പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യൻ മുസ്ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹികവും ബൗദ്ധികവുമായ പരിവർത്തനത്തിൽ നിർണായക പങ്കുവഹിച്ച സാമൂഹിക പരിഷ്ക്കർത്താവാണ് സർ സയ്യിദ് അഹമ്മദ് ഖാൻ (1817–1898).
ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരകൻ, സാമൂഹിക പരിഷ്കർത്താവ്, മത ചിന്തകളുടെ പുനർവ്യാഖ്യാതാവ്, ചരിത്രകാരൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അദ്ദേഹം ഇന്ത്യൻ നവോത്ഥാനചരിത്രത്തിൽ സവിശേഷമായ സ്ഥാനം നേടിയിട്ടുണ്ട്.
പരമ്പരാഗത വിജ്ഞാനസമ്പ്രദായങ്ങളെയും ആധുനിക ശാസ്ത്രത്തെയും പരസ്പരവിരുദ്ധ മേഖലകളായി കാണുന്നതിനുപകരം അവയ്ക്കിടയിൽ സംവാദവും സമന്വയവും സാധ്യമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ബൗദ്ധിക ലക്ഷ്യങ്ങളിലൊന്ന്.
1857-ലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിനുശേഷം ഇന്ത്യയിൽ രൂപപ്പെട്ട രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ, ഇന്ത്യൻ മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ, പാശ്ചാത്യ വിജ്ഞാനത്തിന്റെ വളർച്ച, മത യാഥാസ്ഥിതികതയുമായുള്ള സംഘർഷങ്ങൾ എന്നിവ സർ സയ്യിദിന്റെ ചിന്തയെ ആഴത്തിൽ സ്വാധീനിച്ച ഘടകങ്ങളാണ്.
ആധുനിക വിദ്യാഭ്യാസത്തെ സാമൂഹിക പുരോഗതിയുടെ ഉപാധിയായും യുക്തിചിന്തയെ മതപരവും സാമൂഹികവുമായ പ്രശ്നങ്ങളെ സമീപിക്കാനുള്ള മാർഗമായും അദ്ദേഹം കണ്ടു. അലിഗഢ് പ്രസ്ഥാനത്തിലൂടെ ഈ ആശയങ്ങളെ സ്ഥാപനവൽക്കരിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ആധുനിക ഇന്ത്യാചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ്.

സർ സയ്യിദിന്റെ ജന്മവാർഷികമായ ഒക്ടോബർ 17 അദ്ദേഹത്തിന്റെ ജീവിതത്തെയും സംഭാവനകളെയും അനുസ്മരിക്കാനുള്ള അവസരമാണ്. എന്നാൽ അദ്ദേഹത്തിന്റെ പൈതൃകത്തെ ആഘോഷപരമായ അനുസ്മരണങ്ങളിൽ മാത്രം ഒതുക്കാനാവില്ല.
വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം, ശാസ്ത്രീയ മനോഭാവത്തിന്റെ വളർച്ച, മതാന്തര സഹവർത്തിത്വം, സാമൂഹിക പരിഷ്കരണം എന്നിവയുമായി ബന്ധപ്പെട്ട സമകാലിക ചർച്ചകളിൽ അദ്ദേഹത്തിന്റെ ചിന്തകൾക്ക് ഏറെ പ്രസക്തിയുണ്ട്.
ചരിത്രപശ്ചാത്തലവും ബൗദ്ധിക രൂപീകരണവും
1817 ഒക്ടോബർ 17-ന് ഡൽഹിയിൽ ജനിച്ച സർ സയ്യിദ് അഹമ്മദ് ഖാൻ മുഗൾ ഭരണകൂടവുമായി ബന്ധമുണ്ടായിരുന്ന ഒരു കുടുംബത്തിലാണ് വളർന്നത്.
മുഗൾ സാമ്രാജ്യത്തിന്റെ രാഷ്ട്രീയശക്തി ക്ഷയിക്കുകയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ അധികാരം വ്യാപിപ്പിക്കുകയും ചെയ്തിരുന്ന കാലഘട്ടമായിരുന്നു അത്.
പരമ്പരാഗത ഭരണസംവിധാനങ്ങളുടെയും സാമൂഹിക അധികാര ബന്ധങ്ങളുടെയും തകർച്ച ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലിം സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ നിലയെയും സാരമായി ബാധിച്ചു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സർ സയ്യിദിന്റെ വിദ്യാഭ്യാസ-സാമൂഹിക പരിഷ്കരണചിന്ത രൂപപ്പെട്ടത്.
ഇസ്ലാമിക പാരമ്പര്യത്തോടുള്ള ബന്ധം നിലനിർത്തിക്കൊണ്ട് ആധുനിക ശാസ്ത്രത്തെയും യുക്തിചിന്തയെയും സ്വീകരിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ ബൗദ്ധിക പദ്ധതിയുടെ പ്രത്യേകത. മതവിശ്വാസവും യുക്തിയും തമ്മിൽ അനിവാര്യമായ വൈരുധ്യമുണ്ടെന്ന ധാരണയെ അദ്ദേഹം ചോദ്യം ചെയ്തു. പ്രകൃതി നിയമ ങ്ങളെയും മനുഷ്യബുദ്ധിയെയും ഗൗരവമായി പരിഗണിക്കുന്ന മതവ്യാഖ്യാനമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
1857-ലെ കലാപവും പുതിയ സാമൂഹിക ദർശനവും
1857-ലെ ബ്രിട്ടീഷ് വിരുദ്ധ കലാപം സർ സയ്യിദിന്റെ രാഷ്ട്രീയ-സാമൂഹിക ചിന്തയിൽ നിർണായകമായ വഴിത്തിരിവ് സൃഷ്ട്ടിച്ചു. കലാപത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനം അസ്ബാബ്-ഇ-ബഗാവത്ത്-ഇ-ഹിന്ദ് (Asbab-e-Baghawat-e-Hind) എന്ന കൃതിയിൽ കാണാം.
1858-ൽ ഉറുദുവിൽ പൂർത്തിയാക്കിയ ഈ കൃതി ബ്രിട്ടീഷ് ഭരണനയങ്ങളെയും ഭരണകൂടവും ഇന്ത്യക്കാരും തമ്മിൽ രൂപപ്പെട്ട അകൽച്ചയെയും വിമർശനാത്മകമായി പരിശോധിക്കുന്നതായിരുന്നു.
കലാപത്തിന്റെ കാരണങ്ങൾ ഇന്ത്യക്കാരുടെ മതപരമായ വികാരങ്ങളിലോ വ്യക്തിഗത അസംതൃപ്തികളിലോ മാത്രം ഒതുങ്ങുന്നില്ലെന്നും ഭരണകൂടത്തിന്റെ നയങ്ങളും ജനങ്ങളുടെ പരാതികളും അവഗണിക്കപ്പെട്ടതും സംഘർഷത്തിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ കൃതിയിലൂടെ കലാപത്തെക്കുറിച്ചുള്ള ഏകപക്ഷീയമായ കൊളോണിയൽ വിശദീകരണത്തെ ചോദ്യം ചെയ്യാൻ അദ്ദേഹം ശ്രമിച്ചു.
അതേസമയം, കലാപത്തിനുശേഷം ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം സായുധ സംഘർഷത്തെക്കാൾ വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റത്തിന് മുൻഗണന നൽകുന്നതായിരുന്നു.
ബ്രിട്ടീഷ് ഭരണസംവിധാനവുമായി സംവദിച്ചുകൊണ്ട് ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രയോജനങ്ങൾ ഇന്ത്യൻ മുസ്ലിം സമൂഹത്തിലേക്ക് എത്തിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഈ സമീപനം അദ്ദേഹത്തെ വിമർശനങ്ങൾക്ക് വിധേയനാക്കിയെങ്കിലും, വിദ്യാഭ്യാസപരമായ പരിവർത്തനത്തെ ദീർഘകാല സാമൂഹിക മുന്നേറ്റത്തിന്റെ അടിസ്ഥാനമായി അദ്ദേഹം കണ്ടു.
ശാസ്ത്രീയ മനോഭാവവും ആധുനിക വിദ്യാഭ്യാസവും
സർ സയ്യിദിന്റെ വിദ്യാഭ്യാസദർശനത്തിന്റെ കേന്ദ്രത്തിൽ ആധുനിക ശാസ്ത്രം, യുക്തിചിന്ത, ഭാഷാപഠനം, സാമൂഹിക പുരോഗതി എന്നിവയുണ്ടായിരുന്നു.
പരമ്പരാഗത മതവിദ്യാഭ്യാസത്തിന് മാത്രമായി പരിമിതപ്പെടുന്ന വിദ്യാഭ്യാസക്രമം ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ശാസ്ത്രം, ചരിത്രം, ഗണിതം, ആധുനിക ഭാഷകൾ, സാമൂഹിക വിജ്ഞാനശാഖകൾ എന്നിവയുടെ പഠനം സമൂഹത്തിന്റെ ബൗദ്ധിക ശേഷി വർധിപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
1864-ൽ ഗാസിപൂരിൽ അദ്ദേഹം സ്ഥാപിച്ച സയന്റിഫിക് സൊസൈറ്റി ഈ ദർശനത്തിന്റെ പ്രായോഗിക രൂപമായിരുന്നു. പാശ്ചാത്യ ശാസ്ത്ര ഗ്രന്ഥങ്ങളും ഇതര വിജ്ഞാനശാഖകളിലെ കൃതികളും ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തുക, ആധുനിക അറിവ് ഇന്ത്യൻ ജനതയ്ക്ക് പ്രാപ്യമാക്കുക, വിജ്ഞാനവിനിമയത്തിന് പുതിയ വേദി സൃഷ്ടിക്കുക എന്നിവയായിരുന്നു അതിന്റെ പ്രധാന ലക്ഷ്യങ്ങൾ. സൊസൈറ്റി പിന്നീട് അലിഗഢിലേക്ക് മാറ്റപ്പെട്ടു.
ശാസ്ത്രീയ വിജ്ഞാനം ഒരു പ്രത്യേക സമൂഹത്തിന്റെയോ ഭാഷയുടെയോ മാത്രം സ്വത്തല്ലെന്നും വിവിധ ഭാഷകളിലൂടെ അത് ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം കരുതി. ഈ നിലപാടിന് ഭാഷാപരമായും സാമൂഹികമായും വലിയ പ്രാധാന്യമുണ്ടായിരുന്നു.
ആധുനിക ശാസ്ത്രത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ മാത്രം കൈവരിക്കേണ്ട വിജ്ഞാനമായി കാണാതെ, ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിലൂടെ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ സവിശേഷതയാണ്.
ഈ പ്രവർത്തനങ്ങളെ ഇന്നത്തെ സാഹചര്യത്തിൽ വിലയിരുത്തുമ്പോൾ, ശാസ്ത്രീയ മനോഭാവം വളർത്തുക എന്നത് ശാസ്ത്രവസ്തുതകൾ പഠിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് വ്യക്തമാകുന്നു.
തെളിവുകളെ അടിസ്ഥാനമാക്കി ചിന്തിക്കുക, പ്രചാരത്തിലുള്ള ധാരണകളെ വിമർശനാത്മകമായി പരിശോധിക്കുക, അന്ധവിശ്വാസങ്ങളെയും മുൻവിധികളെയും ചോദ്യം ചെയ്യുക, അറിവിന്റെ പുതിയ മേഖലകളോട് തുറന്ന സമീപനം പുലർത്തുക എന്നിവയും അതിന്റെ ഭാഗമാണ്.
വിദ്യാഭ്യാസത്തെ സാമൂഹിക മുന്നേറ്റത്തിന്റെ അടിസ്ഥാനമായി കണ്ട സർ സയ്യിദിന്റെ ദർശനം, വിദ്യാഭ്യാസാവസരങ്ങളിൽനിന്ന് പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലേക്ക് അറിവ് എത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു.
ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രയോജനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാകണമെന്ന ആശയം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ വിശാലമായ സാമൂഹിക പ്രാധാന്യമായി വിലയിരുത്താം.
അലിഗഢ് പ്രസ്ഥാനം: ആശയത്തിൽനിന്ന് സ്ഥാപനത്തിലേക്ക്
സർ സയ്യിദിന്റെ വിദ്യാഭ്യാസദർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനവൽക്കരണമാണ് അലിഗഢ് പ്രസ്ഥാനം. 1875-ൽ അലിഗഢിൽ സ്ഥാപിച്ച മദ്റസത്തുൽ ഉലൂം പിന്നീട് മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ (എം.എ.ഒ.) കോളേജായി വികസിച്ചു. 1877-ൽ കോളേജിന്റെ ഔപചാരിക അടിത്തറ ശക്തിപ്പെട്ടു. 1920-ൽ നിയമപരമായ മാറ്റങ്ങളിലൂടെ അത് അലിഗഢ് മുസ്ലിം സർവകലാശാലയായി മാറി.
അലിഗഢ് മുസ്ലിം സർവകലാശാലയുടെ ഔദ്യോഗിക ചരിത്രവിവരണവും 1875-ൽ സ്ഥാപിതമായ എം.എ.ഒ. കോളേജാണ് സർവകലാശാലയുടെ ചരിത്രപരമായ അടിത്തറയെന്ന് വ്യക്തമാക്കുന്നു.

അലിഗഢ് മുസ്ലിം സർവകലാശാല
അലിഗഢ് പ്രസ്ഥാനത്തിന്റെ പ്രാധാന്യം ഒരു വിദ്യാഭ്യാസസ്ഥാപനം സ്ഥാപിച്ചതിൽ മാത്രം ഒതുങ്ങുന്നില്ല. ആധുനിക ശാസ്ത്രവും പാശ്ചാത്യ വിജ്ഞാനവും ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ ബൗദ്ധിക ജീവിതത്തിന്റെ ഭാഗമാക്കുക, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ പുതിയ തൊഴിൽ-ഭരണ മേഖലകളിലേക്ക് പ്രവേശനം സാധ്യമാക്കുക, സമൂഹത്തിൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുതിയ അഭിലാഷങ്ങൾ വളർത്തുക എന്നിവയായിരുന്നു അതിന്റെ വിശാലമായ ലക്ഷ്യങ്ങൾ.
ഡേവിഡ് ലെലിവെൽഡ് തന്റെ Aligarh’s First Generation: Muslim Solidarity in British India എന്ന പഠനത്തിൽ എം.എ.ഒ. കോളേജിന്റെ ആദ്യകാല ചരിത്രത്തെ പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യൻ മുസ്ലിംകളുടെ സാമൂഹികസ്വത്വത്തിലും കൊളോണിയൽ ഭരണകാലത്തെ മാറ്റങ്ങളിലും സംഭവിച്ച പരിവർത്തനങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നു. കോളേജിന്റെ ആദ്യകാല തലമുറകൾ ആധുനിക വിദ്യാഭ്യാസവുമായി എങ്ങനെ ഇടപെട്ടുവെന്നും ആ സ്ഥാപനം പുതിയ സാമൂഹിക-ബൗദ്ധിക സാധ്യതകൾ സൃഷ്ടിച്ചതെങ്ങനെയെന്നും ഈ പഠനം വ്യക്തമാക്കുന്നു.
മതചിന്തയുടെ പുനർവ്യാഖ്യാനവും യുക്തിവാദവും
സർ സയ്യിദിന്റെ മതചിന്തയുടെ പ്രധാന സവിശേഷതകളിലൊന്ന് മതഗ്രന്ഥങ്ങളെ യുക്തിചിന്തയുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ്.
ഇസ്ലാമിക വിശ്വാസവും പ്രകൃതിനിയമങ്ങളും തമ്മിൽ അടിസ്ഥാനപരമായ വൈരുധ്യമില്ലെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
മതത്തെ അന്ധമായ അനുകരണത്തിന്റെ പരിധിയിൽനിന്ന് മോചിപ്പിച്ച് ചിന്തയുടെയും അന്വേഷണത്തിന്റെയും മേഖലയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു അദ്ദേഹത്തിന്റെ ബൗദ്ധിക ശ്രമത്തിന്റെ ഒരു പ്രധാന വശം.
അദ്ദേഹത്തിന്റെ ഖുർആൻ വ്യാഖ്യാനപ്രവർത്തനങ്ങളിൽ പ്രകൃതിയെയും മനുഷ്യബുദ്ധിയെയും പ്രാധാന്യത്തോടെ പരിഗണിക്കുന്ന സമീപനം കാണാം. ഖുർആന്റെ വ്യാഖ്യാനം കാലത്തിന്റെ വിജ്ഞാന വികാസങ്ങളുമായി സംവദിക്കണമെന്നും മതപരമായ ആശയങ്ങളെ യുക്തിപൂർവം വിശദീകരിക്കണമെന്നും അദ്ദേഹം കരുതി. ഈ നിലപാടുകൾ പാരമ്പര്യവാദികളിൽനിന്ന് വിമർശനങ്ങൾക്ക് കാരണ മായി.
ക്രിസ്തുമതത്തെക്കുറിച്ചുള്ള പഠനങ്ങളും ബൈബിളിന്റെ വ്യാഖ്യാനവും അദ്ദേഹത്തിന്റെ മതാന്തര ബൗദ്ധികതയുടെ ഭാഗമായിരുന്നു. തബ്യീൻ-ഉൽ-കലാം ഈ പശ്ചാത്തലത്തിൽ പ്രധാനപ്പെട്ട കൃതിയാണ്.
വ്യത്യസ്ത മതപാരമ്പര്യങ്ങളെക്കുറിച്ചുള്ള അറിവും സംവാദവും മതപരമായ മുൻവിധികളെ മറികടക്കാൻ സഹായിക്കുമെന്ന നിലപാടുമായി അദ്ദേഹത്തിന്റെ ഈ പഠനങ്ങളെ ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്.
മതത്തെ ഉപേക്ഷിക്കുകയോ പൊതുജീവിതത്തിൽനിന്ന് പൂർണമായി മാറ്റിനിർത്തുകയോ ചെയ്യുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. മറിച്ച്, ഇസ്ലാമിക വിശ്വാസത്തെ ആധുനിക വിജ്ഞാനവുമായി പൊരുത്തപ്പെടുത്തുകയും മതപരമായ വ്യാഖ്യാനങ്ങളിൽ യുക്തിക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഈ വ്യത്യാസം തിരിച്ചറിയുന്നതാണ് അദ്ദേഹത്തിന്റെ ചിന്തയെ ചരിത്രപരമായി കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നത്.
ഹിന്ദു-മുസ്ലിം ഐക്യവും ദേശീയ സഹവർത്തിത്വവും
ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള സഹകരണത്തിന്റെയും സഹവർത്തിത്വത്തിത്വത്തിന്റെയും അനിവാര്യതയെക്കുറിച്ച് മരണം വരെയും അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. ഇന്ത്യയുടെ സാമൂഹിക പുരോഗതിക്ക് ഹിന്ദു മുസ്ലിം ഐക്യം അനിവാര്യമാണെന്ന ആശയം സർ സയ്യിദ തന്റെ പ്രസംഗങ്ങളിൽ ആവർത്തിച്ച് പറഞ്ഞിരുന്നു.
മതപരമായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യയുടെ പൊതുസമൂഹത്തിൽ ഇരു വിഭാഗങ്ങൾക്കും പങ്കാളിത്തമുണ്ടെന്നും പരസ്പര സഹകരണം ദേശീയ പുരോഗതിക്ക് ആവശ്യമാണ് എന്നും അദ്ദേഹം വാദിച്ചു.
1883-ൽ പട്നയിൽ നടത്തിയതായി ഒരു പ്രസംഗത്തിൽ അദ്ദേഹം ഇന്ത്യയെ രണ്ടു കണ്ണുകളുള്ള വധുവിനോട് ഉപമിക്കുകയുണ്ടായി:
India is like a bride which has got two beautiful and lustrous eyes—Hindus and Mussulmans. If they quarrel against each other that beautiful bride will become ugly and if one destroys the other, she will lose one eye
(ഇന്ത്യ മനോഹരവും തിളക്കമാർന്നതുമായ രണ്ടു കണ്ണുകളുള്ള ഒരു വധുവിനെപ്പോലെയാണ്—ഹിന്ദുക്കളും മുസ്ലിംകളും. അവർ പരസ്പരം കലഹിച്ചാൽ ആ സുന്ദരിയായ വധുവിന്റെ സൗന്ദര്യം നഷ്ടപ്പെടും; ഒരാൾ മറ്റൊരാളെ നശിപ്പിച്ചാൽ അവൾക്ക് ഒരു കണ്ണ് നഷ്ടപ്പെടും).
ഈ ഉപമ മതപരമായ വൈവിധ്യത്തെ ദേശീയജീവിതത്തിന്റെ അവിഭാജ്യഘടകമായി കാണുന്ന അദ്ദേഹത്തിന്റെ സമീപനത്തെയാണ് വ്യക്തമാക്കുന്നത്.
ഹിന്ദു-മുസ്ലിം ബന്ധങ്ങൾ സഹവർത്തിത്വത്തിന്റെയും പൊതുപങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിൽ വികസിപ്പിക്കണമെന്ന സന്ദേശമാണ് അതിലൂടെ മുന്നോട്ടുവെക്കുന്നത്.
സർ സയ്യിദിന്റെ പ്രധാന കൃതികളും ബൗദ്ധിക സംഭാവനകളും
സർ സയ്യിദിന്റെ രചനകൾ ചരിത്രം, മതം, വിദ്യാഭ്യാസം, സാമൂഹിക പരിഷ്കരണം, മതാന്തര ബന്ധങ്ങൾ എന്നീ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നത്താണ്. ഉദാഹരണമായി, 1847-ൽ പ്രസിദ്ധീകരിച്ച ആസാർ-ഉസ്-സനാദീദ് (Asar-us-Sanadid) എന്ന കൃതി ഡൽഹിയിലെ ചരിത്രസ്മാരകങ്ങളെയും കെട്ടിടങ്ങളെയും സംബന്ധിച്ചുള്ളതാണ്.

ആസാർ-ഉസ്-സനാദീദ് എന്ന കൃതി
ഡൽഹിയുടെ ചരിത്രം അറിയുന്നതിനും ഡൽഹിയുടെ വാസ്തുവിദ്യാപരമായ പൈതൃകം മനസ്സിലാക്കുന്നതിനും ഈ കൃതി പ്രധാനമാണ്. അബുൽ ഫസൽ രചിച്ച ഐൻ-ഇ-അക്ബരി എന്ന കൃതിയെക്കുറിച്ചുള്ള സർ സയ്യിദിന്റെ ആഴമാർന്ന പഠനം അദ്ദേഹത്തിന്റെ ചരിത്രതാൽപര്യത്തെ വ്യക്തമാക്കുന്നതാണ്.
ഭൂതകാലത്തെക്കുറിച്ചുള്ള അറിവ് പ്രധാനമാണെങ്കിലും വർത്തമാന കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സമൂഹത്തെ മുന്നോട്ടു നയിക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ സമീപനവും ഈ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കാവുന്നതാണ്.
1857-ലെ കലാപത്തിന്റെ കാരണങ്ങൾ പരിശോധിക്കുന്ന അസ്ബാബ്-ഇ-ബഗാവത്ത്-ഇ-ഹിന്ദ് (Asbab-e-Baghawat-e-Hind) എന്ന കൃതി കൊളോണിയൽ ഭരണനയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നു. കലാപത്തെക്കുറിച്ചുള്ള ഇന്ത്യൻ കാഴ്ചപ്പാടിന്റെ ചരിത്രപരമായ രേഖയായും ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള ഇന്ത്യൻ പരാതികളുടെ വിശകലനമായും ഈ കൃതി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
1870-ൽ സർ സയ്യിദ് ആരംഭിച്ച തഹ്സീബ്-ഉൽ-അഖ്ലാഖ് (Tahzib-ul-Akhlaq)എന്ന പ്രസിദ്ധീകരണം മുസ്ലിം സമൂഹത്തിൽ ആധുനിക ബൗദ്ധികാവബോധവും സാമൂഹിക പരിഷ്കരണവും വളർത്തുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. വിദ്യാഭ്യാസം, ധാർമികത, സാമൂഹിക ആചാരങ്ങൾ, യുക്തിചിന്ത എന്നിവയെക്കുറിച്ചുള്ള സംവാദങ്ങൾക്ക് ഈ പ്രസിദ്ധീകരണം വേദിയൊരുക്കി.
തഫ്സീർ-ഉൽ-ഖുർആൻ (Tafsir-ul-Quran) എന്ന ഖുർആൻ വ്യാഖ്യാനം ഖുർആനെ യുക്തിപരമായി വ്യാഖ്യാനിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു. മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിൽ പ്രകൃതിനിയമങ്ങൾക്കും മനുഷ്യബുദ്ധിക്കും പ്രാധാന്യം നൽകിയ അദ്ദേഹത്തിന്റെ സമീപനം ഇതിൽ പ്രതിഫലിക്കുന്നു. ഈ വ്യാഖ്യാനരീതി പരമ്പരാഗത മതപണ്ഡിതന്മാരുമായി ആശയപരമായ തർക്കങ്ങൾക്കും കാരണമായി.
പ്രവാചകൻ മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെയും ഇസ്ലാമിനെയും സംബന്ധിച്ച് പാശ്ചാത്യലോകത്ത് ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി രചിക്കപ്പെട്ട കൃതിയാണ് ഖുത്ബാത്ത്-ഇ-അഹ്മദിയ (Khutbat-e-Ahmadiya).
മതപരമായ പ്രതിരോധവും ബൗദ്ധിക സംവാദവും ഒരുമിപ്പിച്ച രചനയായിരുന്നു ഇത്. സർ സയ്യിദിന്റെ രചനാപ്രവർത്തനം ഒരു പ്രത്യേക വിജ്ഞാനശാഖയിൽ ഒതുങ്ങുന്നതായിരുന്നില്ല. ചരിത്രരചന, മതവ്യാ ഖ്യാനം, സാമൂഹിക വിമർശനം, വിദ്യാഭ്യാസപരിഷ്കരണം, മതാന്തര പഠനം എന്നിവയെ ബന്ധിപ്പിക്കുന്ന വിശാലമായ ബൗദ്ധിക പദ്ധതിയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
വിമർശനങ്ങളും ചരിത്രപരമായ പരിമിതികളും
സർ സയ്യിദിന്റെ വിദ്യാഭ്യാസ-സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ വ്യാപകമായ സ്വാധീനം ചെലുത്തിയെങ്കിലും അവയ്ക്ക് എതിർപ്പുകള് ഏറെയായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ആധുനിക ശാസ്ത്രത്തിനും അദ്ദേഹം നൽകിയ പ്രാധാന്യം പരമ്പരാഗത മതപഠനത്തെ ദുർബലപ്പെടുത്തുമെന്ന് കരുതിയ ചില യാഥാസ്ഥിതിക വിഭാഗങ്ങൾ അദ്ദേഹത്തെ വിമർശിച്ചു.
ഖുർആന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം സ്വീകരിച്ച യുക്തിവാദപരമായ സമീപനവും മതപരമായ നവീകരണശ്രമങ്ങളും ചില മതപണ്ഡിതന്മാരുടെ കടുത്ത എതിർപ്പിന് കാരണമായി.
രാഷ്ട്രീയരംഗത്ത്, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ പ്രത്യേക ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. പ്രതിനിധി ഭരണസംവിധാനം ഇന്ത്യയിലെ മുസ്ലിംകളുടെ താൽപര്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് അദ്ദേഹത്തിന്റെ എതിർപ്പിന്റെ പ്രധാന പശ്ചാത്തലങ്ങളിലൊന്ന്.
ഈ നിലപാടിനെ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ വിദ്യാഭ്യാസപരമായ അസമത്വങ്ങളുടെയും രാഷ്ട്രീയ അധികാരബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്.
സമകാലിക പ്രസക്തി
സർ സയ്യിദിന്റെ വിദ്യാഭ്യാസ ദർശനത്തിന് സമകാലിക ഇന്ത്യയിൽ ഏറെ പ്രസക്തിയുണ്ട്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തൊഴിൽ നേട്ടത്തിൽ മാത്രം ഒതുങ്ങുന്നതല്ല; വ്യക്തിയുടെ ബൗദ്ധികവികാസം, സാമൂഹിക ഉത്തരവാദിത്വം, വിമർശനാത്മക ചിന്ത, ശാസ്ത്രീയ മനോഭാവം എന്നിവയും അതിന്റെ പ്രധാന ഘടകങ്ങളാണ്. വിദ്യാഭ്യാസത്തെ സാമൂഹിക പരിവർത്തനത്തിന്റെ ഉപാധിയായി കണ്ട അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഈ വിശാലമായ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.
ശാസ്ത്രീയ മനോഭാവത്തിന്റെ വളർച്ചയും അന്ധവിശ്വാസങ്ങളോടുള്ള വിമർശനാത്മക സമീപനവും ഇന്നും സാമൂഹിക പുരോഗതിക്ക് ആവശ്യമാണ്. വിവരങ്ങളുടെ പ്രചാരം വർധിച്ചിട്ടുണ്ടെങ്കിലും തെറ്റായ വിവരങ്ങളും മുൻവിധികളും സാമൂഹിക വിഭജനങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ തെളിവുകളെ അടിസ്ഥാനമാക്കി ചിന്തിക്കാനുള്ള ശേഷി വളർത്തേണ്ടതുണ്ട്.
ആധുനിക വിജ്ഞാനത്തെ സമൂഹത്തിന്റെ വിശാലമായ വിഭാഗങ്ങളിലേക്ക് എത്തിക്കാനുള്ള സർ സയ്യിദിന്റെ ശ്രമങ്ങൾ ഈ പശ്ചാത്തലത്തിൽ ഓർമിക്കപ്പെടേണ്ടതാണ്.
അതേപോലെ, മതപരവും ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത സർ സയ്യിദ് ദർശനത്തിന്റെ കാതലായ വശമാണ്. ഹിന്ദു-മുസ്ലിം ബന്ധങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പരസ്പര സഹകരണത്തിന്റെയും പൊതുപങ്കാളിത്തത്തിന്റെയും പ്രാധാന്യം ഓർമിപ്പിക്കുന്നു.
അലിഗഢ് പ്രസ്ഥാനത്തിന്റെ പൈതൃകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയിലോ അക്കാദമിക നേട്ടങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല. അറിവിനെ സാമൂഹിക മുന്നേറ്റവുമായി ബന്ധിപ്പിക്കുക, വിദ്യാഭ്യാസാവസരങ്ങൾ വികസിപ്പിക്കുക, യുക്തിചിന്തയെ പ്രോത്സാഹിപ്പിക്കുക, മതപരമായ വ്യത്യാസങ്ങൾക്കിടയിൽ സംവാദം സാധ്യമാക്കുക എന്നീ വിശാലമായ ലക്ഷ്യങ്ങളുമായി അതിനെ ബന്ധിപ്പിക്കാം.
ആധുനിക വിദ്യാഭ്യാസം, ശാസ്ത്രീയ മനോഭാവം, യുക്തിചിന്ത, മതചിന്തയുടെ പുനർവ്യാഖ്യാനം, സാമൂഹിക പരിഷ്കരണം എന്നിവയെ പരസ്പരം ബന്ധിപ്പിച്ച സമഗ്രമായ പദ്ധതിയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. സയന്റിഫിക് സൊസൈറ്റിയുടെ രൂപീകരണവും അലിഗഢ് പ്രസ്ഥാനത്തിന്റെ വളർച്ചയും അദ്ദേഹത്തിന്റെ ആശയങ്ങൾ സ്ഥാപനപരമായ രൂപം കൈവരിച്ചതിന്റെ തെളിവുകളാണ്.
അദ്ദേഹത്തിന്റെ പൈതൃകത്തെ അനുസ്മരിക്കുമ്പോൾ, ചരിത്രപരമായ മഹത്വത്തെ പ്രകീർത്തിക്കുന്നതിൽ മാത്രം ഒതുങ്ങരുത്. വിദ്യാഭ്യാസത്തിന്റെ സാമൂഹിക പ്രാധാന്യം തിരിച്ചറിയുക, അറിവിന്റെ വ്യാപനത്തിന് ഭാഷാപരമായ തടസ്സങ്ങൾ കുറയ്ക്കുക, യുക്തിചിന്തയും വിമർശനാത്മക സമീപനവും വളർത്തുക, മതാന്തര സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ അദ്ദേഹത്തിന്റെ ആശയങ്ങളെ സമകാലിക ജീവിതവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
സർ സയ്യിദിന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നത് വിദ്യാഭ്യാസം കേവലം അറിവ് സമ്പാദിക്കാനുള്ള പ്രക്രിയ മാത്രമല്ല, സമൂഹത്തിന്റെ ബൗദ്ധികവും ധാർമികവുമായ പരിവർത്തനത്തിനുള്ള ഉപാധികൂടിയാണെന്ന യാഥാർഥ്യമാണ്.
അറിവിനെ സാമൂഹിക പുരോഗതിയുമായി ബന്ധിപ്പിക്കുകയും യുക്തിചിന്തയിലൂടെ സമൂഹത്തെ മുന്നോട്ടു നയിക്കുകയും വൈവിധ്യങ്ങൾക്കിടയിൽ സഹവർത്തിത്വം വളർത്തുകയും ചെയ്യുന്നതിലാണ് അദ്ദേഹത്തിന്റെ ദർശനത്തിന്റെ കാലിക പ്രസക്തി നിലകൊള്ളുന്നത്.
Content Highlight:Sir Syed Ahmed Khan: The Architect of Educational Renaissance.
