തൂക്കുക എന്നൊക്കെ പറഞ്ഞാല്‍, വിസ്മയയുടെ ഒരേ തൂക്കിയടി. ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ കഴിയാത്തവിധം, മുറുക്കെ കെട്ടി നിര്‍ത്തിയിരിക്കുന്ന സിനിമ.
തുടക്കം മുതല്‍ തന്നെ സിനിമ നമ്മളെ അതിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ട്. പിന്നീടങ്ങോട്ട് പിടിവിടാതെ നമ്മളെ കൂടെകൂട്ടിയാണ് സിനിമ മുന്നേറുന്നത്.
ഏറെക്കുറെ പരിചിതമായ കഥാപരിസരങ്ങളും കഥാപാത്രങ്ങളും, എങ്കിലും മുഷിപ്പില്ലാതെ കണ്ടിരിക്കാന്‍ കഴിയുന്ന ചടുലതയിലേക്ക്, സാങ്കേതികപ്രവര്‍ത്തകരും അഭിനേതാക്കളും ചേര്‍ന്ന് സിനിമയെ എടുത്തുയര്‍ത്തിയിരിക്കുന്നു.
വിസ്മയ പലപ്പോഴും വിന്റേജ് മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നു. ഓരോ സീനിലും നമ്മളില്‍ ഒരു ഇഷ്ടം ഉണ്ടാക്കുന്നു. തുടക്കം മുതല്‍ അതിനെ നഷ്ടപ്പെടുത്താതെ, നമ്മളില്‍ കയറിക്കൂടുന്നു.
ഒരിറ്റു ഡയലോഗ് പോലും ഇല്ലാതെ ആശിഷ് ആന്റണി എന്ന ഐറ്റം ഉണ്ടാക്കിയ ഇമ്പാക്ട് – ഉജ്ജ്വലം എന്ന വാക്ക് അയാള്‍ക്കുമുന്നില്‍ ആയുധം വച്ച് കീഴടങ്ങുന്നു!
സിനിമ കണ്ടിറങ്ങുമ്പോള്‍, ഏതെങ്കിലും ഒരാള്‍ ഈ സിനിമയില്‍ ഇല്ലായിരുന്നെങ്കില്‍ എന്നു തോന്നുന്നുണ്ടെങ്കില്‍, അത് മോഹന്‍ലാലാണ്. ജീവിതത്തില്‍ തന്തയായത് പോരാ, സിനിമയിലും വിസ്മയയുടെ തന്ത ചമയാന്‍ വന്നിരിക്കുന്നു എന്നുതോന്നും.
ലാലേട്ടാ, നിങ്ങള്‍ ഇല്ലാതെ തന്നെ വിസ്മയ ഈ സിനിമയെ പൊലിപ്പിക്കുന്നുണ്ട്. വീണു പോകുമെന്ന് കരുതി, ഒരു താങ്ങായി വന്നതായിരിക്കും. എന്നാല്‍, നിങ്ങളുടെ തുണയില്ലാതെ തന്നെ വിസ്മയ ഈ സിനിമയെ തോളിലേറ്റുന്നുണ്ട്.
അതവരുടെ സിനിമയാണ്, അത് അവര്‍ക്ക് വിട്ടുകൊടുക്കുക, ദയവായി സഹായിക്കാതിരിക്കുക. ഇന്റര്‍വ്യൂവില്‍ ഇരുന്നത് പോലെ, എല്ലാം വിസ്മയക്ക് വിട്ടുകൊടുത്ത്, ഒരിടത്ത് മാറിനിന്നിരുന്നെങ്കില്‍, ഈ സിനിമക്ക് കുറച്ചൂടെ വിസ്മയം ഉണ്ടാകുമായിരുന്നു
Content Highlight: Shibu Gopalakrishnan Writeup about Thudakkam Movie