റിയാദ്: ആഗോള വ്യാപകമായി ഭീതി വിതച്ച സിക്ക വൈറസിനെതിരെ സൗദി പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് രാജ്യത്തെമ്പാടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് ഫൈസല്‍ അല്‍-സഹരാനി പറഞ്ഞു.
രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരെയും നിരീക്ഷണ വിധേയമാക്കിയതിനു ശേഷമായിരിക്കും കടത്തിവിടുക. സൗദിയുടെ വിദേശ എംബസികള്‍ക്ക് സൗദി ഇതിനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. പ്രത്യേകിച്ച് തെക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും സൗദിയുടെ നയതന്ത്ര വിഭാഗങ്ങളോട് അതത് പ്രദേശങ്ങളില്‍ നിന്ന് യാത്രക്കാര്‍ സൗദിയിലേക്ക് വരുമ്പോള്‍ കൃത്യമായ നിരീക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സിക്ക ബാധിത രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കുള്ള യാത്രക്കാര്‍ കുറവാണെന്നും അവിടെ നിന്നും രാജ്യത്തേക്ക് നേരിട്ടുള്ള വിമാനങ്ങളില്ലെന്നും സഹരാനി പറഞ്ഞു.
പ്രതിരോധനടപടികളുടെ ഭാഗമായി സിക്ക വൈറസിനെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ആരോഗ്യ മന്ത്രാലയം ലഘുലേഖകളും കുറിപ്പുകളും രാജ്യത്തു വിതരണം ചെയ്തിട്ടുണ്ട്.
കൊതുകളില്‍ നിന്നു പരക്കുന്ന സീക്ക വൈറസ് അതിവേഗം രാജ്യങ്ങളില്‍ നിന്നു രാജ്യങ്ങളിലേക്കു പടരുകയാണ്. ലോകം അതി ഭീകരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ ഭീഷണിയുടെ നിഴലില്‍ തുടരുമ്പോഴും വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനിടെ സിക്ക വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു.
