2026 ഐ.സി.സി ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

സെമി ഫൈനലിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഫൈനലിലും കളത്തിലിറക്കിയത്. സഞ്ജു സാംസണൊപ്പം അഭിഷേക് ശര്‍മ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു.

സ്‌ട്രൈക്കിലുള്ള സഞ്ജുവിനെതിരെ മാറ്റ് ഹെന്‌റിയാണ് ആദ്യ ഓവര്‍ എറിയാനെത്തിയത്. ഓവറിലെ ആദ്യ നാല് പന്തിലും റണ്‍സെടുക്കാതെ ഡിഫന്‍ഡ് ചെയ്ത സഞ്ജു, അഞ്ചാം പന്ത് മിഡ് ഓണിന് മുകളിലൂടെ ഗ്യാലറിയിലെത്തിച്ചു.

ഈ സിക്‌സറിന് പിന്നാലെ ഒരു റെക്കോഡും സഞ്ജു സ്വന്തമാക്കി. ടി-20 ലോകകപ്പിലെ ആദ്യ ഓവറുകളില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. നാല് തവണയാണ് സഞ്ജു ആദ്യ ഓവറുകളില്‍ സിക്‌സര്‍ നേടിയത്.

ടി-20 ലോകകപ്പ് മത്സരത്തിലെ ആദ്യ ഓവറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ പന്തുകള്‍)

സഞ്ജു സാംസണ്‍ – ഇന്ത്യ – 4 (21)

ഫില്‍ സാള്‍ട്ട് – ഇംഗ്ലണ്ട് – 3 (40)

റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – 3 (65)

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 3 (77)

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 3 (111)

സഞ്ജു സാസംണ്‍ നേടിയ നാല് സിക്‌സറുകളും ഈ ലോകകപ്പില്‍ തന്നെയാണ് എന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തില്‍ എട്ട് തവണ മാത്രമാണ് ആദ്യ ഓവറില്‍ സിക്‌സര്‍ പിറന്നിട്ടുള്ളത്. ഇതില്‍ നാലും സഞ്ജുവിന്റെ ബാറ്റില്‍ നിന്നുതന്നെയാണ് പിറന്നത്.

ടി-20 ലോകകപ്പില്‍ ആദ്യ ഓവറില്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരം

(താരം – എതിരാളികള്‍ – ബൗളര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

യൂസുഫ് പത്താന്‍ – പാകിസ്ഥാന്‍ – മുഹമ്മദ് ആസിഫ് – 2007

മുരളി വിജയ് – അഫ്ഗാനിസ്ഥാന്‍ – ദാവ്‌ലത് അഹ്‌മദ്‌സായ് – 2010

രോഹിത് ശര്‍മ – പാകിസ്ഥാന്‍ – ഷഹീന്‍ ഷാ അഫ്രികി – 2024

ഇഷാന്‍ കിഷന്‍ – യു.എസ്.എ – സൗരഭ് നേത്രാവല്‍ക്കര്‍ – 2026

സഞ്ജു സാംസണ്‍ – നമീബിയ – റൂബന്‍ ട്രംപല്‍മാന്‍ – 2026

സഞ്ജു സാംസണ്‍ – സിംബാബ്‌വേ – റിച്ചാര്‍ഡ് എന്‍ഗരാവ – 2026

സഞ്ജു സാംസണ്‍ – ഇംഗ്ലണ്ട് – ജോഫ്രാ ആര്‍ച്ചര്‍ – 2026

സഞ്ജു സാംസണ്‍ – ന്യൂസിലാന്‍ഡ് – മാറ്റ് ഹെന്‌റി – 2026

അതേസമയം, പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 92 എന്ന നിലയിലാണ് ഇന്ത്യ. 18 പന്തില്‍ 51 റണ്‍സുമായി അഭിഷേക് ശര്‍മയും 17 പന്തില്‍ 33 റണ്‍സുമായി സഞ്ജു സാംസണും ക്രീസില്‍ തുടരുകയാണ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജ,സ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍),ജെയിംസ് നീഷം, മാറ്റ് ഹെന്‌റി, ലോക്കി ഫെര്‍ഗൂസണ്‍, ജേകബ് ഡഫി.

 

Content Highlight: Sanju Samson tops the list of batters hitting six in 1st over of a T20WC match