ന്യൂദല്‍ഹി: വിസ അംഗീകരിച്ചുവെന്ന് കരുതി വിദ്യാര്‍ത്ഥി വിസ അപേക്ഷകരുടെ സ്‌ക്രീനിങ് പ്രക്രിയ അവസാനിക്കില്ലെന്ന് ഇന്ത്യയിലെ യു.എസ് എംബസി. അമേരിക്കയുടെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കന്‍ മുഴുവന്‍ അപേക്ഷകരെയും നിരന്തരമായി പരിശോധിക്കുമെന്നും എംബസി പറഞ്ഞു.
തെറ്റായ വിവരങ്ങളാണ് സമര്‍പ്പിച്ചതെങ്കില്‍ വിസ റദ്ദാക്കുക എന്നതായിരിക്കും തൊട്ടടുത്ത നടപടിയെന്നും യു.എസ് എംബസി വ്യക്തമാക്കി. വിസ റദ്ദാക്കുന്നതിന് പുറമെ നാടുകടത്തലിനും വിധേയമാക്കുമെന്നും എംബസി പറയുന്നു.
U.S. visa screening does not stop after a visa is issued. We continuously check visa holders to ensure they follow all U.S. laws and immigration rules – and we will revoke their visas and deport them if they don’t. pic.twitter.com/jV1o6ETRg4
വ്യാജ വിവരങ്ങള്‍ നല്‍കി രാജ്യത്തെത്തിയാല്‍ ഭാവിയില്‍ വിസ റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രവര്‍ത്തിക്കുന്നതിനിടെയാണ് എംബസിയുടെ പുതിയ അറിയിപ്പ്.
കഴിഞ്ഞ മാസം വിസ ലഭിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെളിപ്പെടുത്തണമെന്ന് ഇന്ത്യയിലെ യു.എസ് എംബസി നിര്‍ദേശിച്ചിരുന്നു. DS-160 ഫോമില്‍ വെളിപ്പെടുത്തണമെന്നും അല്ലെങ്കില്‍ വിസ നിഷേധിക്കുന്നതിന് കാരണമാകുമെന്നുമാണ് എംബസി അറിയിച്ചത്.
അപേക്ഷകര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ച എല്ലാ പ്ലാറ്റ്‌ഫോമുകളുടെയും ലിസ്റ്റ് നല്‍കണമെന്നും കൂടാതെ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് അവരുടെ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ സത്യമാണെന്ന് സാക്ഷ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
ഇതിനുമുമ്പും യു.എസ് എംബസി സമാനമായ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പശ്ചാത്തല പരിശോധനയ്ക്കായി എല്ലാ വിദ്യാര്‍ത്ഥി വിസ അപേക്ഷകരോടും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരസ്യമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 2019
മുതലുള്ള വിവരങ്ങളാണ് അപേക്ഷകര്‍ സമര്‍പ്പിക്കേണ്ടത്.
മെയ് 27ന് ലോകമെമ്പാടുമുള്ള എല്ലാ കോണ്‍സുലേറ്റുകളോടും പുതിയ വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങളും എക്സ്ചേഞ്ച് വിസിറ്റ് വിസകള്‍ക്കുള്ള അപേക്ഷകളും നിര്‍ത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു.
അതേസമയം 2023-24 അധ്യയന വര്‍ഷത്തില്‍ 1.1 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ യു.എസ് സര്‍വകലാശാലകളില്‍ ചേര്‍ന്നിട്ടുണ്ട്. ഇത് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസ നേടുന്നവരില്‍ ആറ് ശതമാനത്തോളം വരുമെന്ന് യു.എസ് ആസ്ഥാനമായുള്ള സര്‍ക്കാരിതര സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നതായി സ്‌ക്രോള്‍ ഇന്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് സര്‍വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. രണ്ടാം സ്ഥാനത്ത് ചൈനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു.എസ് വിസ അനുവദിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
Content Highlight: Screening will not end once visa is approved: US Embassy in India