വലിയ ആവേശത്തോടെ ഇന്ന് (വ്യാഴം) തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത ഖലീഫ. സ്വര്‍ണക്കടത്തുകാരനായ മാമ്പറക്കല്‍ ആമിര്‍ അലിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലും കാമിയോ റോളിലെത്തുമെന്ന് അറിയിച്ചതോടെ വലിയ വരവേല്പായിരുന്നു ഖലീഫയ്ക്ക് ലഭിച്ചത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചു കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച് ഗ്രാന്റ് ഇവന്റാണ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, സംവിധായകന്‍ വൈശാഖ് അടക്കമുള്ളവര്‍ ഒന്നിച്ചെത്തിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തിരിക്കുന്നത്.
ഖലീഫ ദി ലെഗസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാമ്പറക്കല്‍ അഹമദ് അലിയെന്ന കഥാപാത്രത്തെ പശ്ചാത്തലമാക്കിയായിരിക്കും കഥ പറയുക. ഖലീഫ പാര്‍ട്ട് വണ്ണില്‍ ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡില്‍ മാത്രമാണ് മോഹന്‍ലാലിന്റെ കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. താരത്തോടൊപ്പം ടൊവിനോ തോമസ് സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ സര്‍പ്രൈസ് കാമിയോ ആയി എത്തിയിരുന്നു. ഇവരും മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന രണ്ടാം ഭാഗത്തില്‍ പ്രധാനവേഷത്തിലെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു.
കോഴിക്കോട് കൊടുവള്ളി പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സ്വര്‍ണ്ണക്കടത്തുകാരനായ മാമ്പറക്കല്‍ അഹമദ് അലിയായാണ് മോഹന്‍ലാല്‍ വേഷമിട്ടത്. ആദ്യ ദിനത്തില്‍ ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും വരാനിരിക്കുന്ന ദിവസങ്ങളില്‍ ചിത്രത്തിന് വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്.
Content Highlight: Second Part of Khalifa announced starring Mohanlal, Soubin Shahir and Tovino Thomas