വനിതാ ഏഷ്യാകപ്പിലെ ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 40 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സിന് ബംഗ്ലാദേശിന് കളി അവസാനിപ്പിക്കേണ്ടി വന്നു.

ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് ഷെഫാലി വര്‍മയാണ്. അര്‍ധസെഞ്ച്വറി നേടിയാണ് താരം ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 40 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 64 റണ്‍സാണ് ഷെഫാലി സ്വന്തമാക്കിയത്. 160.00 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ താരമാകാനും ഷെഫാലിക്ക് സാധിച്ചു.

ഇതോടെ ഒരു കിടിലന്‍ റെക്കോഡാണ് ഷെഫാലി സ്വന്തമാക്കിയതും. ഇന്ത്യയ്ക്ക് വേണ്ടി വനിതാ ടി-20 ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ഷെഫാലിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയും സ്മൃതി മന്ഥാനയെയും ഉള്‍പ്പെടെ മറികടന്നാണ് ഷെഫാലി ഒന്നാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി വനിതാ ടി-20 ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താങ്ങള്‍

(താരം, റണ്‍സ്, ഇന്നിങ്‌സ്, സ്‌ട്രൈക്ക് റേറ്റ് എന്ന ക്രമത്തില്‍)

ഷഫാലി വര്‍മ – 593 – 20 – 151.67

സ്മൃതി മന്ദാന – 590 – 18 – 144.11

ഹര്‍മന്‍പ്രീത് കൗര്‍ – 465 – 18 – 128.09

ജെമീമ റോഡ്രിഗസ് – 345 – 16 – 132.69

റിച്ച ഘോഷ് – 231 – 17 – 140.85

ഷെഫാലിക്ക് പുറമെ 24 റണ്‍സ് നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും 21 റണ്‍സ് നേടി റിച്ചാ ഘോഷും മികവ് പുലര്‍ത്തി. അതേസമയം സമൃതി മന്ഥാനയ്ക്ക് (അഞ്ച് പന്തില്‍ രണ്ട്) തിളങ്ങാനായില്ല. ദീപ്തി ശര്‍മ 13 റണ്‍സെടുത്തു.

ബംഗ്ലാദേശിന് വേണ്ടി ബൗളിങ്ങില്‍ സുല്‍ത്താന ഖാത്തുന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മറൂഫ അക്തര്‍, നഹിദ അക്തര്‍, റബെയ ഖാത്തുന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബാറ്റിങ്ങില്‍ ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍ ഷോമ അക്തറാണ്. പുറത്താകാതെ 22 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ ദിലാര അക്തര്‍ 21 റണ്‍സും നേടി. മറ്റാര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല.

ദീപ്തി ശര്‍മ മൂന്നുവിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ കുന്തമുനയായി. നാലോവറില്‍ 26 റണ്‍സ് മാത്രമാണ് ദീപ്തി വഴങ്ങിയത്. താരത്തിന് പുറമെ നന്ദിനി ശര്‍മ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പ്രേമ റാവത്, ശ്രീ ചരണി എന്നിവര്‍ ഒരോ വിക്കറ്റും നേടി. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ശ്രീ ചരണി ബൗളിങ്ങില്‍ തിളങ്ങിയത്. ഇതോടെ അന്താരാഷ്ട്ര വനിതാ ടി-20യില്‍ 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു.

Content Highlight: Shefali Verma In Great Record Achievement For India In Women’s Asia Cup