അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സിന്റെ രണ്ടാമത്തെ ചിത്രമായ പ്രേമത്തിലെ ഗിരിരാജന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഷറഫിന്റെ നല്ല ‘നേരം’ തെളിഞ്ഞു. പിന്നീട് നിരവധി സിനിമകളില്‍ കോമഡി റോളുകളില്‍ തിളങ്ങിയ ഷറഫുദ്ദീന്‍ അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലൂടെ വില്ലന്‍ വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. നായകവേഷങ്ങളിലും ഷറഫുദ്ദീന്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനെക്കുറിച്ചും തുടരും സിനിമയുടെ വിജയത്തെക്കുറിച്ചും സംസാരിക്കുകയാണ് ഷറഫുദ്ദീന്‍. മോഹന്‍ലാലിന് എല്ലാകാലത്തും മലയാളത്തില്‍ ആരാധകരുണ്ടെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. സ്ലീപ്പര്‍ സെല്‍സ് എന്ന വാക്ക് ഇപ്പോഴാണ് താന്‍ കേള്‍ക്കുന്നതെന്നും എന്നാല്‍ അത്തരത്തില്‍ മോഹന്‍ലാലിന് എല്ലായിടത്തും ആരാധകരുണ്ടെന്ന് തനിക്ക് അറിയാമെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റെ സിനിമ നല്ലതാണെന്ന് കേട്ടാല്‍ വീട്ടില്‍ പ്രായമായി കിടക്കുന്ന മുത്തശ്ശിമാര്‍ വരെ തിയേറ്ററിലെത്തുമെന്ന് ഉറപ്പാണെന്നും അതാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നതെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുന്ന മക്കളോട് തിയേറ്ററില്‍ പോകാമെന്ന് അവര്‍ നിര്‍ബന്ധിക്കുമെന്നും കാലങ്ങളായി കാണുന്ന കാഴ്ചയാണ് ഇതെന്നും ഷറഫുദ്ദീന്‍ പറയുന്നു.
പുലിമുരുകന്‍ എന്ന സിനിമ പോലെ കേരളത്തില്‍ തരംഗമായ മറ്റൊരു സിനിമയില്ലെന്നും എല്ലാ പ്രായത്തിലുമുള്ളവര്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. ദൃശ്യം പോലെ സൈലന്റായി വന്ന സിനിമ കേരളത്തില്‍ ഉണ്ടാക്കിയ തരംഗം വലുതാണെന്നും ആ സിനിമക്ക് ടിക്കറ്റ് കിട്ടാന്‍ വല്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. കാര്‍ത്തിക് സൂര്യയോട് സംസാരിക്കുകയായിരുന്നു ഷറഫുദ്ദീന്‍.
‘ലാലേട്ടന് കേരളത്തില്‍ എല്ലാകാലത്തും ഫാന്‍സുണ്ടെന്ന് എനിക്ക് നേരത്തേ അറിയാവുന്ന കാര്യമാണ്. എല്ലാവരും പറയുന്ന സ്ലീപ്പര്‍ സെല്‍ എന്ന വാക്ക് ഇപ്പോള്‍ വന്നതാണ്. അതിന് മുന്നേ ലാലേട്ടന് ഇവിടെ വലിയൊരു ഫാന്‍ ബെയ്‌സുണ്ട്. ലാലേട്ടന്റെ പടം നല്ലതാണെന്ന് അറിഞ്ഞാല്‍ വീട്ടില്‍ പ്രായമായി കിടക്കുന്ന അമ്മൂമ്മ വരെ തിയേറ്ററിലെത്തുമെന്ന് ഉറപ്പാണ്.
പണിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുന്ന മോനോട് തിയേറ്ററില്‍ പോകാമെന്ന് അവര്‍ പറയും. അത് തുടരും സിനിമ മാത്രമല്ല, പുലിമുരുകനൊക്കെ വലിയ ഉദാഹരണമാണ്. എന്തൊരു ജനക്കൂട്ടമായിരുന്നു തിയേറ്ററില്‍. അതിനും മുന്നേ ദൃശ്യം. ആ സിനിമയൊക്കെ സൈലന്റായി വന്ന തരംഗമായി മാറിയ പടമാണ്. ദൃശ്യത്തിന് ടിക്കറ്റ് കിട്ടാന്‍ ഞാന്‍ പാടുപെട്ടിട്ടുണ്ട്,’ ഷറഫുദ്ദീന്‍ പറയുന്നു.
Content Highlight: Sharafudheen about Mohanlal’s influence in Malayali audience