അദ്ദേഹത്തിന്റെ മുഖം വെട്ടിയെടുത്ത് ഞാന്‍ ഡയറിയില്‍ ഒട്ടിച്ചിരുന്നു: സഞ്ജു സാംസണ്‍
Cricket
അദ്ദേഹത്തിന്റെ മുഖം വെട്ടിയെടുത്ത് ഞാന്‍ ഡയറിയില്‍ ഒട്ടിച്ചിരുന്നു: സഞ്ജു സാംസണ്‍
Sudev A
Monday, 11th May 2026, 8:14 pm

ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ്. ധോണിയോടുള്ള ആരാധനയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ താന്‍ ധോണിയുടെ ആരാധകനായിരുന്നുവെന്നാണ് സഞ്ജു പറയുന്നത്. പാകിസ്ഥാനെതിരെ ധോണി നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയെക്കുറിച്ചും സഞ്ജു സംസാരിച്ചു. ധോണിയുടെ മുഖമുള്ള സ്റ്റിക്കര്‍ കട്ട് ചെയ്ത് ഡയറിയില്‍ ഒട്ടിച്ചത് ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും സഞ്ജു വ്യക്തമാക്കി. സി.എസ്.കെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മലയാളി താരം.

‘ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുന്ന സമയത്ത് നീളന്‍ മുടിയുള്ള ഒരു താരം ഇന്ത്യക്കായി കളിക്കാനിറങ്ങിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ പെട്ടെന്ന് തന്നെ പുറത്താവുകയും എന്നാല്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടുകയും ചെയ്തു. 183 റണ്‍സ് അടക്കം ഒരുപാട് വലിയ സ്‌കോറുകള്‍ നേടി. അന്ന് മുതല്‍ ഞാന്‍ ധോണിയുടെ ആരാധകനാണ്. എല്ലായിടത്തും ധോണിയുടെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. പരസ്യങ്ങളിലും മീഡിയകളിലും പോസ്റ്ററുകളിലെല്ലാം ധോണിയാണ് ഉണ്ടായിരുന്നത്. അന്ന് ബൂസ്റ്റിന്റെ പരസ്യത്തില്‍ ധോണി അഭിനയിച്ചിരുന്നു. വീട്ടില്‍ ബൂസ്റ്റ് വാങ്ങാറുണ്ട്. ആ ബൂസ്റ്റിന്റെ കുപ്പിയില്‍ ധോണിയുടെ സ്റ്റിക്കറും ഉണ്ടായിരുന്നു. അതില്‍ മഹിഭായിയുടെ മുഖം വെട്ടിയെടുത്ത് എന്റെ ഡയറിയില്‍ ഒട്ടിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്,’ സഞ്ജു സാംസണ്‍ പറഞ്ഞു.

സഞ്ജു സാംസണും എം.എസ് ധോണിയും. Photo: CricketAdicctor

സഞ്ജു തന്റെ സ്വപ്നം ഇപ്പോള്‍ സാക്ഷാത്ക്കരിച്ചിരിക്കുകയാണ്. തന്റെ ആരാധനാപാത്രമായ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് സഞ്ജു. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഈ സീസണിലാണ് സഞ്ജു ചെന്നൈയിലേക്ക് കൂടുമാറിയത്. എന്നാല്‍ ധോണിക്കൊപ്പം ഇതുവരെ മഞ്ഞക്കുപ്പായത്തില്‍ ഒരുമിച്ച് കളിക്കാനുള്ള ഭാഗ്യം സഞ്ജുവിന് ലഭിച്ചിട്ടില്ല. പരിക്കേറ്റ ധോണിക്ക് ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സാധിച്ചിട്ടില്ല.

ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മിന്നും ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു നേടിയിട്ടുണ്ട്. ആദ്യ സെഞ്ച്വറി ദല്‍ഹിക്കെതിരെയായിരുന്നു താരം നേടിയത്. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്.

മുംബൈക്കെതിരെയാണ് സഞ്ജു ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്. ദല്‍ഹിക്കെതിരെയുള്ള രണ്ടാം മത്സരത്തിലാണ് സഞ്ജു അര്‍ധ സെഞ്ച്വറി നേടിയത്. 52 പന്തില്‍ പുറത്താവാതെ 87 റണ്‍സാണ് സഞ്ജു ക്യാപിറ്റല്‍സിനെതിരെ നേടിയത്.

അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ചെന്നൈ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരുന്നു. ജയത്തോടെ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കാണ് ചെന്നൈ കുതിച്ചത്. മെയ് 15ന് ലഖ്നൗവിനെതിരെ തന്നെയാണ് സി.എസ്.കെയുടെ അടുത്ത മത്സരം. എല്‍.എസ്.ജിയുടെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് മുന്നേറാനാവും.

Content Highlight: Sanju Samson talks about his admiration of ms dhoni

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.