കേരളത്തിലെ താരങ്ങള്‍ എങ്ങനെയുണ്ടെന്ന് എല്ലാവരും ചോദിക്കാറുണ്ട്: സഞ്ജു സാംസണ്‍
Cricket
കേരളത്തിലെ താരങ്ങള്‍ എങ്ങനെയുണ്ടെന്ന് എല്ലാവരും ചോദിക്കാറുണ്ട്: സഞ്ജു സാംസണ്‍
സുദേവ് എ
Friday, 14th August 2026, 1:19 pm

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിനായുള്ള കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഈ സീസണില്‍ കളിക്കുന്നില്ല. ടൂര്‍ണമെന്റിന്റെ ഐക്കണായാണ് സഞ്ജു ഇത്തവണ എത്തുന്നത്.

ഇപ്പോള്‍ കെ.സി.എല്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന താരങ്ങള്‍ക്ക് എങ്ങനെ സഹായകമാവുന്നുവെന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. കേരള ക്രിക്കറ്റ് ലീഗിലൂടെ മികച്ച ടാലന്റുകള്‍ പുറത്തുവരുന്നുവേന്നാണ് സഞ്ജു പറഞ്ഞത്. നാട്ടിലുള്ള താരങ്ങള്‍ എങ്ങനെയുണ്ടെന്ന് ആളുകള്‍ തന്നോട് ചോദിക്കാറുണ്ടെന്നും സഞ്ജു വ്യക്തമാക്കി. മീഡിയ വണ്‍ സ്പോര്‍ട്സിലൂടെ സംസാരിക്കുകയായിരുന്നു സഞ്ജു.

‘ഉറപ്പായും, കഴിഞ്ഞ വര്‍ഷം തന്നെ കുറച്ചുകൂടി നല്ല ആളുകള്‍ ട്രെയല്‍സില്‍ പോവുകയും. കുറെ ആളുകള്‍ കണ്ണുവെക്കുന്നുണ്ടായിരുന്നു കെ.സി.എല്ലിനെയും കെ.സി.എല്ലില്‍ കളിക്കുന്ന പ്ലെയേഴ്സിനെയും. ഇത് വലിയൊരു ഫ്‌ലാറ്റ്‌ഫോം തന്നെയാണ്. കുറെ ആളുകള്‍ കാണുന്നുണ്ട്. കേരള ക്രിക്കറ്റിന്റെ ടാലന്റ് നല്ല രീതിയില്‍ പുറത്ത് വരുന്നുണ്ട്.

നേരത്തെ ആണെങ്കില്‍ മുഷ്താഖ് അലി ടൂര്‍ണമെന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ 10 കണ്ടിന്യൂസായി മാച്ചസും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ടെലികാസ്റ്റും ചെയ്യുന്നത് വലിയ വിഷയം തന്നെയാണ്.

വലിയൊരു പോസിറ്റീവ് എഡിഷനായിട്ടാണ് ഞാന്‍ കെ.സി.എല്ലിനെ കാണുന്നത്. കാരണം നേരത്തെ ഒരു 15 പ്ലയേഴ്സിനെ കേരളത്തെ റെപ്രെസെന്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അപ്പോഴെ ഒരു സക്‌സസ് എല്ലാവരും ഫീല്‍ ചെയ്യുന്നുണ്ടായിരുന്നത്.

ഇപ്പോള്‍ ഒരു 80-100 താരങ്ങള്‍ ഇത്ര വലിയ പ്ലാറ്റ്‌ഫോമില്‍ വരുകയും അവരുടെ കുടുംബം അതില്‍ അറ്റാച്ച് ആവുകയും അവരെ ലൈവായി ടിവിയില്‍ കാണുന്നതും ഇതിലൂടെ അവരുടെ എല്ലാവരുടെയും ഒരു ഡ്രീമായി മാറിക്കൊണ്ടിരിക്കുകയാണ് കെ.സി.എല്‍. അതില്‍ ഭയങ്കര സന്തോഷമുണ്ട്.

എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടമുള്ള ഒരു സ്ഥലം തന്നെയാണ് കേരള ക്രിക്കറ്റ്. അപ്പോള്‍ അവിടെത്തെ ക്രിക്കറ്റേഴ്‌സിനോടുള്ള ടാലന്റും പൊട്ടന്‍ഷ്യലും ഭയങ്കര ഹൈയാണ്. നാട്ടിലെ പ്ലെയേഴ്‌സ് എങ്ങനെയാണെന്ന് എല്ലാവരും ചോദിക്കാറുണ്ട്,’ സഞ്ജു സാംസണ്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇതിനോടകം തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ടി-20 ലീഗുകള്‍ നടക്കുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ലീഗുകള്‍ ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ കഴിവുള്ള യുവതാരങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിക്കൊണ്ട് പുത്തന്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനും ഈ ടൂര്‍ണമെന്റ് സഹായകമാകും.

 

Content Highlight: Sanju Samson talks about Kerala cricket league and Kerala cricket players

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.