ഓരോ കഥാപാത്രത്തിനെ പ്രത്യേകം ഇന്‍ട്രോയും അതിന് കിടിലന്‍ ബി.ജി.എമ്മും നല്‍കി അവതരിപ്പിക്കുക. മലയാളത്തിലെ വ്യത്യസ്തമായ പരീക്ഷണങ്ങളിലൊന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് ആടില്‍ പരീക്ഷിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പും ആടിന്റെ മൂന്നാം ഭാഗം ബോക്‌സ് ഓഫീസില്‍ മുന്നേറുമ്പോള്‍ തിയേറ്ററുകളെ ഇളക്കിമറിക്കുന്നത് ഈ ഇന്‍ട്രോ സോങ്ങുകളാണ്.
മൂന്ന് ദിവസം കൊണ്ട് 50 കോടിയിലേറെ നേടി കുതിക്കുന്ന ആട് 3 ഈ വര്‍ഷത്തെ ആദ്യ 100 കോടിയായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷംം ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുമ്പോള്‍ ആഘോഷത്തിന് ഒട്ടും കുറവില്ല. ഓരോ കഥാപാത്രത്തിന്റെ ഇന്‍ട്രോയ്ക്കും തിയേറ്ററുകളില്‍ കൈയടികളുടെയും ആര്‍പ്പുവിളികളുടെയും പെരുമഴയായിരുന്നു.
എന്നാല്‍ ആടിന്റെ മൂന്നാം ഭാഗം ഹിറ്റായി മാറുമ്പോള്‍ ചര്‍ച്ചയാകുന്ന മറ്റ് ചില കഥാപാത്രങ്ങളുണ്ട്. അതില്‍ പ്രധാനിയാണ് ചെമ്പന്‍ വിനോദ്. ആടിന്റെ ആദ്യഭാഗത്തില്‍ ശശിയാശാന്റെ വലംകൈയായ ഹൈറേഞ്ച് ഹക്കീം എന്ന കഥാപാത്രത്തെയായിരുന്നു ചെമ്പന്‍ അവതരിപ്പിച്ചത്. ചുരുക്കം സീനുകള്‍ കൊണ്ട് ഗംഭീര പ്രകടനമായിരുന്നു ചെമ്പന്‍ കാഴ്ചവെച്ചത്.
പൊലീസ് സ്റ്റേഷനില്‍ സര്‍ബത്ത് ഷമീറിനോട് നെടുനീളന്‍ ഡയലോഗടിച്ചിട്ട് ‘എന്നെ തല്ലല്ലേ ഷമീര്‍ സാറേ’ എന്ന് നിലവിളിക്കുന്നതിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മേഷന് പ്രത്യേക ഫാന്‍ ബേസുണ്ട്. എന്നാല്‍ ആടിന്റെ പിന്നീടുള്ള ഭാഗങ്ങളില്‍ ഈ കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്നതിന് ഒരു വ്യക്തതയുമില്ല. ഒരു സീനിലും ഹക്കീമിനെ മെന്‍ഷന്‍ ചെയ്യുന്നതുമില്ല.
ശശിയാശാന്റെ മണ്ടത്തരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഹക്കീമും കൂടി ഉണ്ടായിരുന്നെങ്കില്‍ ഗംഭീരമാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആട് 4ല്‍ ഹക്കീമിന്റെ സര്‍പ്രൈസ് എന്‍ട്രിയുണ്ടെങ്കില്‍ തിയേറ്ററുകള്‍ ഇളകിമറിയുമെന്ന് ഉറപ്പ്. ചെമ്പന്റെ ഹക്കീം മാത്രമല്ല, മുന്‍ ഭാഗങ്ങളിലെ മറ്റ് ചില കഥാപാത്രങ്ങളെയും ആട് 3യില്‍ മിസ് ചെയ്യുന്നുണ്ടെന്നും പോസ്റ്റുകളുണ്ട്.
അന്തരിച്ച താരങ്ങളായ മാമുക്കോയയും കോട്ടയം പ്രദീപും മുന്‍ ഭാഗങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ആടിലും ആട് 2ലും ഷമീറിന്റെ കൂടെയുള്ള പൊലീസുകാരനായിട്ടായിരുന്നു കോട്ടയം പ്രദീപ് വേഷമിട്ടത്. രണ്ട് ഭാഗങ്ങളിലും കിടിലന്‍ കൗണ്ടറുകളുമായി അദ്ദേഹം കളംനിറയുകയും ചെയ്തു. ആട് 2ല്‍ ഒരുപാട് ചിരിപ്പിച്ച ഇരുമ്പ് അബ്ദുള്ളയായാണ് മാമുക്കോയ വേഷമിട്ടത്. ഈ രണ്ട് കഥാപാത്രങ്ങളും ഉണ്ടാക്കിവെച്ച ഇംപാക്ട് ചെറുതല്ല. ബൈജുവിന്റെ പ്രസിഡന്റ് ഉതുപ്പിനെയും മൂന്നാം ഭാഗത്തില്‍ പ്രതീക്ഷിച്ചിരുന്നു.
Content Highlight: Some posts saying that they miss Chamban Vinod in Aadu 3 movie