പ്രിയപ്പെട്ട സിസ്റ്റര്‍ ലൂസി ,

അഞ്ചു ലക്ഷത്തിലധികം കന്യാസ്ത്രീകളെ പ്രതിനിധികരിക്കുന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയര്‍ ജനറല്‍, കത്തോലിക്കാ സഭയില്‍ ഇത്രയും കാലം ” രഹസ്യമായും നിശബ്ദമായും ” നടന്നിരുന്ന ചൂഷണം “പൊലീസ് സംവിധാനങ്ങളെയും സഭാ സംവിധാനങ്ങളെയും അറിയിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ചൂഷണങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുന്നവര്‍ക്കു പൂര്‍ണ പിന്തുണയും, നീതിയ്ക്കായുള്ള പോരാട്ടങ്ങള്‍ക്ക് എല്ലാ നിയമ സഹായവും കത്തോലിക്ക സഭയുടെ തന്നെ ഭാഗമായ “ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയര്‍ ജനറല്‍ ” ഉറപ്പു നല്‍കിയിരുന്നു.

റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയര്‍ ജനറല്‍ എന്ന സംഘടന സഭയ്ക്കുള്ളിലെ രണ്ടാം പൗരനുമായി കണക്കാക്കപ്പെടുന്ന ” കന്യാസ്ത്രീ സമൂഹം ” നേരിടുന്ന ചൂഷണങ്ങള്‍ ” സിവില്‍ നിയമം ഉപയോഗിച്ചു നീതി നടപ്പിലാക്കണം എന്ന് വ്യക്തമാക്കിയിരുന്നു. 1990 ല്‍ വത്തിക്കാന്‍ നിയമിച്ച കമ്മിറ്റി ആഫ്രിക്കയിലും ഏഷ്യയിലും നടക്കുന്ന ചൂഷണത്തിന്റെ തീവ്രത വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ഈ ലിങ്കില്‍ 

 

പ്രിയ്യപ്പെട്ട സിസ്റ്റര്‍,

ആത്മവിശ്വാസത്തോടെ , മുന്‍പോട്ടു പോകണം. ഇനിയും ഉറക്കെ സംസാരിക്കണം.
നോക്കൂ ..എത്ര ആണ്ടുകളുടെ ഭയാനകമായ നിശബ്തതകളെയാണ് നിങ്ങള്‍ ഭേദിക്കുന്നതു.
എത്ര നിശബ്ദമാക്കപ്പെട്ട ” ചൂഷണങ്ങള്‍ക്കാണ്” അഥവാ നിശബ്ദമാക്കപ്പെട്ട “പ്രാര്‍ത്ഥനകള്‍ക്കും ത്യാഗങ്ങള്‍ക്കുമാണ്” നിങ്ങള്‍ സ്വരം നല്‍കുന്നത്.

പല കാരണങ്ങള്‍ കൊണ്ട് ” ക്രിസ്തുവിന്റെ മണവാട്ടി ” ആകാന്‍ അഥവാ കന്യാസ്ത്രീ എന്ന ജീവിതം തിരഞ്ഞെടുത്തവരുണ്ട്. ആ തിരഞ്ഞെടുപ്പ് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. തിരഞ്ഞെടുപ്പിന്റെ എല്ലാ ബഹുമാനത്തോട് കൂടിയും കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന നിലവിളികള്‍ പുറം ലോകം അറിയട്ടെ.

പുരോഹിത വര്‍ഗ്ഗത്തിന്റെ അധികാരത്തിനെതിരെ സംസാരിച്ചതിന്റെ പേരില്‍ , ചൂഷണത്തിനെതിരെ സ്വരം ഉയര്‍ത്തിയതിന്റെ പേരില്‍ അന്നത്തെ ഏറ്റവും വലിയ ശിക്ഷയായ , മരകുരിശില്‍ ജീവനോടെ തൂക്കപ്പെടേണ്ടി വന്ന മനുഷ്യനെ വിശ്വസിച്ചു, അയാളുടെ പാത പിന്തുടര്‍ന്ന് മനുഷ്യര്‍ക്ക് വേണ്ടി ഇറങ്ങി തിരിച്ചവരാണ് നിങ്ങള്‍

ലിംഗവിവേചനങ്ങള്‍, ലൈംഗിക ചൂഷണങ്ങള്‍, ജാതിവിവേചനങ്ങള്‍ ഒക്കെയും മഠത്തിന്റെ മതിലുകള്‍ക്കു പുറത്തു കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന പരിഭ്രാന്തി, അധികാരത്തിലിരിക്കുന്നവര്‍ക്കുണ്ടാക്കുന്ന അസ്വസ്ഥത അതാണ് വാണിംഗ് ലെറ്ററുകളായി എത്തിക്കൊണ്ടിരിക്കുന്നത്.

തിരഞ്ഞെടുത്ത ജീവിതം പൂര്‍ണമായി ജീവിക്കുന്നതിനുള്ള സ്വന്തന്ത്ര്യം അത് ” പ്രാര്‍ത്ഥനാജീവിതം ” തിരഞ്ഞെടുത്തവരും അര്‍ഹിക്കുന്നുണ്ട് എന്ന് തിരിച്ചറിയാനുള്ള ശേഷിയില്ലാത്ത “ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ ” അല്ല കത്തോലിക്കാ സഭ. ലോകത്തു ഏറ്റവും കൂടുതല്‍ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജന്‍ഡര്‍ സെന്‍സിറ്റീവ് ആയുള്ള തൊഴില്‍ മേഖലകള്‍ സ്വന്തമായുള്ള ഉള്ള ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ ആണ്.

പുതിയ കാര്‍ വാങ്ങിയതിനേക്കാളും ചുരിദാര്‍ ഇട്ടതിനെക്കാളും “കത്തോലിക്കാ സഭയെ അസ്വസ്ഥമാക്കേണ്ടിയിരുന്നത് സഭയ്ക്കുള്ളില്‍ നിരന്തരമായി ഉന്നയിക്കപ്പെടുന്ന ചൂഷണങ്ങള്‍ ആയിരിക്കണമായിരുന്നു. പക്ഷെ തെരുവില്‍ നീതിക്കായി ഇറങ്ങേണ്ടി വന്ന കന്യസ്ത്രീകളോ അവര്‍ ഉന്നയിച്ച പ്രശനങ്ങളോ അഭിസംബോധന ചെയ്യാനോ പരിഹരിക്കാനോ എന്തിനു ” ഫ്രാങ്കോമാര്‍ ” എക്‌സിറ്റ് ചെയ്യുന്നു എന്ന് പോലും അംഗീകരിക്കാന്‍ കഴിയാത്ത “പവര്‍ സ്ട്രക്ചറില്‍ ” നിന്ന് കൊണ്ടാണ് പ്രീയ സിസ്റ്റര്‍ നിങ്ങള്‍ നിങ്ങളുടെ വിശ്വാസം പ്രഘോഷിക്കുന്നത്.

വ്യക്തമായ രൂപവും ഘടനയുമുള്ള ഒരു ” പവര്‍ സ്ട്രാക്റ്ററിലെ ” പിഴവുകളെ പറ്റിയാണ് പ്രിയ സിസ്റ്റര്‍ നിങ്ങള്‍ സംസാരിക്കുന്നതു. ” അനുസരണ ” എന്നാല്‍ വിധേയത്വമല്ല എന്ന അടിസ്ഥാന തത്വം അധികാരത്തിന്റെ ഭാഷ മാത്രം പരിചയുള്ളവര്‍ക്കു മനസിലാകില്ല.

ഭരണ സംവിധാനങ്ങളും പുരോഹിത വര്‍ഗ്ഗവും ചേര്‍ന്ന് കുരിശില്‍ തറച്ചു കൊന്നൊരു മനുഷ്യന്‍ പുരോഹിത വര്‍ഗത്തിനിടയില്‍ നിന്നിരുന്ന ചൂഷണങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ തെരുവില്‍ സംസാരിച്ചതിനാണ് അയാള്‍ ദേശദ്രോഹക്കുറ്റം ചാര്‍ത്തപ്പെട്ട് കൊല്ലപ്പെട്ടത്. അയാളുടെ ഒപ്പമുണ്ടായിരുന്ന ” ശിഷ്യന്മാര്‍ ” എന്ന് വിളിച്ചിരുന്നവരെല്ലാം ഒളിച്ചിരുന്നപ്പോഴും കല്ലറയില്‍ ആ മനുഷ്യനെ അന്വേഷിച്ചു ചെന്നതും മഗ്ദലന മറിയമായിരുന്നു.

പ്രിയ സിസ്റ്റര്‍ നിങ്ങള്‍ മുന്നോട്ടു പോവുക.
ഇനിയും ഉച്ചത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുക
ഇതിലും സത്യസന്ധമായി നിങ്ങള്ക്ക് എങ്ങനെയാണു പ്രാര്‍ത്ഥിക്കാന്‍ കഴിയുക.
തെരുവുകളില്‍ മനുഷ്യരുടെ ഒപ്പമായിരുന്നതിന്റെ പേരില്‍ കുരിശില്‍ കൊല്ലപ്പെട്ടവന്റെ വഴിയാണ് നിങ്ങള്‍ തിരഞ്ഞെടുത്തത് .

മുന്‍പോട്ടു പോവുക .
ഒപ്പമുണ്ടാകും .