വി.സിക്കെതിരായ സമരം തുടരുമെന്ന് എസ്.എഫ്.ഐ; ആവശ്യമംഗീകരിച്ചു: കേരള സര്‍വകലാശാലയിലെ എല്‍.എല്‍.ബി സമരം താത്കാലികമായി അവസാനിപ്പിച്ചു
Kerala
വി.സിക്കെതിരായ സമരം തുടരുമെന്ന് എസ്.എഫ്.ഐ; ആവശ്യമംഗീകരിച്ചു: കേരള സര്‍വകലാശാലയിലെ എല്‍.എല്‍.ബി സമരം താത്കാലികമായി അവസാനിപ്പിച്ചു
അഞ്ജു ചന്ദ്രന്‍
Thursday, 20th August 2026, 8:09 am

തിരുവനന്തപുരം: എല്‍.എല്‍.ബി പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ ആരോപിച്ച് എസ്.എഫ്.ഐയും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും നടത്തിവരുന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു. ഇന്നലെ വൈകുന്നേരം സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

വിദ്യാര്‍ത്ഥികളുടെ നാല് പ്രധാനപ്പെട്ട ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് യൂണിവേഴ്‌സിറ്റി ഉറപ്പുനല്‍കി. ഇതേ തുടര്‍ന്ന് താത്കാലികമായി എല്‍.എല്‍.ബി സമരത്തില്‍ നിന്ന് പിന്‍മാറാന്‍ സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ വൈസ് ചാന്‍സ്‌ലര്‍ മോഹനന്‍ കുന്നുമ്മലിനെതിരായ സമരം തുടരുമെന്ന് എസ്.എഫ്.ഐ പറഞ്ഞു. എല്‍.എല്‍.ബി സമരത്തിനിടയിലും മോഹന്‍ കുന്നുമ്മലിനെ വിമര്‍ശിച്ചുകൊണ്ടുള്ള സമരമാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയത്. സംഘര്‍ഷ സാഹചര്യം ഒരുക്കാതെയുള്ള വ്യത്യസ്ത സമരമാണ് എസ്.എഫ്.ഐ സംഘടിപ്പിച്ചത്.

വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്ന ദിവസം പ്രതിഷേധം ശക്തമാക്കാനാണ് എസ്.എഫ്.ഐ ഒരുങ്ങുന്നത്.

എല്‍.എല്‍.ബി പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യ നിര്‍ണയത്തിലും പുനര്‍മൂല്യനിര്‍ണയം നിര്‍ത്തിവെച്ചതിലും പരീക്ഷാ ഫീസിലും ക്രമക്കേട് ആരോപിച്ചാണ് കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

വി.സി മോഹനന്‍ കുന്നുമ്മലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപടുകളും വന്ദേമാതരം പരാമര്‍ശത്തിലെ വിവാദവും ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്താമാക്കുമെന്ന് എസ്.എഫ്.ഐ പറഞ്ഞതായി റിപ്പോര്‍ട്ട്.

Content Highlights: SFI to continue protest against VC; demand met: LLB protest at Kerala University temporarily called off.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.