മലയാള സിനിമയ്ക്ക് ജീവഗന്ധിയായ നിരവധി സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് സത്യൻ അന്തിക്കാട്. ടി.പി ബാലഗോപാലൻ എം.എ, നാടോടിക്കാറ്റ്, വരവേൽപ്പ്, പിൻഗാമി, സ്‌നേഹവീട്, എന്നും ഇപ്പോഴും, ഹൃദയപൂർവ്വം എന്നിവയാണ് സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ.
ഇപ്പോൾ മോഹൻലാൽ എന്ന നടന്റെ നടന വൈഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിച്ചിത്രത്താഴ് എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാലിന് വലിയൊരു ഡയലോഗ് പറയുന്ന സീൻ ഉണ്ടായിരുന്നുവെന്ന് ഫാസിൽ ഒരിക്കൽ എന്നോട് പറയുകയുണ്ടായി. ‘ഒന്നുകിൽ നകുലൻ, അല്ലെങ്കിൽ ഗംഗ… രണ്ടുപേരിൽ ഒരാൾ പോയേ പറ്റൂ’ എന്നതായിരുന്നു ആ ഡയലോഗ്. ക്യാമറയ്ക്ക് പിന്നിൽ നിന്ന് നിരീക്ഷിക്കുമ്പോൾ, ലാൽ ഡയലോഗുകൾക്കിടയിൽ വലിയ ഗ്യാപ് ഇടുന്നതായി ഫാസിലിന് തോന്നി. ഷോട്ട് കഴിഞ്ഞ ഉടൻ തന്നെ ഫാസിൽ മോഹൻലാലിനടുത്തേക്ക് ചെന്ന്, നമുക്ക് ഈ ഷോട്ട് ഒന്നുകൂടി എടുക്കാമെന്ന് പറഞ്ഞു.
‘എന്താണ് മിസ്റ്റേക്ക്? എന്ന് ലാൽ ചോദിച്ചപ്പോൾ, ഡയലോഗുകൾക്കിടയിൽ ഒരു വലിഞ്ഞുപോകൽ പോലെ തോന്നുന്നുണ്ടെന്ന് ഫാസിൽ പറഞ്ഞു. അപ്പോൾ ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘അതിനെന്താ, നമുക്ക് വീണ്ടും എടുക്കാം! എനിക്കറിയില്ല. പാച്ചൂക്ക (ഫാസിൽ) ആക്ഷൻ പറഞ്ഞത് മാത്രമേ എനിക്ക് ഓർമയുള്ളൂ. പിന്നെ കട്ട് പറഞ്ഞപ്പോഴാണ് ഞാൻ ആ കഥാപാത്രത്തിൽ നിന്ന് പുറത്തുവന്നത്.’ ഇതുകേട്ട ഫാസിൽ പിന്നീട് റീ-ടേക്ക് വേണ്ടെന്ന് തീരുമാനിച്ചു. ഓരോ നിമിഷവും ലാൽ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു എന്നാണ് ഫാസിൽ അതിനെക്കുറിച്ച് പറഞ്ഞത്.
ഏത് ജോലിയും ദീർഘകാലം ചെയ്താൽ മടുപ്പ് തോന്നാം, എന്നാൽ മോഹൻലാലിന് അങ്ങനെയല്ല. ‘ഹൃദയപൂർവ്വം’ എന്ന സിനിമയിൽ സന്ദീപ് ബാലകൃഷ്ണനായി അഭിനയിച്ചപ്പോഴും ഓരോ സീനിലും ഷോട്ടിലും ലാൽ കാണിച്ച കൃത്യതയുണ്ട്. നമ്മൾ ശ്രദ്ധിക്കാതെ വിട്ടുപോകുന്ന കാര്യങ്ങൾ പോലും ഷോട്ടിന്റെ സമയത്ത് പുള്ളി ഭംഗിയായി ചെയ്യും.
നമ്മൾ ഒരു സീൻ വിവരിച്ചു കൊടുത്തു കഴിഞ്ഞ് ക്യാമറ ഓൺ ആകുമ്പോഴേക്കും ലാൽ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായി മാറുകയാണ്. ഇത്രയധികം കഥാപാത്രങ്ങൾ ചെയ്തിട്ടും അദ്ദേഹത്തിന്റെ അഭിനയത്തിന് ഒരു കുറവും വന്നിട്ടില്ല. ‘ഫുട്ബോൾ കളി പോലെയാണ് അഭിനയം, കളിച്ചു കളിച്ചേ പഠിക്കാനാകൂ’ എന്ന് പുള്ളി പണ്ട് പറയാറുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അഭിനയിപ്പിച്ച് കൊതിതീരാത്ത നടനാണ് മോഹൻലാൽ’, സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight:Sathyan Anthikad says he never tires of working with Mohanlal