മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ആയതിന് ശേഷം ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് മാലികിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായ സന്തോഷ് രാമന്‍.

നിമിഷ നല്ലൊരു അഭിനേത്രിയാണെന്നാണ് സന്തോഷ് രാമന്‍ പറയുന്നത്, കൂടാതെ ചിത്രത്തില്‍ എല്ലാവരെയും എക്‌സൈറ്റ് ചെയ്യിപ്പിച്ച നിമിഷയുടെ സീനിനെക്കുറിച്ചും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പറഞ്ഞു.

‘നിമിഷയെ എനിക്ക് നല്ല ഇഷ്ടമാണ്. മകന്റെ മരണത്തിന് ശേഷം പള്ളിമുറ്റത്ത് വെച്ച് നിമിഷ കരയുന്ന സീന്‍ എന്നെ ഏറെ എക്‌സൈറ്റ് ചെയ്യിപ്പിച്ചിരുന്നു. ചാടിയുള്ള ആ കരച്ചില്‍ കണ്ടപ്പോള്‍ പെട്ടെന്ന് ഞങ്ങളെല്ലാവരും എക്‌സൈറ്റഡായി. നന്നായി നിരീക്ഷിക്കുന്ന ഒരാള്‍ക്കേ ഇത്തരത്തില്‍ ചെയ്യാന്‍ കഴിയൂ എന്നാണ് വിശ്വസിക്കുന്നത്,’ സന്തോഷ് പറഞ്ഞു.

ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്തത് സന്തോഷ് രാമനാണ്. ടേക്ക് ഓഫിന് വേണ്ടി ഇറാഖിലെ ഹോസ്പിറ്റല്‍ സെറ്റിട്ട് നിര്‍മ്മിച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ സന്തോഷ് പറഞ്ഞു.

‘ഇറാഖിലെ ഒരു വീടാണ് ഉണ്ടാക്കേണ്ടി വന്നിരുന്നതെങ്കില്‍ എനിക്ക് വലിയ ഔട്ട്പുട്ട് കിട്ടില്ലായിരുന്നു. എന്നാല്‍ ഒരു പബ്ലിക്ക് ഹോസ്പിറ്റലാണ് ടേക്ക് ഓഫിന് വേണ്ടി ഉണ്ടാക്കിയത്.

അതുകൊണ്ട് ആ നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ സ്വഭാവവും എനിക്ക് കൊണ്ടുവരാന്‍ പറ്റി. അത്രയും ശ്രദ്ധിച്ച് ചെയ്തതുകൊണ്ടാണ് ആ ഹോസ്പിറ്റലിന് അത്രയും ഫീല്‍ കിട്ടിയത്. തമ്മനത്തുള്ള ഒരു ഗോഡൗണിലാണ് ആ ഹോസ്പിറ്റല്‍ ചെയ്തത്,’ സന്തോഷ് രാമന്‍ പറയുന്നു.

മാലികിനുവേണ്ടി സെറ്റിട്ടതും ഏറെ ചലഞ്ചിങ് ആയിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. കടലില്ലാത്ത സ്ഥലത്താണ് മാലികിനുവേണ്ടി സെറ്റിട്ടതെന്ന് പറയുമ്പോള്‍ ചിലരൊന്നും അത് വിശ്വസിച്ചിരുന്നില്ല.

എന്നാല്‍ സത്യത്തില്‍ കടലില്ലാത്ത സ്ഥലത്താണ് കടല്‍ത്തീരം ഒരുക്കിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ജലജ, ഇന്ദ്രന്‍സ്, മീനാക്ഷി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Santhosh Raman says about Nimisha Sajayan