[share]

[] ന്യൂദല്‍ഹി: അമൃതാനന്ദമയി മഠത്തിനെതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മഠത്തിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. 20 വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ ഇപ്പോള്‍ കേസ് എടുക്കാനാവില്ലെന്ന് ചൂണ്ടികാണിച്ചാണ് ഹരജി തള്ളിയത്.

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഠത്തിനെതിരെ നടപടിയെടുക്കാത്തതിനെതിരെ അഡ്വ. ദീപക് പ്രകാശ് നല്‍കിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. മഠത്തിനെതിരെ കേസെടുക്കാത്തതിന് ഡി.വൈ.എസ്.പി കെ.എസ് ബാല സുബ്രഹ്മണ്യം, മുന്‍ ആഭ്യന്തര സെക്രട്ടറി എല്‍. രാധാകൃഷ്ണന്‍, കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ ബെഹ്‌റ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നായിരുന്നു ദീപക് പ്രകാശിന്റെ ആവശ്യം.

ദീപക് പ്രകാശിന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് കരുനാഗപ്പള്ളി പോലീസ് നേരത്തെ തീരുമാനിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്.

ഇത്തരമൊരു കേസില്‍ പരാമാവധി ഏഴ് ദിവസത്തിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി തന്നെ നേരത്തെ പുറപ്പെടുവിച്ച ലളിതാകുമാരി കേസിലെ വിധിയില്‍ പറയുന്നുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസിനെതിരെ നിയമനടപടി ആകാമെന്നും വിധിയില്‍ പറയുന്നു.

ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ വെളിപ്പെടുത്തലില്‍ മഠത്തിനെതിരെ കേസെുക്കാന്‍ തെളിവില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയതില്‍ കേസെടുക്കാന്‍ മാത്രമുള്ള തെളിവുകള്‍ ലഭിച്ചില്ലെന്നായിരുന്നു കേരളത്തിന്റെ വിശദീകരണം.