയായാണ് ഒരുക്കിയിരിക്കുന്നത്. വേനൽ അവധിക്കാലത്ത് കുടുംബസമേതം ആഘോഷമായി കാണാൻ പറ്റുന്ന സിനിമയെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

കൂടാതെ മിന്നൽ മുരളിയ്ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ആരാധകരുടെ ആവേശം കൂട്ടിയിരുന്നു. ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭം എന്ന നിലയിലും ചിത്രത്തിന് പ്രത്യേക ശ്രദ്ധ ലഭിക്കുന്നു.

ആദ്യ ദിന പ്രതികരണങ്ങൾ പ്രകാരം ബോക്‌സ് ഓഫീസിൽ വലിയ നേട്ടം സ്വന്തമാക്കാൻ ‘അതിരടി’ക്ക് സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ചില ആരാധകർ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട്.

Content Highlight: Surprise cameo shakes the theater; ‘Athirady’ gets a great response after the premiere show

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.