അഹമ്മദാബാദ്: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം. അദാനി എന്റര്‍പ്രൈസസിന്റെ ക്രിമിനല്‍ മാനനഷ്ട കേസില്‍ ഏഴ് ദിവസത്തോളം ജയിലില്‍ കിടന്നതിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഗാന്ധി നഗര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 17ന് അഹമ്മദാബാദ് മജിസ്ട്രറ്റ് കോടതിക്ക് മുന്നില്‍ സ്വമേധയാ ഹാജരായതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകനായ രവി നായരെ അറസ്റ്റ് ചെയ്തത്. കോടതി നടപടികളുമായി അദ്ദേഹം നിരന്തരം സഹകരിച്ച് പോന്നിരുന്നു. എന്നാല്‍ ഒറ്റ ദിവസം ഹാജരാകാന്‍ കഴിയാത്തതിന്റെ പേരില്‍ ജാമ്യമില്ലാ വാറണ്ട് ചുമത്തുകയായിരുന്നു.

ഹാജരാകാതിരുന്നാല്‍ ആദ്യം ജാമ്യം ലഭിക്കാവുന്ന വാറണ്ടെന്ന സുപ്രീം കോടതി നിര്‍ദേശം പോലും കണക്കിലെടുക്കാതെയായിരുന്നു അറസ്റ്റ്. നേരിട്ട് പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കാന്‍ കീഴ്‌ക്കോടതി വിസമ്മതിച്ചതോടെ അദ്ദേഹം ജയിലിലാവുകയായിരുന്നു.

കേസിലെ പരാതിക്കാരായ അദാനി ഗ്രൂപ്പ് വസ്തുതകള്‍ സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, രവി നായര്‍ക്ക് ഇടക്കാല ജാമ്യം പോലും അനുവദിക്കാതെ കേസ് മാറ്റി വെക്കുകയായിരുന്നു. രവി നായരുടെ അറസ്റ്റ് രാജ്യത്തെ അഭിപ്രായ സ്വാതന്ത്യത്തിനും നീതിയുക്തമായ വിചാരണക്കുമുള്ള അവകാശത്തിന്മേല്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.

2021ല്‍ അദാനി എന്റര്‍പ്രൈസസ് ഫയല്‍ ചെയ്ത ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗാന്ധിനഗറിലെ മേല്‍ക്കോടതി രവി നായര്‍ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഗാന്ധിനഗറിലെ അപ്പീല്‍ക്കോടതിയില്‍ ശിക്ഷയെ ചോദ്യം ചെയ്തുകൊണ്ട് രവി നായര്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അപ്പീല്‍വാദം നടക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയില്‍ മാര്‍ച്ചില്‍ അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചു.

ഔദ്യോഗികമായ സമന്‍സോ നോട്ടീസോ അയക്കാതെയാണ് കോടതി ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചതെന്ന് രവി നായര്‍ തന്റെ ഹരജിയില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ കേരളത്തില്‍ നിന്നും യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സെപ്തംബര്‍ മൂന്നിന് നടന്ന ഹിയറിങില്‍ നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഹരജിക്കാരനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവിടുകയും അദ്ദേഹത്തെ ജയിലിലടക്കുകയുമായിരുന്നു സെപ്റ്റംബര്‍ 17 നാണ് രവി നായരെ അറസ്റ്റ് ചെയ്തത്.

 

Content Highlight: Adani Case: Malayali journalist Ravi Nair granted bail after seven days.