എന്റെ ശബ്ദം മാത്രം അവര്‍ക്ക് വേണം, അഭിനയിക്കാന്‍ വിളിക്കില്ല... മോഹന്‍ലാല്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ സിനിമക്ക് ഡബ്ബ് ചെയ്തത്: ഷമ്മി തിലകന്‍
Malayalam Cinema
എന്റെ ശബ്ദം മാത്രം അവര്‍ക്ക് വേണം, അഭിനയിക്കാന്‍ വിളിക്കില്ല... മോഹന്‍ലാല്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ സിനിമക്ക് ഡബ്ബ് ചെയ്തത്: ഷമ്മി തിലകന്‍
അമര്‍നാഥ് എം.
Thursday, 13th August 2026, 7:32 am

മലയാളസിനിമ ഇന്നും വേണ്ടരീതിയില്‍ ഉപയോഗിക്കാത്ത നടന്മാരിലൊരാളാണ് ഷമ്മി തിലകന്‍. അച്ഛന്റെ പേരില്‍ സിനിമയിലേക്കെത്തിയ ഷമ്മി തിലകന്‍ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച ഷമ്മി തിലകന്‍ പിന്നീട് ക്യാമറക്ക് മുന്നിലും പ്രേക്ഷകരെ പലപ്പോഴായി വിസ്മയിപ്പിച്ചു.

വില്ലനായും സഹനടനായും തിളങ്ങിയ ഷമ്മി തിലകന്‍ പിന്നീട് ക്യാരക്ടര്‍ റോളുകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ഷമ്മി തിലകന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മലയാളത്തിലെ ഐക്കോണിക് വില്ലന്മാരായ മുണ്ടക്കല്‍ ശേഖരന്‍ (ദേവാസുരം), ഹൈദര്‍ മരക്കാര്‍ (ധ്രുവം) എന്നീ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് ഷമ്മി തിലകനാണ്.

എന്നാല്‍ തന്നെ പലപ്പോഴും ഡബ്ബിങ്ങിന് മാത്രം വിളിക്കുന്നത് അത്ര ഇഷ്ടമല്ലാത്ത കാര്യമാണെന്ന് പറയുകയാണ് അദ്ദേഹം. അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തന്നെ അതിന് വിളിക്കാറില്ലെന്നും താത്പര്യമില്ലാതെ പലപ്പോഴും ഡബ്ബ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഷമ്മി തിലകന്‍ പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘താത്പര്യമില്ലാതെ ഡബ്ബ് ചെയ്യേണ്ടി വന്ന പടങ്ങളിലൊന്നാണ് ഒടിയന്‍. മോഹന്‍ലാല്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ പടത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തത്. ഒന്ന് ആലോചിച്ച് നോക്കൂ, ആ കഥാപാത്രം എന്ത് ഗംഭീരമാണെന്ന്. അതിന് എന്റെ ശബ്ദം വേണം, പക്ഷേ, എന്നെ അഭിനയിക്കാന്‍ വിളിക്കില്ല. എനിക്ക് ആ റോള്‍ തന്നാല്‍ എന്താണ് പ്രശ്‌നം? നമ്മളും ഈ കട തുറന്ന് ഇട്ടിരിക്കുന്നത് ജീവിക്കാനല്ലേ?

ഒടിയനില്‍ ആ ക്യാരക്ടറിന് ഡബ്ബ് ചെയ്തതിന് എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അത് വേറെ കാര്യം. സോ നമ്മുടെ ശബ്ദം മാത്രം ആവശ്യമുള്ള ചിലയാളുകളുണ്ട്. ഡബ്ബിങ്ങിന് വേണ്ടി മാത്രം പോകാന്‍ എനിക്ക് മടിയാണ്. അതുപോലെ, ഞാനാണ് ഡബ്ബ് ചെയ്തതെന്ന് അറിയിക്കുന്നത് എനിക്കിഷ്ടമില്ലാത്ത കാര്യമാണ്. അത് എന്തിനാണ് ആളുകളെ അറിയിക്കുന്നതെന്നാണ് എന്റെ ചോദ്യം,’ ഷമ്മി തിലകന്‍ പറയുന്നു.

ഡബ്ബിങ് ആര്‍ട്ടിസ്റ്റായി വിളിക്കുമ്പോള്‍ താനാണ് ഡബ്ബ് ചെയ്തതെന്ന് ക്രെഡിറ്റ് വെക്കരുതെന്ന് പലപ്പോഴും അതിന്റെ അണിയറപ്രവര്‍ത്തകരോട് പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ക്ക് അത് ഡബ്ബ് ചെയ്തതാണെന്ന തോന്നല്‍ വരാതിരിക്കുന്നതാണ് സിനിമയുടെ വിജയമെന്നും അവര്‍ക്ക് ഇതെല്ലാം റിയലായി തോന്നണമെന്നും ഷമ്മി തിലകന്‍ പറയുന്നു.

Content Highlight: Shammi Thilakan saying Mohanlal compelled him to dub for Odiyan movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം