വിദ്യാര്‍ത്ഥി പ്രതിഷേധം: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ: താത്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി
India
വിദ്യാര്‍ത്ഥി പ്രതിഷേധം: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ: താത്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി
നിഷാന. വി.വി
Wednesday, 12th August 2026, 3:28 pm

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ നടന്ന പൊലീസ് അതിക്രമത്തില്‍ അമിത് ഷാ പ്രതികരിക്കണമെന്ന പ്രതിപക്ഷാവശ്യം ശക്തമാവുന്ന സാഹചര്യത്തില്‍ മൗനം വെടിഞ്ഞ് ആഭ്യന്തര മന്ത്രി അമിത് ഷാ.

വിശദമായ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്.

എന്നാല്‍ താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെങ്കില്‍ പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കണമെന്ന നിബന്ധനയും അമിത് ഷാ മുന്നോട്ട് വെച്ചിട്ടുണ്ട്. അമിത് ഷായുടെ പ്രസംഗം കേള്‍ക്കാന്‍ പ്രതിപക്ഷത്തിന് താത്പര്യമില്ലെന്നായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

പാര്‍ലമെന്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളിലും പ്രതികരിക്കാന്‍ തയ്യാറാണെന്ന അമിത് ഷായുടെ പ്രതികരണം.
എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും സഭ തടസമില്ലാതെ നടക്കാന്‍ പ്രതിപക്ഷം അനുവദിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ചര്‍ച്ചയ്ക്ക് താന്‍ മറുപടി നല്‍കുമെന്നും, ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് പ്രതിപക്ഷം നോട്ടീസ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്; സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് പ്രതിപക്ഷം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഇത് എഴുതി നല്‍കിയാല്‍, ഇന്ന് വൈകുന്നേരം 3 മണി മുതല്‍ നാളെ വൈകുന്നേരം 3 മണി വരെ നമുക്ക് ചര്‍ച്ച ആരംഭിക്കാം,’ അമിത് ഷാ പറഞ്ഞു.

എന്നാല്‍ പാര്‍ലമെന്റ് സമുച്ചയത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച രാഹുല്‍ ഗാന്ധി, അമിത് ഷായുടെ പ്രസംഗത്തിലല്ല, മറിച്ച് പ്രതിഷേധക്കാര്‍ക്കെതിരെ ഉണ്ടായ പൊലീസ് നടപടികള്‍ക്ക് ഉത്തരം നല്‍കുന്നതിലാണ് കാര്യമെന്നും പറഞ്ഞു.

വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പും ലാത്തിച്ചാര്‍ജ്ജും നടത്താന്‍ ആരാണ് ഉത്തരവിട്ടതെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി ആഭ്യന്തരമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അമിത് ഷാ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാര്‍ലമെന്റില്‍ എത്തുന്നില്ലെന്ന് ആരോപിച്ച രാഹുല്‍, സഭയെ അഭിമുഖീകരിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ധൈര്യമില്ലെന്നും കുറ്റപ്പെടുത്തി.

‘അമിത് ഷാ നല്‍കുന്ന പ്രസംഗം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ലെന്ന് പ്രതിപക്ഷം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ‘ഞങ്ങള്‍’ എന്ന് പറയുമ്പോള്‍ ഈ രാജ്യത്തെ യുവതലമുറയെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആരാണ് വെടിവെച്ചത്? ആണികള്‍ തറച്ച ലാത്തികള്‍ കൊണ്ട് വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ആരാണ് ഉത്തരവിട്ടത്? നമ്മുടെ കുട്ടികളെ വെടിവെക്കാന്‍ ഉത്തരവിട്ടത് അമിത് ഷായാണോ? അങ്ങനെയെങ്കില്‍ അദ്ദേഹം രാജി വെക്കണം,’ രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ 20 ദിവസമായി അമിത് ഷായെ കാണാനില്ലായിരുന്നുവെന്നും ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്ക് ധൈര്യമില്ല, അദ്ദേഹത്തിന് സഭയിലേക്ക് വരാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുവായ വിഷയങ്ങളില്‍ ഷായ്ക്ക് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ കഴിയുമോ എന്നതല്ല പ്രശ്‌നമെന്നും ദല്‍ഹിയില്‍ നമ്മുടെ കുട്ടികള്‍ക്ക് നേരെ വെടിവെക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് ആഭ്യന്തരമന്ത്രി ഷാ വ്യക്തമാക്കുകയാണ് വേണ്ടത്. അദ്ദേഹം ആഭ്യന്തരമന്ത്രിയാണ്, പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് വെടിവെച്ചിട്ടുണ്ട്. വെടിവെക്കാന്‍ താനാണോ ഉത്തരവിട്ടതെന്ന് അമിത് ഷാ വ്യക്തമാക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച, റാം ക്ഷേത്ര സംഭാവനകള്‍ തട്ടിയെടുത്തു എന്ന ആരോപണം, വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുകയാണ്. ബഹളത്തിനിടയില്‍, വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെക്കുറിച്ചും അതിനെത്തുടര്‍ന്നുണ്ടായ പോലീസ് നടപടികളെക്കുറിച്ചും ലോക്സഭയില്‍ പൂര്‍ണമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും അറിയിച്ചിരുന്നു.

അതേസമയം, സഭയില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങള്‍ നടപടിക്രമങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധങ്ങളും മുദ്രാവാക്യം വിളികളും നടത്തി സഭയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

 

Content Highlight: Student Protests: Amit Shah Ready for Talks; Rahul Gandhi Uninterested.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.