ബെംഗളൂരു: കലിപ്പടക്കാതെ, കപ്പടിക്കാതെ ഐ.എസ്.എല്‍ നാലാം സീസണിലെ പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് മടങ്ങിയിരിക്കുകയാണ്. സീസണിലെ അവസാന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഒന്നാം നമ്പര്‍ ടീമായ ബെംഗളൂരു എഫ്.സിയോട് പരാജയപ്പെട്ടാണ് കേരളത്തിന്റെ കൊമ്പന്മാര്‍ മടങ്ങിയത്.

വിജയിച്ചാലും സെമി പ്രവേശനം ഉറപ്പാല്ലാത്ത മത്സരമായിരുന്നിട്ടും ബെംഗളൂരുവിലെ ശ്രീ കണ്ഡീരവ സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കി ആരവം തീര്‍ത്ത കേരളത്തിന്റെ ആരാധകര്‍ ഗ്യാലറിയില്‍ ഉണ്ടായിരുന്നു. മറ്റൊരു ടീമിനം എവേ മത്സരത്തില്‍ ലഭിക്കാത്ത പിന്തുണ ലഭിക്കുന്ന കേരളത്തിനു ടൂര്‍ണ്ണമെന്റില്‍ നിന്നു പുറത്താകുമെന്ന് ഉറപ്പുള്ള മത്സരത്തിലും ലഭിച്ച ആരാധക പിന്തുണ എതിര്‍ ടീമിനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.

ഇത്രയേറെ പിന്തുണ ലഭിച്ചിട്ടും ആരാധകരെ തൃപ്തിപ്പെടുത്താതെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പടിയിറക്കമെന്നത് താരങ്ങളെയും മാനേജ്‌മെന്റിനെയും ഒരുപോലെ അലട്ടുന്ന കാര്യമാണ്. മത്സരത്തിലെ തോല്‍വിക്ക് ശേഷം മഞ്ഞപ്പടയുടെ ആരാധകരോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്തേഷ് ജിങ്കന്‍.

“ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ജയിക്കണമയിരുന്നു. ആരാധകര്‍ക്ക് വേണ്ടി ആ 3 പോയിന്റ് ഞങ്ങള്‍ക്ക് സ്വന്തമാക്കണമായിരുന്നു. ആരാധകരുടെ ഭാഗത്തു നിന്നും കിട്ടിയ പിന്തുണ വിലമതിക്കാനാകാത്തതാണ്. അവര്‍ ആ ജയം അര്‍ഹിച്ചിരുന്നു. അവരെ നിരാശരാക്കിയതില്‍ വിഷമമുണ്ട്. കൂടാതെ സൂപ്പര്‍കപ്പിലേക്കുള്ള യോഗ്യതയ്ക്കും ആ ജയം അനിവാര്യമായിരുന്നു” ജിങ്കന്‍ പറഞ്ഞു.

കളിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും മുതലെടുക്കാന്‍ തങ്ങള്‍ക്കായില്ലെന്നു തുറന്നു പറഞ്ഞ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ഫുട്‌ബോള്‍ അങ്ങിനെയാണല്ലോയെന്നും പറഞ്ഞു. “കളിയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ അത് വിലപ്പെട്ട നമ്മളുടെ 3 പോയന്റുകളാണ് തട്ടിയെടുക്കുക. എന്തായാലും ഇനി സൂപ്പര്‍കപ്പിലേക്കുള്ള പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ് ലക്ഷ്യം” ജിങ്കന്‍ കൂട്ടിച്ചേര്‍ത്തു.