ആദ്യം നിവിന്‍ പോളി, ഇപ്പോ ദേ യഷും, ഗീതു മോഹന്‍ദാസിന് ഇത് തന്നെയാണോ പണിയെന്ന് സോഷ്യല്‍ മീഡിയ
Indian Cinema
ആദ്യം നിവിന്‍ പോളി, ഇപ്പോ ദേ യഷും, ഗീതു മോഹന്‍ദാസിന് ഇത് തന്നെയാണോ പണിയെന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Thursday, 30th April 2026, 2:57 pm

കന്നഡ സിനിമയുടെ ഗതി മാറ്റിയ യഷ് കെ.ജി.എഫിന് ശേഷം നായകനായെത്തുന്ന ചിത്രമാണ് ടോക്‌സിക്. മലയാളികളുടെ സ്വന്തം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രണ്ടര വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ ഈ വര്ഷം മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളിലെത്തേണ്ടതായിരുന്നു.

എന്നാല്‍ ഗള്‍ഫ് മേഖലയിലെ യുദ്ധം കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതായി നിര്‍മാതാക്കള്‍ അറിയിച്ചു. ജൂണ്‍ നാലിലേക്കായിരുന്നു റിലീസ് മാറ്റിയത്. എന്നാല്‍ കഴിഞ്ഞദിവസം റിലീസ് വീണ്ടും മാറ്റിവെച്ചെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പുതിയ റിലീസ് തിയതി പുറത്തുവിട്ടതുമില്ല. പിന്നാലെ ചിത്രം റീഷൂട്ട് ചെയ്യുകയാണെന്നും ഫൈനല്‍ വേര്‍ഷനില്‍ ആരും തൃപ്തരല്ലെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.

ടോക്‌സിക് Photo: KVN Productions/ Facebook

അനിശ്ചിതമായി റിലീസ് നീണ്ടുപോകുന്നതോടെ യഷ് എന്ന സൂപ്പര്‍താരത്തിന്റെ കരിയറിലെ ഏറ്റവും വിലപിടിപ്പുള്ള വര്‍ഷങ്ങള്‍ വേസ്റ്റാകുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്. ഗീതു മോഹന്‍ദാസിനെയാണ് ഇക്കാര്യത്തില്‍ പലരും വിമര്‍ശിക്കുന്നത്. 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഇത്രയും നീണ്ടുപോയതിന് പിന്നില്‍ പല അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

ഗീതു മോഹന്‍ദാസും യഷും തമ്മില്‍ ഇടക്ക് അഭിപ്രായവ്യത്യാസമുണ്ടായെന്നും അതിനാല്‍ ഷൂട്ട് ഇടക്ക് മുടങ്ങിയെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറുകള്‍ക്കും യാതൊരു ഇംപാക്ടും ഉണ്ടാക്കാന്‍ സാധിക്കാതെ പോയി. ഇതോടെ ഗീതു മോഹന്‍ദാസിന്റെ മുന്‍ ചിത്രമായ മൂത്തോനെയും ടോക്‌സിക്കിനെയും തമ്മില്‍ പലരും താരതമ്യം ചെയ്യുന്നുണ്ട്.

ടോക്‌സിക്, മൂത്തോന്‍ Photo: Reddit

നിവിന്‍ പോളിയുടെ കരിയറില്‍ രണ്ട് വര്‍ഷത്തോളം സമയമെടുത്തായിരുന്നു മൂത്തോന്‍. നടനെന്ന നിലയില്‍ നിവിന് ഒരുപാട് പ്രശംസകള്‍ മൂത്തോന്‍ നേടിക്കൊടുത്തെങ്കിലും മൂത്തോന് ശേഷം നിവിന്റെ കരിയര്‍ അത്ര നല്ല രീതിയിലായിരുന്നു. അതുവരെ തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കിയ നിവിന്റെ കരിയറില്‍ പിന്നീട് ഫ്‌ളോപ്പുകളുടെ പരമ്പരയായിരുന്നു.

ഇപ്പോള്‍ കെ.ജി.എഫിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം നേടിയ യഷിന്റെ കരിയറിലെ രണ്ടര വര്‍ഷത്തിലേറെ ഒരു സിനിമക്ക് വേണ്ടി നിര്‍ത്തിവെച്ചതും ഗീതു മോഹന്‍ദാസിനെയാണ് പലരും പഴിക്കുന്നത്. ലയേഴ്‌സ് ഡയസ്, മൂത്തോന്‍ എന്നിങ്ങനെ ഇന്റര്‍നാഷണല്‍ ക്വാളിറ്റിയുള്ള സിനിമകളൊരുക്കിയ ഗീതു മോഹന്‍ദാസിന് ടോക്‌സിക് പോലൊരു പാന്‍ ഇന്ത്യന്‍ ചിത്രം പുള്‍ ചെയ്യാനാകുമോ എന്നാണ് പലരും ചോദിക്കുന്നത്. 300 കോടിക്ക് ഒരുക്കാനിരുന്ന ടോക്‌സിക് 500 കോടിയും കടന്ന് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതിനിടയില്‍ നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സിനെയും ട്രോളുന്നവരുണ്ട്. ടോക്‌സിക്കിനൊപ്പം കെ.വി.എന്നിന്റെ ജന നായകനും വെളിച്ചം കാണാതെ കിടക്കുകയാണ്. രണ്ട് ചിത്രങ്ങള്‍ക്കും കൂടി 1000 കോടിക്കടുത്താണ് കെ.വി.എന്‍ ചെലവാക്കിയത്.

Content Highlight: Social media blames Geethu Mohandas for delaying of Toxic movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം