Malayalam Cinema
കല്യാണം കഴിഞ്ഞിട്ട് 60 വർഷമായെന്നൊക്കെ ഇപ്പോൾ കേൾക്കാറുണ്ടോ? ശാന്തി കൃഷ്ണ
മലയാള, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ശാന്തി കൃഷ്ണ. 1976-ൽ പുറത്തിറങ്ങിയ ഹോമകുണ്ഡം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം, 1994-ൽ പുറത്തിറങ്ങിയ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല്, പിൻഗാമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവർ അവതരിപ്പിച്ചു.
2017-ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയ ശാന്തി കൃഷ്ണ പിന്നീട് കുട്ടനാടൻ മാർപ്പാപ്പ, അരവിന്ദന്റെ അതിഥികൾ, വിജയ് സൂപ്പറും പൗർണ്ണമിയും, മച്ചാന്റെ മാലാഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോഴിതാ മൂവി വേൾഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതക്കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് അവർ.

ശാന്തി കൃഷ്ണ. Photo. Screen grab/ Youtube
ഇന്ന് രണ്ടുപേർ തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് കടക്കുന്നതിന് മുൻപ് പരസ്പരം കൂടുതൽ മാനസിലാക്കാനായി ലിവ്-ഇൻ പോലുള്ള രീതികൾ സ്വാഭാവികമായി മാറിയിട്ടുണ്ട്. അന്ന് ഇങ്ങനെയൊരു അവസരം ഉണ്ടായിരുന്നെങ്കിൽ വിവാഹം തന്നെയാണോ തെരെഞ്ഞെടുക്കുക എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ശാന്തി കൃഷ്ണ.
‘ഇന്നത്തെ ദാമ്പത്യജീവിതം എടുത്തുനോക്കിയാൽ, കല്യാണം കഴിഞ്ഞിട്ട് 60 വർഷമായി എന്നൊക്കെ എവിടെയെങ്കിലും കേൾക്കാൻ പറ്റുന്നുണ്ടോ, പണ്ടൊക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം കല്യാണശേഷം വിദ്യാഭ്യാസപരമായും തൊഴിൽപരമായും ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞാൽ വീട്ടിൽത്തന്നെ ഇരിക്കണം, ജോലിക്ക് പോകാൻ പാടില്ല, പകരം വീട്ടുജോലികൾ ചെയ്ത് ഒതുങ്ങിക്കഴിയാനാണ് അവരെ പഠിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിവാഹശേഷം ഏത് സാഹചര്യത്തിലാണെങ്കിലും അതെല്ലാം സഹിച്ചു ജീവിക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നും അവർക്കുണ്ടായിരുന്നില്ല,’ ശാന്തി കൃഷ്ണ പറഞ്ഞു.
താൻ ജീവിച്ച കാലഘട്ടത്തിലെ സാഹചര്യങ്ങൾ ഇന്നത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമായതിനാൽ, അന്ന് വിവാഹത്തിന് പകരം ലിവ്-ഇൻ റിലേഷൻഷിപ്പ് എന്ന് പറയുന്നതൊക്കെ ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു എന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു.
‘ഇന്ന് സാഹചര്യങ്ങൾ വ്യത്യസ്തമാണ്. കല്യാണം കഴിക്കുന്നതിന് മുമ്പ് തന്നെ ആളുകൾ ഒരുമിച്ച് താമസിച്ച് പരസ്പരം കാര്യങ്ങൾ മാനസിലാക്കുന്നുണ്ട്. പണ്ടൊക്കെ ചെന്ന് എനിക്ക് കല്യാണം കഴിക്കാൻ താല്പര്യമില്ല, ലിവ്-ഇൻ റിലേഷൻഷിപ്പ് മതി എന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ കൊല്ലുമായിരിക്കും, അതുകൊണ്ടുതന്നെ നമ്മളൊക്കെ ജീവിച്ച കാലഘട്ടത്തിൽ കല്യാണം കഴിക്കുക എന്നത് മാത്രമായിരുന്നു ഏക വഴി. എന്നാൽ ഇന്ന് ലിവ്-ഇൻ പോലുള്ള ചിന്തകൾ വന്നത് സ്ത്രീകൾക്ക് അങ്ങനെയൊരു സ്വാതന്ത്ര്യം കിട്ടിയതുകൊണ്ടു കൂടിയാണ്,’ നടി പറഞ്ഞു.
സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ പലതരത്തിലുള്ള തർക്കങ്ങൾക്ക് വഴിവെക്കുന്ന അഭിപ്രായങ്ങൾ വന്നേക്കാമെങ്കിലും, ഇന്ന് ഒരു സ്ത്രീ ആയാലും പുരുഷൻ ആയാലും സ്വന്തം ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള വിട്ടുവീഴ്ചകൾക്ക് തയ്യാറാവില്ല എന്നും ശാന്തി കൃഷ്ണ വ്യക്തമാക്കി.
‘ഈ സ്വാതന്ത്ര്യത്തിന്റെ കാര്യം പറയുമ്പോൾ ആരാണ് ഈ സ്വാതന്ത്ര്യം നൽകുന്നത് എന്നൊക്കെ പറഞ്ഞ് ചിലർ തർക്കിക്കാൻ വന്നേക്കാം. ദൈവം ആണിനെയും പെണ്ണിനെയും ഒരുപോലെയല്ലേ സൃഷ്ടിച്ചത്, അപ്പോൾ പിന്നെ ആർക്കാണ് ഇവിടെ മേൽക്കോയ്മ ഉള്ളത്, ഇന്ന് പുറത്തുപോകാൻ ഞാൻ നിനക്ക് പെർമിഷൻ തരില്ല എന്ന് പറഞ്ഞാൽ, എനിക്ക് അനുവാദം തരാൻ നിങ്ങൾ ആരാണ്, എന്ന് പരസപരം തിരിച്ചുചോദിക്കും.
ആണായാലും പെണ്ണായാലും സ്വന്തം ജീവിതത്തെ മോശമായി ബാധിക്കുന്ന വിട്ടുവീഴ്ചകൾക്കൊന്നും ഇന്നവർ തയ്യാറല്ല. തങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ നടന്നാൽ ധൈര്യത്തോടെ അതിനെതിരെ സംസാരിക്കാൻ ഇന്ന് എല്ലാവരും തയ്യാറാണ്,’ ശാന്തി കൃഷ്ണ പറഞ്ഞു.

ശാന്തി കൃഷ്ണ. Photo. Screen grab/ Youtube
Content Highlight: Shanthi Krishna shares her thoughts on the difference between old and modern relationships
നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം