ആംആദ്മിയുടെ വിജയത്തിന് പിന്നില്‍ വികസന രാഷ്ട്രീയം; എവിടുന്നാ ഇത്രയും പണം
ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2020 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും 70 ല്‍ 63 സീറ്റും നേടി ആംആദ്മി അധികാരത്തിലെത്തുമ്പോള്‍ നമുക്ക് അരക്കിട്ടുറപ്പിക്കാവുന്ന കാര്യം വികസന രാഷ്ട്രീയമാണ് ഇവിടെ വിജയിച്ചതെന്നാണ്. 2013 ല്‍ ആദ്യം ഭരണത്തിലെത്തിയപ്പോള്‍ വൈദ്യൂതിയും വെള്ളവും സൗജന്യമാക്കിയ കെജ്രിവാളിന്റെ നടപടി വിപ്ലവകരമായൊരു നീക്കമായിരുന്നു. പിന്നാലെ കെജ്രിവാള്‍ കോടികളുടെ വികസന പദ്ധതികളും ആനുകൂല്യങ്ങളുമാണ് ദല്‍ഹിയിലെ ജനങ്ങളുടെ മുന്നിലേക്ക് വെച്ചത്. എന്നാല്‍ ആംആദ്മിക്ക് മാത്രം എവിടുന്നാണ് ഇത്രയും പണം എന്നത് സ്വാഭാവികമായൊരു സംശയമാണ്.

എന്തായിരിക്കും ഇവരുടെ പണത്തിന്റെ സ്രോതസ്. ഉത്തരം വളരെ സിമ്പിളാണ് കെജ്രിവാള്‍ എപ്പോവും ആവര്‍ത്തിക്കുന്നത് പോലെ ദല്‍ഹിക്ക് ആവശ്യത്തിന് പണമുണ്ട്. അഴിമതിയില്ലാതെ ഭരിച്ചാല്‍ മാത്രം മതി.

രാജ്യത്ത് ധനകമ്മി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ദല്‍ഹി. പ്രത്യേക സംസ്ഥാനമെന്നതിന്റെ ആനുകൂല്യങ്ങളും ലഭിക്കുന്നതിനോടൊപ്പം ക്രമസമാധാനമുള്‍പ്പെടെയുള്ള പണച്ചെലവുള്ള പലവകുപ്പുകളും കേന്ദ്രത്തിന്റെ കൈയിലായതിനാല്‍ സാമ്പത്തിക ലാഭവുമുണ്ടാവുമെന്നതാണ്.

പക്ഷെ ഈ ആനുകൂല്യങ്ങള്‍ ഇന്നും ഇന്നലേയും തുടങ്ങിയതല്ലല്ലോ, അവിടെയാണ് നമ്മള്‍ വീണ്ടും കെജ്രിവാളിനെ ഓര്‍ക്കുന്നത്. ദല്‍ഹിക്ക് ആവശ്യത്തിന് പണമുണ്ട്. അഴിമതിയില്ലാതെ ഭരിച്ചാല്‍ മാത്രം മതിയെന്ന്.

തുടക്കകാലത്ത് വളരെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വാര്‍ത്തയുണ്ടായിരുന്നു. ജനുവരി 8 ന് വന്ദന സിംഗ് എന്നയാള്‍ ആംആദ്മി പാര്‍ട്ടിക്ക് ഒരു രൂപ നല്‍കിയത്. രാഷ്ട്രീയ പാര്‍ട്ടിക്കിടയില്‍ ഇതൊരു പുതിയ തുടക്കമായിരുന്നു. പൊതുജനങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഫണ്ട് ശേഖരിക്കുകയും വളരെ സുധാര്യമായി അത് അവരുടെ വെബസൈറ്റില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നത്. പിന്നാലെ വെറും 293 ദിവസം കൊണ്ട് 61 303 പേരില്‍ നിന്നായി പാര്‍ട്ടിക്ക് ലഭിച്ചത് 17.1 കോടി രൂപയായിരുന്നു.

അറുപതിനായിരം കോടിയുടെ വരുമാനവും ചെലവും കാണിക്കുന്ന ബജറ്റായിരുന്നു കഴിഞ്ഞ വര്‍ഷം ആംആദ്മി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ആകെ വരുമാനമായ 60000 കോടിയില്‍ 42500 കോടിയും നികുതി വരുമാനമായിരുന്നു. അതില്‍ തന്നെ 29000 കോടിയും ജി.എസ്.ടി അല്ലെങ്കില്‍ വാറ്റ് നികുതിയില്‍ നിന്നാണ്. ഇത് കൂടാതെ എക്സൈസ്, സ്റ്റാമ്പ്, രജിസ്ട്രേഷന്‍ ഫീസ്, മോട്ടോര്‍ വാഹന നികുതി എന്നിവയുമുണ്ട്.

ഇനി ചെലവ് പരിഗണിക്കുകയാണെങ്കില്‍ എ.എ.പി സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവിടുന്നത് വിദ്യാഭ്യാസത്തിനാണ്. ബജറ്റിന്റെ 29 ശതമാനവും വിദ്യാഭ്യാസത്തിന് നീക്കി വെക്കുന്നു. പുതിയ സ്‌ക്കൂള്‍ നിര്‍മ്മിക്കല്‍, അവയുടെ അറ്റകുറ്റപണികള്‍, അധ്യാപകരെ വിദേശത്തേക്കയച്ച് പഠിപ്പിക്കല്‍ തുടങ്ങിയവയക്ക് പ്രയാസമില്ല. പിന്നീട് വരുന്നത് ആരോഗ്യവും നഗരവികസനവും ഗതാഗതവുമാണ്. ഇവ മൂന്നിനും 14 ശതമാനം വീതം വകയിരുത്തി. സാമൂഹിക ക്ഷേമത്തിന് 13 ശതമാനം കുടിവെള്ളം, ജലസേചനം എന്നിവയ്ക്ക് ഒന്‍പത് ശതമാനവുമാണ് നീക്കി വെക്കുന്നത്.
അറുപതിനായിരം കോടിയുടെ വരുമാനവും ചെലവും കാണിക്കുന്ന ബജറ്റാണ് കഴിഞ്ഞ വര്‍ഷം ആംആദ്മി സര്‍ക്കാര്‍ അവതരിപ്പിച്ചത്.

ഇത്തരത്തില്‍ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നടപടികളേയും വര്‍ഗീയ പ്രചരണങ്ങളേയും കെജ്രിവാള്‍ നേരിട്ടത് സാധാരണക്കാര്‍ക്ക് വേണ്ടി തികച്ചും സാധാരണമായ വികസനമാതൃകള്‍ മുന്നോട്ട് വെച്ചായിരുന്നു. മോദിയും അമിത്ഷായും നദ്ദയും ഉള്‍പ്പെടെ സംഘപരിവാര്‍ സിംഹങ്ങളെല്ലാം കളത്തിലിറങ്ങിയ, ബി.ജെ.പി ഏത് വിധേനയും അസാമാന്യം ജയിക്കാമെന്ന് കരുതിയ തെരഞ്ഞെടുപ്പായിരുന്നു ദല്‍ഹിയിലേത്. പക്ഷെ വിജയിച്ചത് തികച്ചും സ്വാഭാവികമായ വികസനരാഷ്ട്രീയമായിരുന്നു.