മലയാളത്തില്‍ ഏറ്റവും ഫാന്‍ ബേസുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് ദൃശ്യം. സാധാരണ കുടുംബചിത്രമായി വന്ന് മലയാളസിനിമയില്‍ ചരിത്രമായി മാറിയ ദൃശ്യം ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായി. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ പൂര്‍ത്തിയാക്കിയ രണ്ടാം ഭാഗവും പാന്‍ ഇന്ത്യന്‍ ലെവലില്‍ സംസാരവിഷയമായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ മൂന്നാം ഭാഗവും ഈ വര്‍ഷം തിയേറ്ററുകളിലെത്തി.
ദൃശ്യം എന്ന ഫ്രാഞ്ചൈസിയുടെയും മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന്റെയും ബലത്തില്‍ ഗംഭീര കളക്ഷനാണ് ദൃശ്യം 3 നേടിയത്. ഈ വര്‍ഷത്തെ രണ്ടാമത്തെ 200 കോടി ദൃശ്യം 3 തങ്ങളുടെ പേരിലാക്കി. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ദൃശ്യം 3യിലെ പല ഭാഗങ്ങളും വിമര്‍ശനത്തിന് വിധേയമായിരുന്നു.
ദൃശ്യം 3 Photo: Theatrical poster
തിരക്കഥയിലെ ലോജിക്കില്ലായ്മയും കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതിയുമാണ് വിമര്‍ശിക്കപ്പെട്ടത്. ഒ.ടി.ടിയിലെത്തിയതോടെ വിമര്‍ശനങ്ങള്‍ പലതും ട്രോളായി മാറുകയാണ്. അതിലൊന്നാണ് കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്‍ എന്ന കഥാപാത്രം. ആദ്യഭാഗത്തില്‍ ഗംഭീര വില്ലനിസം കാണിച്ച സഹദേവന് രണ്ടാം ഭാഗത്തില്‍ പ്രാധാന്യമുണ്ടായിരുന്നില്ല. മൂന്നാം ഭാഗത്തില്‍ സഹദേവനുണ്ടെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ മറച്ചുവെക്കുകയും ചെയ്തു.
എന്നാല്‍ ദൃശ്യത്തിലേക്ക് തിരിച്ചെത്തിയ സഹദേവന് സിനിമയിലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും പല സീനും ട്രോളിന് ഇരയായി മാറി. സഹദേവന്‍ പഴയതിനെക്കാള്‍ ക്രൂരനാണെന്ന് കാണിക്കാന്‍ കണ്ണ് ചുവപ്പിച്ചത് തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ പലരും ട്രോളിയിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം ഇരട്ടി ട്രോളുകളാണ് ലഭിക്കുന്നത്.
സഹദേവന്റെ ലുക്കിനും ട്രോളുകളുണ്ട്. ഷെഫ് നളനാണോ എന്നാണ് പലരും സഹദേവന്റെ ലുക്ക് കണ്ടിട്ട് ചോദിക്കുന്നത്. കഥാപാത്രത്തിന് ഒട്ടും ചേരാത്ത രീതിയിലുള്ള താടിയും മീശയും സിനിമയുമായി സിങ്കാകുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇത്രയും ഹൈപ്പില്‍ കൊണ്ടുവന്ന സഹദേവന്റെ സീനുകള്‍ അവസാനിപ്പിച്ച രീതിയും ട്രോള്‍ മെറ്റീരിയലാണ്.
ജോര്‍ജുകുട്ടിയെ പൂട്ടാനായി അവിരയെ കിഡ്‌നാപ്പ് ചെയ്യുന്ന ക്ലൈമാക്‌സ് ട്വിസ്റ്റ് പലരിലും ചിരിയുണര്‍ത്തുന്നുണ്ട്. സഹദേവന്റെ വീട്ടിലെത്തുന്ന ജോര്‍ജുകുട്ടി അവിര എവിടെയെന്ന് ചോദിക്കുമ്പോള്‍ ‘എന്നെ കൊന്നാലും നിനക്ക് അവനെ കിട്ടില്ല’ എന്ന് വലിയ കാര്യത്തില്‍ സഹദേവന്‍ വെല്ലുവിളിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് ജോര്‍ജുകുട്ടി കത്തി കൊണ്ട് സഹദേവന്റെ ശരീരത്തില്‍ രണ്ട് കീറല്‍ വരുത്തുമ്പോഴേക്ക് ‘എന്നെ കൊല്ലല്ലേ ജോര്‍ജുകുട്ടി’ എന്ന് കരഞ്ഞ് നിലവിളിക്കുന്ന സഹദേവന്‍ ചിരി പടര്‍ത്തുകയായിരുന്നു.
ദൃശ്യം എന്ന ബ്രാന്‍ഡിന് പ്രേക്ഷകര്‍ക്കിടയിലുള്ള പോപ്പുലാരിറ്റി കൊണ്ട് മാത്രമാണ് മൂന്നാം ഭാഗം ഇത്രയധികം കളക്ഷന്‍ നേടിയത്. വിമര്‍ശനങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജീത്തു അടുത്ത ഭാഗം എടുക്കുമെന്നാണ് പലരുടെയും പ്രതീക്ഷ.
Content Highlight: Shajohn’s character in Drishyam 3 became troll material after OTT release